ഗ്രാസിം ഇന്‍ഡ് അവകാശ ഓഹരി നല്‍കി 4000 കോടി സ്വരൂപിക്കും

  • ഒരു മാസം മുമ്പാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ബിര്‍ള ഓപസ് എന്ന ബ്രാന്‍ഡില്‍ പെയിന്റ് ബിസിനസിലേക്ക് പ്രവേശിക്കാനുള്ള തീരുമാനം കമ്പനി പ്രഖ്യാപിച്ചത്.
  • അവകാശ ഓഹരി ഇഷ്യു എന്നു പറയുന്നത് നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് കമ്പനിയുടെ കൂടുതല്‍ ഓഹരികള്‍ വാങ്ങാനുള്ള അവസര നല്‍കുന്നതാണ്.

Update: 2023-10-16 18:18 GMT

ആദിത്യ ബിര്‍ള ഗ്രൂപ്പിനു കീഴിലുള്ള മുന്‍നിര കമ്പനിയായ ഗ്രാസിം ഇന്‍ഡസ്ട്രീസ് അവകാശ ഓഹരി വില്‍പ്പനിയിലൂടെ 4,000 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു.ഇഷ്യുവിന്റെ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. അവകാശ ഇഷ്യു അനുപാതവും പ്രഖ്യാപിച്ചിട്ടില്ല. രണ്ട് രൂപ മുഖവിലയുള്ള ഓഹരികളിലൂടെ 4,000 കോടി രൂപയില്‍ കവിയാത്ത തുക സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

നിലവിലുള്ള മൂലധനച്ചെലവിന് പിന്തുണ, നിലവിലുള്ള വായ്പകള്‍ തിരിച്ചടയ്ക്കുക, പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക എന്നീ ആവശ്യങ്ങള്‍ക്കായി അവകാശ ഓഹരി ഇഷ്യവിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കാനാണ് ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഒരു മാസം മുമ്പാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ബിര്‍ള ഓപസ് എന്ന ബ്രാന്‍ഡില്‍ പെയിന്റ് ബിസിനസിലേക്ക് പ്രവേശിക്കാനുള്ള തീരുമാനം കമ്പനി പ്രഖ്യാപിച്ചത്. രാജ്യത്തെ രണ്ടാമത്തെ വലിയ പെയിന്റ് കമ്പനിയാകുകയാണ് ഗ്രാസിമിന്റെ ലക്ഷ്യം.

ഒരു കമ്പനിയുടെ അവകാശ ഓഹരി ഇഷ്യു എന്നു പറയുന്നത് നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് കമ്പനിയുടെ കൂടുതല്‍ ഓഹരികള്‍ വാങ്ങാനുള്ള അവസര നല്‍കുന്നതാണ്. ഇത്തരം ഓഹരികള്‍ നിലവില്‍ ഓഹരികള്‍ക്കുള്ള വിപണി വിലയെക്കാള്‍ കിഴിവിലാകും നല്‍കുക.

1947 ല്‍ ഒരു ടെക്‌സ്റ്റൈല്‍ ഉ്താപദകരായി ആരംഭിച്ച കമ്പനി ഇന്ന് ക്ലോര്‍ ആല്‍ക്കലി, അഡ്വാന്‍സ്ഡ് മെറ്റീരിയല്‍, ലിനന്‍ തുണിത്തരങ്ങള്‍ എന്നിവയുടെ ഇന്ത്യയിലെ പ്രമുഖ ഉത്പാദകരാണ്. അള്‍ട്ര ടെക് സിമെന്റ് എന്ന അനുബന്ധ സ്ഥാപനം ഇന്ത്യയിലെ ഏറ്റവും വലിയ സിമെന്റ് നിര്‍മ്മാതാവാണ്. ആദിത്യ ബിര്‍ള കാപിറ്റല്‍ എന്ന അനുബന്ധ സ്ഥാപനം വൈവിധ്യമാര്‍ന്ന ധനകാര്യ സേവനങ്ങളും നല്‍കുന്നു.

എന്‍എസ്ഇയില്‍ ഇന്ന് കമ്പനിയുടെ ഓഹരികള്‍ 1,973.70 രൂപയ്ക്കാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയില്‍ 1972 രൂപയ്ക്കും. 52 ആഴ്ച്ചയിലെ ഉയര്‍ന്ന ഓഹരി വില ബിഎസ്ഇല്‍ 2,021.95 രൂപയും എന്‍എസ്ഇയില്‍ 2,022 രൂപയുമാണ്.

Tags:    

Similar News