ഏഴ് മുന്‍നിര നഗരങ്ങളില്‍ ഭവന വില്‍പ്പന വര്‍ധിക്കുന്നു

  • പ്രധാന നഗരങ്ങളില്‍ ഈ വര്‍ഷം ഭവന വില്‍പ്പന 4.5 ലക്ഷം കോടിയിലെത്തും
  • ഭവന വില്‍പ്പന മൂല്യം 2022 ലെ മൊത്തത്തിലുള്ളതിനേക്കാള്‍ കൂടുതല്‍
  • റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് അനറോക്ക് ആണ് കണക്കുകള്‍ പുറത്തുവിട്ടത്

Update: 2023-12-14 16:50 GMT

രാജ്യത്തെ ഏഴ് മുന്‍നിര നഗരങ്ങളില്‍ ഈ വര്‍ഷം ഭവന വില്‍പ്പന 38 ശതമാനം വര്‍ധിച്ചേക്കുമെന്ന് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് അനറോക്ക് .ആഡംബര ഭവനങ്ങള്‍ക്കായുള്ള കൂടുതല്‍ ഡിമാന്‍ഡും ഉയരുന്ന വിലകളും കാരണമാണ് ഇതെന്നാണ് വിലയിരുത്തല്‍. ഏഴ് പ്രധാന നഗരങ്ങളില്‍ ഈ വര്‍ഷം ഭവന വില്‍പ്പന 4.5 ലക്ഷം കോടി രൂപയിലെത്തുമെന്ന് കണക്കാക്കപ്പെടുന്നതായും അനറോക്ക് വിശദീകരിക്കുന്നു.

2022 കലണ്ടര്‍ വര്‍ഷത്തില്‍ ഡെല്‍ഹി-എന്‍സിആര്‍, മുംബൈ മെട്രോപൊളിറ്റന്‍ മേഖല (എംഎംആര്‍), കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ 3,26,877 കോടി രൂപയായുടേതായിരുന്നു വില്‍പ്പന.

ഈ കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ പ്രൈമറി മാര്‍ക്കറ്റില്‍ വിറ്റ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ മൂല്യം 2022ലെ മൊത്തം മൂല്യത്തേക്കാള്‍ 7 ശതമാനം വര്‍ധിച്ച് 3,48,776 കോടി രൂപയില്‍ എത്തിയതായി കണക്കുകള്‍ പറയുന്നു.

''ആദ്യ ഒമ്പത് മാസങ്ങളിലെ ഭവന വില്‍പ്പന മൂല്യം 2022 ലെ മൊത്തത്തിലുള്ളതിനേക്കാള്‍ കൂടുതലാണ് എന്നത് ഈ വര്‍ഷം പ്രീമിയം ആഡംബര വീടുകളുടെ വര്‍ധിച്ച ഡിമാന്‍ഡിനെ പ്രതിഫലിപ്പിക്കുന്നു. ഈ വര്‍ഷം നഗരങ്ങള്‍ 8-18 ശതമാനം വരെ ഉയര്‍ന്നു',അനാറോക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ അനുജ് പുരി പറഞ്ഞു.

2023 ജനുവരി-മാര്‍ച്ച് പാദത്തില്‍ 1,12,976 കോടി രൂപയുടെ വീടുകള്‍ ആദ്യ ഏഴ് നഗരങ്ങളില്‍ വിറ്റു. രണ്ടാം പാദത്തില്‍ ഒരു ശതമാനം വര്‍ധനയുണ്ടായി, മൂന്നാം പാദത്തില്‍ 8 ശതമാനം കുതിച്ചുചാട്ടം ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പാദത്തില്‍ വിപണികളില്‍ ഉടനീളം വില്‍പ്പന ശക്തമാണ്. അതിനാല്‍, 2023 അവസാനത്തോടെ മൊത്തം ഭവന വില്‍പ്പന മൂല്യം 4.5 ലക്ഷം കോടി കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി പുരി പറയുന്നു.

വോളിയത്തിന്റെ കാര്യത്തില്‍, 2023 ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ 3.49 ലക്ഷം യൂണിറ്റുകള്‍ ആദ്യ 7 നഗരങ്ങളില്‍ വിറ്റഴിക്കപ്പെട്ടതായി അനറോക്ക് പറഞ്ഞു. 2022ല്‍ മൊത്തം 3.65 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം 4.5 ലക്ഷം യൂണിറ്റുകള്‍ കടക്കാനാണ് ലക്ഷ്യമിടുന്നത്.

അനറോക്ക് കണക്കുകള്‍ പ്രകാരം, 2023 ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ പൂനെ മൊത്തം വില്‍പ്പന മൂല്യത്തില്‍ 96 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി . 39,945 കോടിയുടെ വില്‍പ്പനയാണ് ഇവിടെ നടന്നത്.

ചെന്നൈയില്‍ ഭവന വില്‍പന 45 ശതമാനം വര്‍ധിച്ച് 7,825 കോടിയില്‍ നിന്ന് 11,374 കോടി രൂപയായപ്പോള്‍ ഹൈദരാബാദില്‍ 25,001 കോടി രൂപയില്‍ നിന്ന് 43 ശതമാനം ഉയര്‍ന്ന് 35,802 കോടി രൂപയായി. ബെംഗളൂരുവിലെ ഭവന വില്‍പ്പന 42 ശതമാനം ഉയര്‍ന്ന് 27,045 കോടി രൂപയില്‍ നിന്ന് 38,517 കോടി രൂപയായി.

മുംബൈ മെട്രോപോളിറ്റനില്‍ 41 ശതമാനം നേട്ടമാണ് ഉണ്ടായത്. ഡെല്‍ഹി-എന്‍സിആര്‍ വിപണി 29 ശതമാനം വര്‍ധിച്ച് 38,895 കോടി രൂപയില്‍ നിന്ന് 50,188 കോടി രൂപയാകുകയും ചെയ്തു.

ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ കൊല്‍ക്കത്തയിലെ ഭവന വില്‍പ്പന 19 ശതമാനം ഉയര്‍ന്ന് 9,025 കോടി രൂപയായി. മുന്‍വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 7,612 കോടി രൂപയായിരുന്നു.

Tags:    

Similar News