മരുന്ന് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇനി കൂടുതൽ വെളിപ്പെടുത്തലുകൾ വേണം
- ക്ലിയറന്‍സിന്‍റെ കാലതാമസം കുറയ്ക്കുക ലക്ഷ്യം
- ചോദ്യം ചെയ്യലുകള്‍ ഫലപ്രദമായി ഒഴിവാക്കാന്‍ ശ്രമം
ജൂൺ 1 മുതൽ മരുന്ന് ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കും ഇറക്കുമതിക്കുമായി കൂടുതല്‍ ഡിസ്ക്ലോഷറുകള്‍ നടപ്പിലാക്കാന്‍ കസ്റ്റംസ് വകുപ്പ് ഒരുങ്ങുന്നു. ഔഷധ സസ്യങ്ങളും മെഡിസിനല്‍ രാസവസ്തുക്കളും കൈകാര്യം ചെയ്യുന്ന കയറ്റുമതി-ഇറക്കുമതി വ്യാപാരികളോട് പതിവായി ഉദ്യോഗസ്ഥര്‍ ചോദിക്കുന്ന ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ഈ അധിക വെളിപ്പെടുത്തലുകള്‍ സഹായിക്കുമെന്ന് കസ്റ്റംസ് വിശദീകരിക്കുന്നു.
"ചോദ്യം ചെയ്യലുകള്‍ ഫലപ്രദമായി ഒഴിവാക്കുക, മൂല്യനിർണ്ണയം സുഗമവും കാര്യക്ഷമവുമാക്കുക, കാലതാമസത്തിനുള്ള കാരണങ്ങൾ പരിഹരിക്കുക, ഇറക്കുമതി സംബന്ധിച്ച കൂടുതല്‍ വിശദമായ വിവരങ്ങളിലൂടെ നയരൂപീകരണത്തെ സഹായിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കസ്റ്റംസ് താരിഫിലെ ചില പ്രത്യേക അധ്യായങ്ങളില്‍ പരാമര്‍ശിക്കുന്ന ഇറക്കുമതിക്കും കയറ്റുമതിക്കും ചില അധിക വെളിപ്പെടുത്തലുകള്‍ നിർബന്ധമാക്കാൻ തീരുമാനിച്ചു. ഇത്, ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും, ”സെൻട്രൽ ബോർഡ് ഓഫ് ഇൻഡെയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) പറഞ്ഞു.
ഇറക്കുമതി/കയറ്റുമതി സ്റ്റേറ്റ്‍മെന്‍റുകളിലെ നിർദിഷ്ട മാറ്റങ്ങളെക്കുറിച്ച് മെയ് 26-നകം തല്‍പ്പര കക്ഷികള്‍ അഭിപ്രായം അറിയിക്കണമെന്നും കസ്റ്റംസ് നിര്‍ദേശിച്ചിട്ടുണ്ട്. കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് വകുപ്പ്, ആയുഷ് മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്‍ടി) എന്നിവരുമായി കൂടിയാലോചിച്ചാണ് നിർദ്ദേശം അവതരിപ്പിച്ചിട്ടുള്ളത്.
നിലവിൽ ഈ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്കാർ/കയറ്റുമതിക്കാർ നൽകുന്ന വിവരങ്ങൾ അപര്യാപ്തമാണെന്ന് സിബിഐസി പറയുന്നു. ഉൽപ്പന്നത്തിന്റെ പൂർണ്ണമായ വിശദാംശങ്ങൾ നൽകുന്നില്ല, അതിനാൽ, നയങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുള്ള മതിയായ വിവരങ്ങള്‍ ലഭ്യമാകുന്നില്ല. ഇത് മൂല്യനിർണ്ണയത്തിലും പരിശോധനകളിലും നിരവധി ചോദ്യങ്ങൾ, സാങ്കേതിക ഏജൻസികളിൽ നിന്നുള്ള സർട്ടിഫിക്കേഷനുകൾ തുടങ്ങിയവയിലേക്ക് നയിക്കുന്നു. ഇത് ക്ലിയറന്‍സിന് കാലതാമസം സൃഷ്ടിക്കുന്നതായും സിബിഐസി ചൂണ്ടിക്കാണിക്കുന്നു.
അഭിപ്രായ സമാഹരണത്തിലൂടെ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുക.