ഗുജറാത്തിലെ തുറമുഖ നിർമാണ കരാർ ഡി പി വേൾഡിന്

അദാനി പോർട്സിനെ പിന്തള്ളിയാണ് ദുബായ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തുറമുഖ സംരംഭമായ ഡി പി വേൾഡ് ഈ കരാർ നേടിയത്..

Update: 2023-02-02 14:30 GMT

അഹമ്മദാബാദ്: കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഗുജറാത്തിലെ കണ്ടല പോർട്സ് (ദീനദയാൽ പോർട്സ് അതോറിറ്റി) ഗൾഫ് ഓഫ് കച്ചിനു സമീപം ട്യൂണ - ടർക്കയിൽ പുതിയതായി പണിയുന്ന 753 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന തുറമുഖത്തിന്റെ നിർമാണ- പ്രവർത്തന - സംരക്ഷണ കരാർ അദാനി പോർട്സിനെ പിന്തള്ളി ദുബായ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തുറമുഖ സംരംഭമായ ഡി പി വേൾഡ് നേടി.

മത്സര കരാറിൽ അദാനി പോർട്സ് രണ്ടാമതായി . മൂന്നാം സ്ഥാനക്കാരായ ഖത്തർ ആസ്ഥാനമായുള്ള ക്യൂ - ടെർമിനൽ ഫിനാൻഷ്യൽ ബിഡ്‌ഡിൽ പങ്കെടുത്തില്ലെന്നു ദീനദയാൽ പോർട്സ് അതോറിറ്റി അധികൃതർ പറഞ്ഞു.

കണ്ടല തുറമുഖത്തുനിന്നു 15 കിലോമീറ്റര്‍ അകലെ സർക്കാർ - സ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കുന്ന പുതിയ പോർട്ടിൽ ഡി പി വേൾഡിന്റെ ഇന്ത്യൻ ശാഖയായ ഹിന്ദുസ്ഥാൻ പോർട്സ് 423 കോടിയും, ദീനദയാൽ പോർട്സ് അതോറിറ്റി 330 കോടിയും നിക്ഷേപിക്കും. കരാറനുസരിച്ചു 30 വർഷം ഡി പി വേൾഡിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും തുറമുഖം. അത് കഴിഞ്ഞു തുറമുഖം ദീനദയാൽ പോർട്സ് അതോറിറ്റിക്ക് കൈമാറണം.

പുതിയ തുറമുഖം സഞ്ജമാകുന്നതോടുകൂടി രാജ്യത്തിന്റെ വടക്കു, പടിഞ്ഞാറ്, മധ്യ മേഖലകളിൽ നിന്നുള്ള കയറ്റുമതിയും, ഇറക്കുമതിയും കുത്തനെ കൂടുമെന്നു പ്രതീക്ഷിക്കുന്നു.

ഡി പി വേൾഡിനു ഇപ്പോൾ തന്നെ മുംബയിൽ രണ്ടും, മുൻഡ്ര, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ ഓരോ തുറമുഖം വീതവും ഉണ്ട്. കൂടാതെ, മുംബൈ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിച്ചുകൊണ്ടിരിക്കുന്നു .

Tags:    

Similar News