ഐസ്‌ഗേറ്റ് ജാമിങ് വീണ്ടും; ബാധിക്കുന്നത് കോടികളുടെ കയറ്റുമതിയെ
- തടസപ്പെടുന്നത് ഇ ഫയലിംഗ് ഉൾപ്പടെയുള്ള വിവിധ സേവനങ്ങൾ
- ചരക്കുകള്‍ കെട്ടിക്കിടന്ന് വ്യാപാര വ്യവസായ മേഖലയിൽ നഷ്ടങ്ങൾ
- പോർട്ടൽ ഏറക്കുറെ ശരിയായെന്നു അധികൃതർ
കസ്റ്റംസ് ക്ലിയറന്‍സ് കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഇ-ഫയലിംഗ് സംവിധാനമായ ഐസ്‌ഗേറ്റ് പോര്‍ട്ടലിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ സംസ്ഥാനത്തുനിന്നുള്ള ചരക്കു കയറ്റിറക്കുമതിയെ സാരമായി ബാധിക്കുന്നു. ഇ-ഫയലിംഗിനു പുറമെ ഇ-പേയ്‌മെന്റ്, ഐ.പി.ആറിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ഡിജിറ്റല്‍ സിഗ്‌നേച്ചര്‍, ഡോക്യുമെന്റ് ട്രാക്കിങ് തുടങ്ങിയ വിവിധ സേവനങ്ങള്‍ ഐസ്‌ഗേറ്റ് വഴിയാണ് നടത്തുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി ഐസ്‌ഗേറ്റിലെ അപാകതകള്‍ മൂലം കയറ്റിറക്കുമതി രംഗത്തുള്ളവര്‍ പ്രതിസന്ധി നേരിടുന്നതായി കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം സെക്രട്ടറി മുന്‍ഷീദ് അലി പറഞ്ഞു. ഫോറത്തിനു കീഴിലുള്ള നിരവധി വ്യവസായികള്‍ ഇതു സംബന്ധിച്ച് പരാതിപ്പെടുന്നുണ്ട്. നാളികേരം, പാല്‍ തുടങ്ങി അധികദിവസം സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കാത്ത ചരക്കുകള്‍ കാലതാമസം മൂലം കേടുവന്ന് വന്‍ നഷ്ടമുണ്ടാകുന്നു.
കോഴിക്കോട്ടെ ഒരു വ്യവസായി താന്‍സാനിയയിലേക്ക് ഡെന്റല്‍ ഉപകരണങ്ങള്‍ അയക്കുന്നതിന് പ്രതിസന്ധി നേരിടുകയാണ്. പണം കൈപ്പറ്റിയെങ്കിലും മെഷീന്‍ കൃത്യ സമയത്ത് കയറ്റിയയക്കാനാകുന്നില്ല. കൊച്ചി തുറമുഖത്തുകൂടെ കയറ്റിയയക്കാനിരുന്ന 20 കണ്ടെയ്‌നര്‍ നാളികേരത്തിന്‍റെ ഓര്‍ഡര്‍ ഒടുവില്‍ നഷ്ടമായെന്ന് ഒരു വ്യാപാരി പറഞ്ഞു.
കയറ്റിറക്കു ലൈസന്‍സ് (ഐ.ഇ.സി), പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ നമ്പര്‍ തുടങ്ങിയവയെല്ലാം ഐസ്‌ഗേറ്റ് പോര്‍ട്ടലില്‍ നല്‍കിയാലേ ഏതു സ്ഥാപനത്തിനും ചരക്കുകള്‍ കയറ്റിയയക്കാനും ഇറക്കുമതി ചെയ്യാനും സാധിക്കൂ. ഇങ്ങനെ ചെയ്താലേ ഷിപ്പിങ് ബില്ലും ബില്‍ ഓഫ് എന്‍ട്രിയും ശരിയാകൂ. ആധാര്‍ കാര്‍ഡിലെ ഫോട്ടോയുടെ വ്യക്തതയില്ലായ്മയാണ് പലര്‍ക്കും പാരയായത്. ഇതിനു പുറമേ രണ്ടു രേഖകളില്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പറുകളോ ഇമെയിലോ വ്യത്യസ്തമായതും ചിലരുടെ അപേക്ഷ തള്ളാനിടയാക്കി
അതേസമയം ഇന്നലെയോടെ പോര്‍ട്ടലിലെ ജാമിങ് ഏറക്കുറെ ശരിയായിട്ടുണ്ടെന്നാണ് ഒരു പ്രമുഖ കണ്‍സള്‍ട്ടിങ് സ്ഥാപനത്തിലെ ജീവനക്കാരി വ്യക്തമാക്കുന്നത്. ഐസ്‌ഗേറ്റ് പോര്‍ട്ടലില്‍ അപ്‌ഡേഷനും മറ്റും നടക്കുന്നതു കൊണ്ടാണ് ഇത്തരം ജാമിങ് ഉണ്ടാകുന്നതെന്നും ഇതു സംബന്ധിച്ച് വ്യവസായികള്‍ക്ക് മെസേജ് അയക്കാറുണ്ടെങ്കിലും പലരും കൃത്യമായി അതു ശ്രദ്ധിക്കാത്തതാണ് പ്രശ്‌നമാകുന്നതെന്നും മറ്റൊരു കണ്‍സള്‍ട്ടന്റ് ചൂണ്ടിക്കാട്ടി. മലബാറിലെ വ്യവസായികള്‍ ഏറെയും ബില്ലിങ് കാര്യങ്ങള്‍ ശരിയാക്കാന്‍ ഏജന്റുമാരെയാണ് ചുമതലപ്പെടുത്തുന്നത്. ഈ ഏജന്റുമാര്‍ പോര്‍ട്ടല്‍ വഴി ഷിപ്പിങ് ബില്‍ ശരിയാക്കുന്നതിനു മുമ്പേ ചരക്ക് ഇവിടെ നിന്നും കൊച്ചിയിലെത്തിയിട്ടുണ്ടാകും. തുടര്‍ന്ന് ബില്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാന്‍ ദിവസങ്ങളോളം വേണ്ടിവരുന്നത് ബിസിനസിനെ ബാധിക്കുന്നതായും ഒരു കണ്‍സള്‍ട്ടന്റ് വ്യക്തമാക്കി.