H1 2023: താങ്ങാവുന്ന വിലയിലെ ഭവന വില്‍പ്പനയില്‍ 18% ഇടിവ്

  • 7 മുഖ്യ നഗരങ്ങളിലെയും വില്‍പ്പനയില്‍ ഇടിവ്
  • മൊത്തം ഭവന വില്‍പ്പനയില്‍ ഉയര്‍ച്ച
  • ഭൂമി വിലയും പലിശ നിരക്കും വില്‍പ്പനയെ ബാധിച്ചു

Update: 2023-07-23 10:25 GMT

2023 ജനുവരി- ജൂണ്‍ കാലയളവില്‍, രാജ്യത്തെ 7 മുഖ്യ നഗരങ്ങളിലെ അഫോഡബിള്‍ വിഭാഗത്തിലുള്ള ഭവന വില്‍പ്പന (40 ലക്ഷം രൂപയ്ക്കു താഴെ)  18 ശതമാനം ഇടിഞ്ഞുവെന്ന് റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ് അനറോക്കിന്റെ റിപ്പോർട്ട്. വിതരണത്തിലെ അപര്യാപ്തതയും വിലകളിലെ ഉയര്‍ച്ചയും കാരണം 46,650 യൂണിറ്റുകളിലേക്ക് ഈ വിഭാഗത്തിലെ വില്‍പ്പന താഴ്ന്നു. 

അഫോഡബിള്‍ ഭവനങ്ങളുടെ വിൽപ്പന മുൻവർഷം ഇതേ കാലയളവിൽ 57,060 യൂണിറ്റായിരുന്നു. മൊത്തത്തിലുള്ള ഭവന വിൽപ്പനയിൽ അഫോഡബിള്‍ ഭവനങ്ങളുടെ വിഹിതം മുൻവർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്ന 31 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞു. ഈ വർഷം ജനുവരി-ജൂൺ കാലയളവിൽ ഈ 7 നഗരങ്ങളിലെ മൊത്തം ഭവന വിൽപ്പന 2,28,860 യൂണിറ്റുകളായി ഉയർന്നുവെന്നും അനറോക്ക് റിപ്പോര്‍ട്ട് പറയുന്നു. 

കൊവിഡ് മഹാമാരി മൂലം വീടുകളുടെ തെരഞ്ഞെടുപ്പില്‍ വന്ന മാറ്റങ്ങളും, ഡെവലപ്പർമാരും ഉപഭോക്താക്കളും നേരിടുന്ന മറ്റ് നിരവധി വെല്ലുവിളികളുമാണ് മൊത്തത്തിലുള്ള വിൽപ്പനയിൽ താങ്ങാനാവുന്ന വീടുകളുടെ പങ്ക് കുറയുന്നതിന് കാരണമായി അനറോക്ക് ചെയർമാൻ അനുജ് പുരി ചൂണ്ടിക്കാണിക്കുന്നത്. ഭൂമി വില വര്‍ധിച്ചതിനാല്‍ അഫോഡബിള്‍ വിഭാഗത്തിലെ വിലയില്‍ ഭവനങ്ങള്‍ നല്‍കുന്നത് പല ഡെവലപ്പര്‍മാര്‍ക്കും ശ്രമകരമായെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മറ്റ് ഇൻപുട്ട് ചെലവുകളും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അനിയന്ത്രിതമായി വർധിക്കുകയാണ്. താങ്ങാനാവുന്ന വിലയിലെ ഭവന പദ്ധതികൾ ആരംഭിക്കുന്നത് ഡെവലപര്‍മാരെ സംബന്ധിച്ച് ഇപ്പോള്‍ ആകർഷകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഫോഡബിള്‍ വിഭാഗത്തില്‍ വീടു വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്ന പലരും ഭവന വിലയിലെ വർദ്ധനവും ഭവന വായ്പകളുടെ പലിശനിരക്കും കാരണം അവരുടെ വാങ്ങൽ തീരുമാനം മാറ്റിവയ്ക്കുകയാണെന്ന് അനറോക്ക് നിരീക്ഷിക്കുന്നു. ഏഴ് നഗരങ്ങളിലെ മൊത്തം പുതിയ ലോഞ്ചുകളിൽ അഫോഡബിള്‍ വിഭാഗത്തിന്‍റെ വിഹിതം 2023 -ന്‍റെ മാസങ്ങളിൽ 18 ശതമാനമായി ഉയർന്നു, മുൻ വർഷം ഇതേ കാലയളവിൽ ഇത് 23 ശതമാനമായിരുന്നു.

അനറോക്ക് നല്‍കുന്ന കണക്കുകൾ പ്രകാരം, ഡൽഹി-എൻസിആറിലെ അഫോഡബിള്‍ വീടുകളുടെ വിൽപ്പന ഈ വർഷം ജനുവരി-ജൂൺ കാലയളവിൽ 8,680 യൂണിറ്റായി കുറഞ്ഞു, 2022ന്‍റെ ആദ്യ പകുതിയില്‍ ഇത് 14,150 യൂണിറ്റുകള്‍ ആയിരുന്നു. മുംബൈ മെട്രോപൊളിറ്റൻ റീജിയണിലെ (എംഎംആർ) വില്‍പ്പന അവലോകന കാലയളവിൽ 17,650 യൂണിറ്റുകളിൽ നിന്ന് 17,470 യൂണിറ്റായി കുറഞ്ഞു.  ബെംഗളൂരുവിൽ 3,990 യൂണിറ്റിൽ നിന്ന് 3,270 യൂണിറ്റായി കുറഞ്ഞു.

പൂനെയിൽ, അഫോഡബിള്‍ വിഭാഗത്തിലെ വിൽപ്പന 9,700 യൂണിറ്റായിരുന്നു, കഴിഞ്ഞ കലണ്ടർ വർഷത്തിന്റെ ആദ്യ പകുതിയിൽ ഇത് 11,240 യൂണിറ്റായിരുന്നു.   1,460 യൂണിറ്റിൽ നിന്ന് 50 ശതമാനം ഇടിവോടെ ഹൈദരാബാദിലെ അഫോഡബിള്‍ ഭവന വില്‍പ്പന ഇക്കാലയളവില്‍ 720 യൂണിറ്റായി.ചെന്നൈയിലെ അഫോഡബിള്‍ ഭവന വിൽപ്പന 3,170 യൂണിറ്റിൽ നിന്ന് 1,820 യൂണിറ്റായി കുറഞ്ഞു. കൊൽക്കത്തയിൽ 5,400 യൂണിറ്റുകളിൽ നിന്ന്  4,990 യൂണിറ്റായി ഈ വിഭാഗത്തിലെ വില്‍പ്പനയില്‍ കുറഞ്ഞു.

Tags:    

Similar News