വാഹന റീട്ടെയ്ല്‍ വില്‍പ്പനയില്‍ 9% വര്‍ധന

  • ഓട്ടോ റീട്ടെയ്ല്‍ മേഖല ശുഭാപ്തി വിശ്വാസത്തോടെയുമാണ് മുന്നേറുന്നത്

Update: 2023-10-12 11:00 GMT

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ   ആദ്യ പകുതിയില്‍ (ഏപ്രില്‍- സെപ്റ്റംബര്‍( രാജ്യത്തെ ഓട്ടോമൊബൈല്‍ റീട്ടെയില്‍ വില്‍പ്പനയില്‍ ഒന്‍പത് ശതമാനം വാര്‍ഷിക വളര്‍ച്ച. ഇരുചക്ര വാഹനങ്ങള്‍, ത്രീ വീലറുകള്‍, വാണിജ്യ വാഹനങ്ങള്‍, യാത്രാ വാഹനങ്ങള്‍, ട്രാക്ടറുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളിലും മുന്നേറ്റം പ്രകടമാണെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (എഫ്എഡിഎ) വ്യക്തമാക്കി.

മൊത്തം വാഹനവില്‍പ്പന 11.07 ദശലക്ഷം യൂണിറ്റായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 10.7 ദശലക്ഷം വാഹനങ്ങളാണ് മൊത്തം വില്‍പ്പന നടത്തിയത്. ഇക്കാലയളവില്‍ ഇരുചക്ര വാഹനങ്ങള്‍ ഏഴ് ശതമാനം, ത്രീ വീലറുകള്‍ 66 ശതമാനം, വാണിജ്യ വാഹനങ്ങള്‍ മൂന്ന് ശതമാനം, യാത്രാ വാഹനങ്ങള്‍ 6 ശതമാനം, ട്രാക്ടറുകള്‍ 14 ശതമാനം എന്നിങ്ങനെ വില്‍പ്പന നേട്ടം കൈവരിച്ചിട്ടുണ്ട്. 2022 സാമ്പത്തിക വര്‍ഷത്തക്കോള്‍ 38 ശതമാനം കൂടുതലാണിത്.

'ഇന്ത്യയില്‍ ഓട്ടോ റീട്ടെയ്ല്‍ മേഖല ജാഗ്രതയോടെയും ശുഭാപ്തി വിശ്വാസത്തോടെയുമാണ് മുന്നേറുന്നതെന്നും  വരും മാസങ്ങളിലും ഈ മുന്നേറ്റം പ്രകടമായിരിക്കും   എഫ്എഡിഎ പ്രസിഡന്റ് മനീഷ് രാജ് സിംഗാനിയ പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍  മുച്ചക്ര  വാഹന വിപണിയാണ് പ്രധാനമായും മുന്നേറ്റം കാഴ്ച്ചവച്ചിരിക്കുന്നത്. 5,33,353 യൂണിറ്റുകളാണ് ഈ വിഭാഗത്തില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3,21,964 വാഹനങ്ങളാണ് വിറ്റത്.

ഇരുചക്രവാഹന വിഭാഗത്തിന്റെ വില്‍പ്പന ഏഴ് ശതമാനം വര്‍ധിച്ച് 7.82 ദശലക്ഷം യൂണിറ്റിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 7.31 ദശലക്ഷം യൂണിറ്റായിരുന്നു വിറ്റഴിച്ചത്. എന്നിരുന്നാലും ഇരു ചക്രവാഹന വിപണി സമ്മര്‍ദ്ദത്തിലാണ്. 2019 ലെ ആദ്യ പകുതിയിലെ മികച്ച വില്‍പ്പനയിലെത്താന്‍ ഇപ്പോഴും ഈ മേഖലയ്ക്ക സാധിച്ചിട്ടില്ല. 9,727,200 ഇരു ചക്രവാഹനങ്ങളാണ് 2019 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വിറ്റത്.

'പാസഞ്ചര്‍ വാഹന വിപണിയില്‍ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും വളര്‍ച്ചയുടെ സൂചനയാണ് നല്‍കുന്നതെന്നും പ്രതിവര്‍ഷം ആറ് ശതമാനം വളർച്ച കാണിക്കുന്നുണ്ടെന്നും മനീഷ് രാജ് സിംഗാനിയ പറഞ്ഞു.

നടപ്പുവർഷത്തിന്‍റെ  ആദ്യ പകുതിയില്‍ ട്രാക്ടര്‍ മേഖല 20 ശതമാനം വില്പ്പന വളർച്ച കാണിച്ചു. ഈ കാലയളവില്‍ 4,44,340 യൂണിറ്റാണ് വിറ്റഴിച്ചത്. 2022 -23 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 389,815 യൂണിറ്റുകളായിരുന്നു.

Tags:    

Similar News