ചെലവ് നിയന്ത്രിക്കാനായില്ല; സൊമാറ്റോയുടെ അറ്റ നഷ്ടം 346.6 കോടി രൂപയായി
- കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റനഷ്ടം 67.2 കോടി രൂപ
- മൊത്ത ചെലവ് 2,485.3 കോടി രൂപ
ഡൽഹി: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സോമറ്റോ ലിമിറ്റഡിന്റെ ഡിസംബർ പാദത്തിലെ കൺസോളിഡേറ്റഡ് അറ്റ നഷ്ടം 346.6 കോടി രൂപയായി. ഫുഡ് ഡെലിവറി ബിസിനസിലെ ഇടിവും, ഉയർന്ന ചെലവുമാണ് നഷ്ടം വർധിക്കാൻ കാരണമായത്.
കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റനഷ്ടം 67.2 കോടി രൂപയായിരുന്നു.
പ്രവർത്തങ്ങളിൽ നിന്നുള്ള അറ്റവരുമാനം 1,112 കോടി രൂപയിൽ നിന്ന് 1,948.2 കോടി രൂപയായി വർധിച്ചു.
മൊത്ത ചെലവ് 2,485.3 കോടി രൂപയായി. മുൻ വർഷം സമാന പാദത്തിൽ 1,642.6 കോടി രൂപയായിരുന്നു.
ഒക്ടോബർ മാസം അവസാനം മുതൽ ഫുഡ് ഡെലിവറി ബിസിസിനസ്സിൽ വലിയ തോതിലുള്ള മന്ദതയാണ് നേരിടുന്നത്. രാജ്യത്തുടനീളം സമാന സ്ഥിതിയാണെങ്കിലും പ്രധാന എട്ടു നഗരങ്ങളിലാണ് ഇത് ഏറ്റവുമധികം ഉണ്ടായിട്ടുള്ളതെന്ന് സൊമാറ്റോയുടെ സിഎഫ്ഓ അക്ഷന്ത ഗോയൽ പറഞ്ഞു.
ഫുഡ് ഡെലിവറി ബിസിനസ് മൊത്തത്തിൽ പ്രതിസന്ധിയിലാണെങ്കിലും കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഡിമാന്റിൽ വർധനവുണ്ടാകുന്നത് ഒരു ശുഭ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ പാദത്തിൽ, ലഭിക്കുന്ന മൊത്ത ഓർഡറിന്റെ 0.3 ശതമാനം മാത്രം രേഖപ്പെടുത്തിയിരുന്നു 225 ചെറു പട്ടണങ്ങളിൽ കമ്പനിയുടെ സേവനങ്ങൾ പൂർണമായും നിർത്തലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.