ചെലവ് ചുരുക്കൽ, ബൈജൂസ് ബിസിസിഐ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്‍വാങ്ങുന്നു
രാജ്യത്തെ പ്രമുഖ എഡ് ടെക്ക് കമ്പനിയായ ബൈജൂസ്, ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) യുമായുള്ള സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ നിന്ന് പിന്മാറുന്നു. കരാറില്‍ നിന്ന് പിന്‍മാറുന്നതിനുള്ള ആഗ്രഹം ബൈജൂസ് അറിയിച്ചുവെന്നും ബിസിസി ഐ അനുമതി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വ്യവസ്ഥകള്‍ പാലിച്ച് കരാര്‍ റദ്ദാക്കുന്നതിനുള്ള അനുമതി ബിസിസിഐ നല്‍കി. 2023 മാര്‍ച്ചിലാകും കമ്പനിക്ക് പൂര്‍ണമായും സ്‌പോണ്‍സേര്‍ഷിപ്പില്‍ നിന്നും പിന്‍വാങ്ങാന്‍ കഴിയുന്നത്.
2019 സെപ്റ്റംബറിലാണ് ബിസിസിഐ യുമായി ബൈജൂസ് 55 മില്യണ്‍ ഡോളറിന്റെ കരാറിലേര്‍പ്പെടുന്നത്. 2022 മാര്‍ച്ച് 31 വരെയായിരുന്നു കരാറിന്റെ കാലാവധി. എന്നാല്‍ കാലാവധി കഴിഞ്ഞതിനു ശേഷം 2023 ലെ ലോകകപ്പ് മത്സരങ്ങള്‍ അവസാനിക്കുന്നത് വരെ കരാര്‍ തുടരുന്നതിനു പിന്നീട് തീരുമാനിക്കുകയിരുന്നു. നിലവില്‍ ബൈജൂസ്, ഓപ്പോ നല്‍കുന്നതിനേക്കാള്‍ 10 ശതമാനം അധിക തുകയാണ് ബിസിസിഐക്ക് നല്‍കുന്നത്. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ വന്‍ ബാധ്യതയിലായ കമ്പനി ചെലവ് ചുരുക്കലിന്റെ ഭാഗമായി പല നടപടികളും സ്വീകരിച്ചിരുന്നു.
2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നഷ്ടം 17 മടങ്ങ് വര്‍ധിച്ച് 4,588 കോടി രൂപയായി കുറഞ്ഞിരുന്നു. വരുമാനം 4 ശതമാനം വര്‍ധിച്ച് 2,280 കോടി രൂപയായി. കമ്പനിയുടെ പരസ്യത്തിനും പ്രൊമോഷനുമായുള്ള ചെലവ് 899 കോടി രൂപയില്‍ നിന്നും 150 ശതമാനം വര്‍ധിച്ച് 2,251 കോടി രൂപയായി ഉയര്‍ന്നിരുന്നു. നഷ്ടത്തിലായ കമ്പനി ജൂണിലും ഒക്ടോബറിലുമായി 2500 ഓളം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.