വാഹനവില്‍പ്പന: മഹീന്ദ്രക്ക് വളര്‍ച്ച; ടാറ്റക്ക് ഇടിവ്
- മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ വില്‍പ്പന 18ശതമാനം വളര്‍ന്നു
- ട്രാക്ടര്‍ വില്‍പ്പനയിലും വളര്‍ച്ച
- ടാറ്റയുടെ മൊത്തം വില്‍പ്പന ജൂലൈയില്‍ കുറഞ്ഞു
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് (എം ആന്‍ഡ് എം) ജൂലൈയില്‍ രേഖപ്പെടുത്തിയത് മൊത്തം 66,124 വാഹന വില്‍പ്പനകള്‍. മുന്‍ വര്‍ഷം ജൂലൈയില്‍ 56,100 യൂണിറ്റുകളായിരുന്നു മഹീന്ദ്രയുടെ വില്‍പ്പന. 18ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ ഉണ്ടായത്. കൂടാതെ, 2023 ജൂണിലെ കമ്പനിയുടെ പ്രകടനവും മികച്ചതായിരുന്നു. ജൂണില്‍ കമ്പനി വിറ്റത് 62,429 വാഹനങ്ങളായിരുന്നു.
കാര്‍ഷിക മേഖലയിലെ ഉല്‍പ്പന്നങ്ങളില്‍, ട്രാക്ടര്‍ വില്‍പ്പനയിലും എം ആന്‍ഡ് എം വളര്‍ച്ച രേഖപ്പെടുത്തി. ജൂലൈയില്‍ കമ്പനി 25,175 ട്രാക്ടറുകള്‍ വിറ്റതായി കമ്പനി വ്യക്തമാക്കുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 23,307 യൂണിറ്റുകളില്‍ നിന്ന് 8% വര്‍ധനവ് ഉണ്ടായി.
ആഭ്യന്തര, അന്തര്‍ദേശീയ വിപണിയില്‍ ടാറ്റ മോട്ടോഴ്സിന്റെ മൊത്തം വില്‍പ്പന 2023 ജൂലൈയില്‍ 80,633 ആയി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 2022 ജൂലൈയില്‍ വിറ്റ 81,790 യൂണിറ്റുകളെ അപേക്ഷിച്ച് 1.4% ഇടിവ് വില്‍പ്പനയില്‍ഉണ്ടായി. പ്രമുഖ വാഹന കമ്പനികളുടെ മൊത്തം ആഭ്യന്തര മൊത്ത വില്‍പ്പന കഴിഞ്ഞ മാസം 78,978 യൂണിറ്റില്‍ നിന്ന് 78,844 യൂണിറ്റായി കുറഞ്ഞു.
ജൂലൈയിലെ മൊത്തം വാണിജ്യ വാഹന (സിവി) വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 34,154 യൂണിറ്റില്‍ നിന്ന് 4 ശതമാനം ഇടിഞ്ഞ് 32,944 യൂണിറ്റിലെത്തി.
സിവി വിഭാഗത്തില്‍, ട്രക്കുകളും ബസുകളും ഉള്‍പ്പെടെ 2023 ജൂലൈയില്‍ എംഎച്ച്& ഐസിവി ഡൊമസ്റ്റിക് & ഇന്റര്‍നാഷണല്‍ ബിസിനസിന്റെ മൊത്തം വില്‍പ്പന 13,830 യൂണിറ്റാണ്.
അതേസമയം, പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍, ഇലക്ട്രിക് വാഹനങ്ങളാണ് ഈ മാസത്തില്‍ ശക്തമായ മൊത്തവ്യാപാര വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. ജൂലൈയില്‍ കമ്പനി 6,329 യൂണിറ്റ് ഇവികള്‍ വിറ്റു. മുന്‍വര്‍ഷത്തെ 4,151 യൂണിറ്റുകളില്‍ നിന്ന് 53% വര്‍ധന ഇവിടെ രേഖപ്പെടുത്തി.