പുതുതന്ത്രവുമായി ആലിബാബ; യൂറോപ്പിലേക്ക് ചുവടുവച്ച് ടിമാള്‍
- വൈവിധ്യമാര്‍ന്നതാണ് യൂറോപ്പിന്റെ കണ്‍സ്യൂമര്‍ ബേസ്
- യൂറോപ്പിലെ അഭിവൃദ്ധി പ്രാപിക്കുന്ന ഇ-കൊമേഴ്‌സ് ഇക്കോസിസ്റ്റം പരമാവധി പ്രയോജനപ്പെടുത്താന്‍ ആലിബാബ ലക്ഷ്യമിടുന്നു
- കഴിഞ്ഞ വര്‍ഷം ചൈനയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ റീട്ടെയില്‍, ഫാഷന്‍ വിപണിയായി മാറിയത്
ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള ടിമാള്‍ (Tmall) ഇ-കൊമേഴ്സ് സൈറ്റ് യൂറോപ്പിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നു.
ഇക്കാര്യം ആലിബാബ ഗ്രൂപ്പിന്റെ പ്രസിഡന്റ് മൈക്കിള്‍ ഇവാന്‍സാണ് വ്യാഴാഴ്ച അറിയിച്ചത്.
അന്താരാഷ്ട്രതലത്തില്‍ ഇ-കൊമേഴ്സ് പ്രവര്‍ത്തനങ്ങളില്‍ കമ്പനിയുടെ തന്ത്രങ്ങളില്‍ ഗണ്യമായ മാറ്റം വരികയാണ്. അതിനെ പ്രതിഫലിപ്പിക്കുന്നതാണ് ആലിബാബയുടെ യൂറോപ്പിലേക്കുള്ള ചുവടുവയ്‌പ്പെന്നു വിലയിരുത്തുന്നുണ്ട്. പ്രാദേശിക ബ്രാന്‍ഡുകളെയും ഉപഭോക്താക്കളെയും ലക്ഷ്യം വച്ചുകൊണ്ട് യൂറോപ്യന്‍ വിപണിയില്‍ ശക്തമായ ചുവടുറപ്പിക്കാനും യൂറോപ്പിലെ അഭിവൃദ്ധി പ്രാപിക്കുന്ന ഇ-കൊമേഴ്‌സ് ഇക്കോസിസ്റ്റം പരമാവധി പ്രയോജനപ്പെടുത്താനും ആലിബാബ ലക്ഷ്യമിടുന്നു.
ചൈനയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് സ്ഥാപനമായ ആലിബാബ തങ്ങളുടെ ബിസിനസ്സ് ആറ് യൂണിറ്റുകളായി വിഭജിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടത്തി
രണ്ട് മാസത്തിനുള്ളിലാണ് ടിമാള്‍ ഇ-കൊമേഴ്സ് സൈറ്റ് യൂറോപ്പിലേക്ക് വികസിപ്പിക്കുകയാണെന്ന് അറിയിച്ചിരിക്കുന്നത്.
ചൈനയില്‍, ചൈനീസ് ഉപഭോക്താക്കള്‍ക്ക് വിദേശ ബ്രാന്‍ഡുകള്‍ വില്‍ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൈറ്റും ആപ്പും ആണ് ടിമാള്‍. ചൈനയിലെ ഉപഭോക്താവ് ഒരു ദിവസം ചുരുങ്ങിയത് ഏഴ് തവണയെങ്കിലും ടിമാള്‍ ആപ്പ് തുറക്കുമെന്നാണ് ഒരു സര്‍വേയില്‍ കണ്ടെത്തിയത്. സമീപകാലത്ത് അന്താരാഷ്ട്ര ഫാഷന്‍ കമ്പനികള്‍ക്ക് ചൈന ഒരു സ്വര്‍ണ്ണ ഖനിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ചൈനയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ റീട്ടെയില്‍, ഫാഷന്‍ വിപണിയായി മാറിയത്. ഇത് ടിമാള്‍ പോലുള്ള ഇ-കൊമേഴ്‌സ് സൈറ്റുകള്‍ക്ക് ഒരുക്കുന്ന അവസരങ്ങള്‍ ചെറുതല്ല.
ടിമാളിലൂടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് മേഖലയിലേക്കുള്ള ആലിബാബയുടെ അന്താരാഷ്ട്ര ചുവടുവയ്പ്പ് പുതിയതല്ല. യൂറോപ്പിലെ അലി എക്‌സ്പ്രസ്സ് (AliExpress) എന്ന സൈറ്റില്‍ കുറേ നാളുകളായി ആലിബാബ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്.
ചൈനീസ് മാനുഫാക്ചറര്‍മാരില്‍ നിന്ന് ചരക്കുകള്‍ യൂറോപ്പിലേക്കു എത്തിച്ചുകൊടുക്കാന്‍ സഹായിക്കുന്ന ആഗോള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് അലി എക്‌സ്പ്രസ്സ്.
വൈവിധ്യമാര്‍ന്നതാണ് യൂറോപ്പിന്റെ കണ്‍സ്യൂമര്‍ ബേസ് അഥവാ ഉപഭോക്തൃ അടിത്തറ. അതോടൊപ്പം കരുത്തുറ്റ ഇ-കൊമേഴ്സ് ഇന്‍ഫ്രാസ്ട്രക്ചറിനും പേരുകേട്ടതാണ് യൂറോപ്പ്. ആലിബാബയ്ക്ക് അതിന്റെ ആഗോള സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള അവസരമാണ് യൂറോപ്പ് നല്‍കുന്നത്. യൂറോപ്യന്‍ വിപണിയിലേക്കുള്ള കമ്പനിയുടെ പ്രവേശനം ഇ-കൊമേഴ്സ് മേഖലയിലെ മത്സരം തീവ്രമാക്കുമെന്നതിലും സംശയമില്ല. അടുത്തിടെ, ആലിബാബ ഏറ്റവും പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് പ്രകാശനം ചെയ്തിരുന്നു. ഈ ചാറ്റ്‌ബോട്ടിനെ ആലിബാബയുടെ പ്രശസ്തമായ സന്ദേശമയയ്ക്കല്‍ പ്ലാറ്റ്ഫോമായ DingTalk ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ കൂട്ടത്തിലേക്ക് ഏകോപിപ്പിക്കുകയും (integrate) ചെയ്തിരുന്നു.ആലിബാബയുടെ ഏറ്റവും വലിയ ഓഹരി ഉടമയാണ് ജാക്ക് മാ.