മാര്‍ക്കറ്റിങ് ജോലിയില്‍ നിന്ന് ഷിപ്പിംഗ് കമ്പനി ഉടമയിലേക്ക്; തിരുവനന്തപുരം സ്വദേശിയുടെ ബിസിനസ് വിറ്റുവരവ് 2,700 കോടി രൂപ

  • 1000 രൂപ മാസ ശമ്പളമായിരുന്നു അക്കാലത്ത്
  • ഒരു ലോജിസ്റ്റിക് കമ്പനി തുടങ്ങുക എന്ന ആശയവുമായി ദുബൈയിലെ ജോലി രാജി വെച്ചു
  • നാല് പങ്കാളികളുമായി നാവിയോ ഷിപ്പിംഗ് എല്‍.എല്‍.സി
  • പ്രധാന ഇടപാടുകാര്‍ ആമസോണ്‍, ടാറ്റ, റിലയന്‍സ്, സോണി, സാംസങ് എന്നീ കമ്പനികൾ

Update: 2023-05-23 10:41 GMT

പ്രതിമാസം 1,000 രൂപ ശമ്പളമുള്ള മാര്‍ക്കറ്റിംഗ് ജോലിയില്‍ നിന്ന് തുടങ്ങി 2,700 കോടി രൂപ വിറ്റുവരവുള്ള ഷിപ്പിംഗ് കമ്പനി ഉടമയായി മാറിയ ഒരു മലയാളിയുണ്ട്. തിരുവനന്തപുരം സ്വദേശിയായ സുധീര്‍ ഇന്ന് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാവിയോ ഷിപ്പിംഗ് എല്‍.എല്‍.സിയുടെയും മുംബൈ ആസ്ഥാനമായുള്ള നാവിയോ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സ്ഥാപകനും ചെയര്‍മാനുമാണ്.

മാസശമ്പളം 1,000 രൂപ മാത്രം

തലസ്ഥാനത്തു നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള കോലായി എന്ന ഗ്രാമത്തിലാണ് സുധീര്‍ വളര്‍ന്നത്. ധനുവച്ചപുരത്തെ സ്‌കൂളിലും വി.ടി.എസ് എന്‍.എസ്.എസ് കോളജിലുമായിരുന്നു പഠനം. 1991ല്‍ ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി. 1992ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ജര്‍മന്‍ ഭാഷ കൂടി പഠിച്ച ശേഷമാണ് സുധീര്‍ ജോലിക്കായുള്ള ശ്രമം തുടങ്ങുന്നത്. സൈന്യത്തില്‍ നിന്ന് വിരമിച്ച പിതാവിന്റെ പെന്‍ഷന്‍ മാത്രമായിരുന്നു കുടുംബത്തിന്റെ വരുമാനം.

1993ല്‍ ബന്ധുവിന്റെ സഹായത്തോടെയാണ് തൂത്തുകുടിയില്‍ ആര്‍.ബി ഷിപ്പിംഗ് കമ്പനിയില്‍ മാര്‍ക്കറ്റിംഗ് ജോലി ലഭിക്കുന്നത്. 1000 രൂപ മാസ ശമ്പളമായിരുന്നു അക്കാലത്ത് കിട്ടിയിരുന്നത്. 1999ല്‍ കൊച്ചിയിലെ എ.വി തോമസ് ആന്‍ഡ് കമ്പനിയില്‍ സെയില്‍സ് മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് മാറുന്നത് വരെ തൂത്തുകുടിയിലെ ജോലി ജോലി തുടര്‍ന്നു.

ദുബായില്‍ തെളിഞ്ഞ വിജയം

മറ്റേതൊരു മലയാളിയെയും പോലെ 1999ല്‍ നല്ലൊരു വരുമാനമാര്‍ഗം തേടി സുധീര്‍ ദുബായിലേക്കു വിമാനം കയറി. പ്രവാസ ജീവിതത്തില്‍ മാര്‍ക്കറ്റിംഗ്, സെയില്‍സ് രംഗത്തെ ജോലിക്ക് ശേഷം 2007ല്‍ കാരവല്‍ ലോജിസ്റ്റിക്‌സില്‍ അസിസ്റ്റന്റ് മാനേജറായി ജോലി ലഭിച്ചു. കമ്പനി ഉടമ സാജു ചാക്കോയ്ക്ക് സുധീറിന്റെ കഴിവിലുണ്ടായ വിശ്വാസത്തില്‍ ഏഴു വര്‍ഷത്തിനുള്ളില്‍ ജനറല്‍ മാനേജറായി സ്ഥാനക്കയറ്റം ലഭിച്ചു. സ്വന്തമായി ഒരു ലോജിസ്റ്റിക് കമ്പനി തുടങ്ങുകയെന്ന ആശയവുമായി 2014 ഏപ്രിലാണ് കമ്പനിയില്‍ നിന്ന് രാജിവയ്ക്കുന്നത്.

കമ്പനി തുടങ്ങാന്‍ സഹായിച്ചത് സുഹൃത്ത്

ലോജിസ്റ്റിക് കമ്പനി വിജയിപ്പിക്കാനാകുമെന്ന പ്രതീക്ഷ സുധീറിനുണ്ടായിരുന്നു. എന്നാല്‍ മൂലധനം വേണ്ടേ. അങ്ങനെ സുഹൃത്തിന്റെ ഒരു കോടിയോളം രൂപയുടെ നിക്ഷേപത്തിലൂടെ സുധീര്‍ ബിസിനസ് ആരംഭിച്ചു. നാവിയോ ഷിപ്പിംഗ് എല്‍എല്‍സി എന്നായിരുന്നു പേര്. മൂന്ന് വര്‍ഷത്തിനുള്ളില്‍ നിക്ഷേപം സുഹൃത്തിന് തിരികെ നല്‍കാന്‍ സുധീറിനായി. നാല് പങ്കാളികളുമായാണ് സുധീര്‍ നാവിയോ ഷിപ്പിംഗ് എല്‍.എല്‍.സി സ്ഥാപിച്ചത്. നിലവില്‍ 3 പേരാണ് ബിസിനസിലുള്ളത്. 2014 സെപ്റ്റംബറില്‍ സുധീര്‍ നാവിയോ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ മുംബൈ ആസ്ഥാനമായി മറ്റൊരു കമ്പനിയും സ്ഥാപിച്ചു.

സോണി മുതല്‍ ആമസോണ്‍ വരെ

2000 ചതുരശ്ര അടി വാടക സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന ദുബായിലെ ഓഫീസ് ഇന്ന് 8000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലത്തേക്ക് മാറ്റി. നവി മുംബൈയിലാണ് നാവിയോ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്.

ദുബായിലെ ജബല്‍ അലി എന്ന തുറമുഖത്ത് നാവിയോ 35 വെയര്‍ഹൗസുകള്‍ വാടകയ്‌ക്കെടുത്തിട്ടുണ്ട്. ഈവര്‍ഷം ഇന്ത്യയില്‍ ആമസോണിനായി 16 വെയര്‍ഹൗസുകള്‍ തുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ആമസോണ്‍, ടാറ്റ, റിലയന്‍സ്, സോണി, സാംസങ് എന്നിവയാണ് കമ്പനിയുടെ പ്രധാന ഇടപാടുകാര്‍.

വീട് ദുബായില്‍, താമസം കേരളത്തില്‍

ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന സുധീറിന് ദുബായില്‍ വീടുണ്ടെങ്കിലും മാസത്തില്‍ ഒരാഴ്ച ഇന്നും കേരളത്തിലാണ്. തിരുവനന്തപുരത്ത് സഹോദരിയോടൊപ്പമാണ് മാതാപിതാക്കള്‍ താമസിക്കുന്നത്. മാസത്തില്‍ ഒരാഴ്ച കേരളത്തിലെത്തി ഇവരോടൊപ്പം ചെലവിടുന്നതിലാണ് സുധീറിന്റെ സംതൃപ്തി.

Tags:    

Similar News