ബാങ്ക് വഴിയുള്ള പണം കൈമാറ്റത്തിന് കെവൈസി നിര്‍ബന്ധമെന്ന് ആര്‍ബിഐ
- നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെ.വൈ.സി. വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ നിര്‍ദേശിച്ച് റിസര്‍വ് ബാങ്ക്
- പണം കൈമാറ്റത്തിനുള്ള സൗകര്യങ്ങള്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നതിനു തടയിടാന്‍ ലക്ഷ്യമിട്ടാണ് പുതിയ മാര്‍ഗനിര്‍ദേശം
- 2024 നവംബര്‍ ഒന്നുമുതലാണ് ഇതു നടപ്പാക്കേണ്ടതെന്നും ആര്.ബി. ഐ. വ്യക്തമാക്കി
ബാങ്കുകള്‍ വഴിയും ധനകാര്യസ്ഥാപനങ്ങള്‍ വഴിയും പണം കൈമാറ്റം ചെയ്യുമ്പോള്‍ നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ നിര്‍ദേശിച്ച് റിസര്‍വ് ബാങ്ക്. പണം കൈമാറ്റത്തിനുള്ള സൗകര്യങ്ങള്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നതിനു തടയിടാന്‍ ലക്ഷ്യമിട്ടാണ് പുതിയ മാര്‍ഗനിര്‍ദേശം.
ഏതു ബാങ്കിലാണോ പണമടയ്ക്കുന്നത്, ആ ബാങ്ക് പണം സ്വീകരിക്കുന്ന ആളുടെയും അയക്കുന്ന ആളുടെയും പേരും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കണമെന്നതാണ് ആര്‍ബിഐയുടെ പ്രധാന നിര്‍ദേശം. ഓരോ ഇടപാടുകളും അധിക സുരക്ഷാസംവിധാനം ഉപയോഗിച്ച് ഉറപ്പാക്കുകയും വേണം. നേരത്തേ ബാങ്കില്‍ നേരിട്ടെത്തി അക്കൗണ്ട് ഇല്ലാത്തവര്‍ക്കും 5000 രൂപ വരെ അയക്കാവുന്ന സംവിധാനമുണ്ടായിരുന്നു. മാസം പരമാവധി 25,000 രൂപ വരെയായിരുന്നു ഇത്തരത്തില്‍ അയക്കാനാകുക. എന്നാല്‍, പുതിയ ചട്ടമനുസരിച്ച് ബാങ്കുകളും പണമയക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റുമാരും പണമയക്കുന്നയാളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണം.
ഒടിപി വഴി സ്ഥിരീകരിക്കുന്ന മൊബൈല്‍ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ അംഗീകൃത ഔദ്യോഗിക രേഖയും ഉപയോഗിച്ചാണ് വിവരങ്ങള്‍ ശേഖരിക്കേണ്ടത്. മാത്രമല്ല, എന്‍ഇഎഫ്ടി- ഐഎംപിഎസ്. ഇടപാടു സന്ദേശങ്ങളില്‍ പണം അയക്കുന്ന ആളുകളുടെ വിവരങ്ങള്‍ ബാങ്കുകള്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഇത് പണമായുള്ള കൈമാറ്റമാണെങ്കില്‍ അക്കാര്യവും രേഖപ്പെടുത്തണം.
2024 നവംബര്‍ ഒന്നുമുതലാണ് ഇതു നടപ്പാക്കേണ്ടതെന്നും ആര്‍ബിഐ വ്യക്തമാക്കി. വിവിധ ബാങ്കിങ് സേവനങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പുവഴി ലഭിച്ച പണം കൈമാറുന്നതിന് രാജ്യവ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ആര്‍ബിഐ കെവൈസി നിബന്ധനകള്‍ കടുപ്പിക്കുന്നത്.