' സൂപ്പര്‍ സേവര്‍ സണ്‍ഡേ ' യുമായി ഒഎന്‍ഡിസി, സ്വിഗ്ഗിക്കും, സൊമാറ്റോയ്ക്കും ഭീഷണിയാകുമോ ?
- പേടിഎം, ഫോണ്‍പേ, മാജിക്പിന്‍ തുടങ്ങിയ ആപ്പുകളിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സൗകര്യമുണ്ട്
- ഉപയോക്താക്കള്‍ക്ക് Magicpin, Paytm, Phonepe ന്റെ പിന്‍കോഡ് എന്നിവയില്‍ നിന്ന് ONDC പ്ലാറ്റ്ഫോം ആക്സസ് ചെയ്യാന്‍ കഴിയും
- സേവിംഗ്‌സ് ഡേ ഡെലിവറികളില്‍ കുറഞ്ഞത് 50 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നു
കേന്ദ്ര സര്‍ക്കാരിന്റെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ഇ-കൊമേഴ്‌സ് ശൃംഖലയായ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ONDC) സൂപ്പര്‍ സേവര്‍ സണ്‍ഡേ എന്ന ഒരു പ്രത്യേക ഓഫറുമായി ജൂണ്‍ 18 ഞായറാഴ്ച എത്തുകയാണ്. 50 ശതമാനം വരെ ഓഫറാണ് ഈ ദിനത്തില്‍ ഒഎന്‍ഡിസി വാഗ്ദാനം ചെയ്യുന്നത്.
ഒഎന്‍ഡിസിക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനായി സ്വന്തമായി ആപ്പ് ഇല്ല. എന്നാല്‍ യൂസര്‍മാര്‍ക്ക് ഒഎന്‍ഡിസിയുമായി സഹകരിക്കുന്ന പേടിഎം, ഫോണ്‍പേ, മാജിക്പിന്‍ തുടങ്ങിയ ആപ്പുകളിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സൗകര്യമുണ്ട്.
പ്രാദേശിക ഓഫ്‌ലൈന്‍ ഷോപ്പുകളില്‍നിന്നും ഉപഭോക്താക്കള്‍ ഏറ്റവുമധികം ഡിമാന്‍ഡ് ചെയ്യുന്ന സാധനങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ ഡെലിവറി ചെയ്യുന്ന ഹൈപ്പര്‍ ലോക്കല്‍ ഡെലിവറി, ഭക്ഷണം എന്നിവ ഏറ്റവും മികച്ച നിരക്കില്‍ ഒഎന്‍ഡിസി ഡെലിവറി ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രമുഖ ഭക്ഷണശൃംഖലയായ റിബല്‍ ഫുഡ് ബ്രാന്‍ഡ്‌സ് (Faasos, Oven Story, Behrouz Biryani) മക്‌ഡൊണാള്‍ഡ്‌സ്, പിസ ഹട്ട്, WowMomo, Barbeque Nation, Barista എന്നിവര്‍ ഭക്ഷണങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്തിട്ടുമുണ്ട്.
സൂപ്പര്‍ സേവര്‍ സണ്‍ഡേ പോലുള്ള പ്രൊമോഷണല്‍ പരിപാടി മെയ് മാസത്തിലും ഒഎന്‍ഡിസി സംഘടിപ്പിച്ചിരുന്നു. ഇത്തരം പരിപാടി സംഘടിപ്പിക്കുമ്പോള്‍ കസ്റ്റമേഴ്‌സ് ആദ്യം ഒഎന്‍ഡിസിയിലെ ഓഫറിനെ താരതമ്യം ചെയ്യുന്നത് സ്വിഗ്ഗി, സൊമാറ്റോ എന്നിവയുമായിട്ടാണ്.
സ്വിഗ്ഗി, സൊമാറ്റോ എന്നീ രണ്ട് ആപ്പുകളാണ് ഈ രംഗത്തെ മുന്‍നിരക്കാര്‍. ഇൗ രണ്ട് പ്ലാറ്റ്‌ഫോമുകളും ഈടാക്കുന്ന നിരക്ക് ഉയര്‍ന്നതാണെന്ന അഭിപ്രായം ഒരുവിഭാഗം കസ്റ്റമേഴ്‌സിനുണ്ട്. അതിനാല്‍ തന്നെ ഇപ്പോള്‍ ഒഎന്‍ഡിസി സൂപ്പര്‍ സേവര്‍ സണ്‍ഡേ പോലുള്ള ഓഫറുമായി രംഗത്തുവരുമ്പോള്‍ നിരവധി കസ്റ്റമേഴ്‌സ് ഒഎന്‍ഡിസിയെ നിരീക്ഷിക്കുമെന്നത് ഉറപ്പാണ്. ഉപയോക്താക്കള്‍ക്ക് Magicpin, Paytm, Phonepe ന്റെ പിന്‍കോഡ് എന്നിവയില്‍ നിന്ന് ONDC പ്ലാറ്റ്ഫോം ആക്സസ് ചെയ്യാന്‍ കഴിയും. ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സിലെ റീട്ടെയില്‍ ഓര്‍ഡറുകളുടെ എണ്ണം കഴിഞ്ഞ വാരാന്ത്യത്തില്‍ 30,000-ല്‍ എത്തിയിരുന്നു.
ഗവണ്‍മെന്റ് പിന്തുണയുള്ള നെറ്റ്വര്‍ക്കാണ് ഒഎന്‍ഡിസി. കഴിഞ്ഞ ആഴ്ചകളില്‍ ഉപഭോക്താക്കള്‍ക്കും ഒഎന്‍ഡിസി നെറ്റ്വര്‍ക്കുമായി സഹകരിക്കുന്ന കച്ചവടക്കാര്‍ക്കുമുള്ള ഇന്‍സെന്റീവുകള്‍ ഗണ്യമായി വെട്ടിച്ചുരുക്കിയിട്ടു പോലും താരതമ്യേന വലിയ ഓര്‍ഡറുകള്‍ ലഭിച്ചു.
നിലവില്‍, റീട്ടെയില്‍ ഓര്‍ഡറുകള്‍ കൂടുതലും ഫുഡ് & ബിവറേജസും, പലചരക്ക് സാധനങ്ങളുമാണ്. ഇ-കൊമേഴ്സ്, ഫുഡ് ഡെലിവറി മേഖലകളില്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയവരാണ് മുന്‍നിരക്കാര്‍. ഈ പ്ലാറ്റ്ഫോമുകള്‍ അരങ്ങുവാഴുന്നിടത്തേക്കാണ് ഒഎന്‍ഡിസി പ്രവേശിച്ചിരിക്കുന്നത്. ഒഎന്‍ഡിസി നെറ്റ്വര്‍ക്കിലൂടെ, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഇ-കൊമേഴ്സ് വ്യാപനം 25 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. അതോടൊപ്പം നെറ്റ്വര്‍ക്കിലൂടെ 900 ദശലക്ഷം ഉപഭോക്താക്കളിലേക്കും 1.2 ദശലക്ഷം വരുന്ന വില്‍പ്പനക്കാരിലേക്കും എത്താനും 48 ബില്യണ്‍ ഡോളറിന്റെ മൊത്ത വ്യാപാര മൂല്യത്തിലെത്താനും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.