പൊന്നാനിയില്‍ ചരക്ക് കപ്പലുകള്‍ നങ്കൂരമിടുമോ? തുറമുഖ വികസനത്തിന് സാധ്യത തെളിയുന്നു
- ചരക്ക് കപ്പലുകള്‍ ഉള്‍പ്പെടെ നങ്കൂരമിടുന്ന തരത്തിലുള്ള ഡിപിആര്‍ തയ്യാറാക്കി
- ലക്ഷദ്വീപുമായി ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം
മലപ്പുറം: യാത്രാ ഗതാഗതം, ചരക്ക് നീക്കം തുടങ്ങിയ സൗകര്യങ്ങള്‍ കണക്കിലെടുത്ത് പൊന്നാനി തുറമുഖം വികസിപ്പിക്കാന്‍ ആലോചന. ഇതിന്റെ ഭാഗമായി ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം പൊന്നാനിയില്‍ ചേരും.
വിവിധോദ്ദേശ്യ പദ്ധതിയെന്ന നിലയിലാണ് പൊന്നാനി ഹാര്‍ബര്‍ കേന്ദ്രീകരിച്ച് ഇവ നടപ്പിലാക്കുക. 200 മീറ്റര്‍ നീളത്തില്‍ ചരക്ക് കപ്പലുകള്‍ ഉള്‍പ്പെടെ നങ്കൂരമിടുന്ന തരത്തിലുള്ള ഡിപിആറാണ് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുന്നത്. ടൂറിസം രംഗത്തെ പുരോഗതിയും സാധ്യതകളും കണക്കിലെടുത്താവും പദ്ധതി ആവിഷ്‌കരിക്കുന്നത്.
ലക്ഷദ്വീപുമായി ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന പൊന്നാനി തുറമുഖത്തിലൂടെ യാത്രാഗതാഗതത്തിന് പുറമെ ചരക്കു ഗതാഗതത്തിനും സാധ്യതകളേറെയാണ്. മാത്രമല്ല വിഴിഞ്ഞം തുറമുഖം പദ്ധതി യാഥാര്‍ഥ്യമായാല്‍ മലബാറിലെ കപ്പല്‍ ഗതാഗതത്തിന്റെ പ്രധാന കവാടമായി പൊന്നാനി മാറും.
കൂടാതെ കോയമ്പത്തൂരുള്‍പ്പെടെ നിരവധി സ്ഥലങ്ങളിലേക്ക് വാണിജ്യ സാധനങ്ങള്‍ കയറ്റി അയക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും അത് വഴി മികച്ച രീതിയിലുള്ള ഒരു വരുമാനം കേരളത്തിനു ലഭ്യമാകുകയും ചെയ്യും.
നേരത്തെ കപ്പലടുത്തിരുന്ന തുറമുഖമായിരുന്നതിനാല്‍ വളരെ കുറഞ്ഞ ചെലവില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഉടന്‍ തന്നെ പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.