പാസഞ്ചര്‍ വാഹന കയറ്റുമതി 15% ഉയര്‍ന്നു
- ഒന്നാം സ്ഥാനത്ത് മാരുതി സുസുക്കി തുടരുന്നു
- പാസഞ്ചര്‍ കാര്‍ കയറ്റുമതിയില്‍ 10% വര്‍ധന
- മൊത്തം വാഹന കയറ്റുമതിയിലുണ്ടായത് 15% ഇടിവ്
ഇന്ത്യയില്‍ നിന്നുള്ള പാസഞ്ചര്‍ വാഹന കയറ്റുമതി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 15 ശതമാനം ഉയര്‍ന്ന് 6,62,891 യൂണിറ്റുകളിലെത്തി. 2.5 ലക്ഷം യൂണിറ്റുകള്‍ക്കു മുകളിലുള്ള കയറ്റുമതിയുമായി മാരുതി സുസുക്കി ഇന്ത്യ മുന്നിലെത്തിയതായും വ്യാവസായി സമിതിയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്‌ചേര്‍സ് (എസ്‌ഐഎഎം) പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. 2021-22ല്‍ മൊത്തം 5,77,875 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കപ്പെട്ടിരുന്നത്.
പാസഞ്ചര്‍ കാറുകളുടെ കയറ്റുമതി 10 ശതമാനം വര്‍ധനയോടെ 4,13,787 യൂണിറ്റുകളിലെത്തി. അതേസമയം യൂട്ടിലിറ്റി വാഹനങ്ങളുടെ കയറ്റുമതി 23 ശതമാനം ഉയര്‍ന്നു, 2,47,493 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്. എന്നിരുന്നാലും വാനുകളുടെ കയറ്റുമതി 2021-22ലെ 1,853 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,611 യൂണിറ്റുകളിലേക്ക് താഴ്ന്നു.
ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ, കിയ ഇന്ത്യ എന്നിവയാണ് കയറ്റുമതിയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ കമ്പനികള്‍. ഒന്നാം സ്ഥാനക്കാരായ മാരുതിയുടെ വില്‍പ്പന 2021-22ലെ 2,35,670 യൂണിറ്റുകളില്‍ നിന്ന് 8% ഉയര്‍ന്ന് 2022-23ല്‍ 2,55,439 യൂണിറ്റുകളായി. 1,53,019 യൂണിറ്റുകളാണ് ഹ്യൂണ്ടായ് മോട്ടോര്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കയറ്റി അയച്ചത്. 2021-22ലെ 1,29,260 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 18% വര്‍ധന. കിയ ഇന്ത്യ 85,756 യൂണിറ്റുകളും നിസ്സാന്‍ മോട്ടോര്‍ 60,637 യൂണിറ്റുകളും കയറ്റിയയച്ചു.
മൊത്തം വാഹന കയറ്റുമതിയില്‍ 15% ഇടിവാണ് 2022-23ല്‍ ഉണ്ടായത്. 2021-22ല്‍ 56,17,359 യൂണിറ്റുകളുടെ കയറ്റുമതി നടന്ന സ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്നത് 47,61,487 യൂണിറ്റുകളുടെ കയറ്റുമതി.