വിപണി മൂല്യത്തില്‍ യമഹയെ പിന്തള്ളി ടിവിഎസ്
കഴിഞ്ഞ ആറ് മാസത്തിനിടെ, ടിവിഎസ്സിന്റെ വിപണി മൂല്യം 37 ശതമാനം ഉയര്‍ന്ന് 9.2 ബില്യന്‍ ഡോളറിലെത്തി
വിപണി മൂല്യത്തില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി യമഹയെ പിന്തള്ളി. ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് യമഹ. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടിവിഎസ് മോട്ടോര്‍ കമ്പനി. വിപണി മൂല്യത്തില്‍ ലോകത്തിലെ മൂന്നാം സ്ഥാനം അലങ്കരിക്കുന്ന ഇരുചക്ര വാഹന നിര്‍മാതാവെന്ന ഖ്യാതിയും ഇപ്പോള്‍ ഇന്ത്യന്‍ കമ്പനിയായ ടിവിഎസ് മോട്ടോര്‍ കമ്പനിക്കാണ്.
കഴിഞ്ഞ ആറ് മാസത്തിനിടെ, ടിവിഎസ്സിന്റെ വിപണി മൂല്യം 37 ശതമാനം ഉയര്‍ന്ന് 9.2 ബില്യന്‍ ഡോളറിലെത്തി. എന്നാല്‍ യമഹയ്ക്കാകട്ടെ, വിപണി മൂല്യത്തില്‍ സമീപകാലത്ത് 1.6 ബില്യന്‍ ഡോളറിന്റെ ഇടിവിന് സാക്ഷ്യം വഹിക്കേണ്ടിയും വന്നു.
2023 ഒക്ടോബര്‍ 19 ലെ കണക്ക്പ്രകാരം, യമഹ മോട്ടോര്‍ കമ്പനിയുടെ വിപണി മൂല്യം 8.8 ബില്യന്‍ ഡോളറാണെന്നു ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും വലിയ വിപണി മൂല്യമുള്ള ആദ്യ അഞ്ച് ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ നാല് പേരും ഇന്ത്യന്‍ കമ്പനികളാണ് ഇപ്പോള്‍. പട്ടികയില്‍ ബജാജ് ഓട്ടോയാണ് ഒന്നാം സ്ഥാനത്ത്. 19 ബില്യന്‍ ഡോളറാണു വിപണി മൂല്യം. 11.5 ബില്യന്‍ ഡോളര്‍ വിപണി മൂല്യമുള്ള ഐഷര്‍ മോട്ടോഴ്‌സ് രണ്ടാം സ്ഥാനത്തുമുണ്ട്. എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ നിര്‍മാതാക്കളാണ് ഐഷര്‍ മോട്ടോഴ്‌സ്. മൂന്നാം സ്ഥാനം ടിവിഎസ് മോട്ടോര്‍ കമ്പനിക്കും നാലാം സ്ഥാനം യമഹയ്ക്കുമാണ്. 8 ബില്യന്‍ ഡോളര്‍ മൂല്യമുള്ള ഹീറോ മോട്ടോകോര്‍പ്പാണ് അഞ്ചാം സ്ഥാനത്ത്.