ക്രെഡിറ്റ് വളര്‍ച്ചാ വേഗം 10%-ലേക്ക് ചുരുങ്ങും
- പലിശ നിരക്ക് വര്‍ധന വായ്പാ വളര്‍ച്ചയെ ബാധിക്കും
- ഭവന വായ്പകളില്‍ നിലവില്‍ ഇടിവ് പ്രകടം
- മാര്‍ച്ചില്‍ ക്രെഡിറ്റ് വളര്‍ച്ചാ നിരക്ക് പരിമിതപ്പെട്ടു
രാജ്യത്തെ ക്രെഡിറ്റ് വളര്‍ച്ചാ വേഗം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനമായി പരിമിതപ്പെടുമെന്ന് ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറയുടെ വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 15 ശതമാനം ക്രെഡിറ്റ് വളര്‍ച്ച നേടിയ സ്ഥാനത്താണിത്.
പണപ്പെരുപ്പ സമ്മർദം കുറയുകയാണ്, പ്രത്യേകിച്ച് മൊത്തവ്യാപാര മേഖലയിൽ. ഇത് പ്രവര്‍ത്തന മൂലധന ആവശ്യകത കുറയ്ക്കും. ഇതിനൊപ്പം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ വളർച്ച 5.3 ശതമാനമായി കുറയുമെന്നും വിലയിരുത്തപ്പെടുന്നു. ഇവയാണ് നോമുറയുടെ ബാങ്ക് വായ്പാ വളർച്ചാ നിഗമനം കുറയാനുള്ള പ്രാഥമിക കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഉയര്‍ന്ന നിലയും വളര്‍ച്ചാ നിരക്കില്‍ കുറവ് രേഖപ്പെടുത്താനുള്ള കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആർബിഐ തുടര്‍ച്ചയായ ധനനയ അവലോകന യോഗങ്ങള്‍ക്ക് ശേഷം മൊത്തം 2.50 ശതമാനത്തിലധികം നിരക്ക് വർധന പ്രഖ്യാപിച്ചത് വായ്പാ വളർച്ചയെ ബാധിക്കുകയാണ്. ഇതിനകം തന്നെ, ഭവനവായ്പയുടെ കാര്യത്തിൽ ഇടിവിന്‍റെ ചില സൂചനകൾ ഉണ്ട്. ഫെബ്രുവരിയിലെ 16 ശതമാനവും ജനുവരിയിലെ 16.7 ശതമാനവും ആയിരിന്ന ക്രെഡിറ്റ് വളര്‍ച്ചാ നിരക്ക് മാർച്ചിൽ 15.4 ശതമാനമായി കുറഞ്ഞുവെന്ന് ബ്രോക്കറേജ് ചൂണ്ടിക്കാട്ടി.
സീസണലായി അഡ്ജസ്റ്റ് ചെയ്ത വാർഷിക നിരക്ക് (Saar) കണക്കാക്കിയ അണ്ടർലൈയിംഗ് ക്രെഡിറ്റ് മൊമെന്‍റം, 2022 അവസാനത്തിലുണ്ടായിരുന്ന 20 ശതമാനത്തിൽ നിന്ന് മാർച്ചിൽ 9.3 ശതമാനമായി കുറഞ്ഞുവെന്നും നോമുറ റിപ്പോര്‍ട്ടില്‍ പറയുന്നു.