ഇന്‍ഫിനിറ്റി എന്ന അവസാന വാക്ക്

ലോകത്ത് ആദ്യമായി ബാക്കപ്പ് കൊളീഷന്‍ ഇന്റര്‍വെന്‍ഷന്‍ സംവിധാനം അവതരിപ്പിച്ചതും ഇന്‍ഫിനിറ്റിയാണ്. വാഹനം പിന്നോട്ടെടുക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള അപകടസാധ്യതയുണ്ടെങ്കില്‍ സ്വയം വാഹനത്തെ നിര്‍ത്തുന്ന ഈ സംവിധാനം സുരക്ഷയ്ക്ക് തന്നെ ഏറെ പ്രധാന്യം നല്‍കുന്നതാണ്.

;

Update: 2022-01-14 01:51 GMT
ഇന്‍ഫിനിറ്റി എന്ന അവസാന വാക്ക്
  • whatsapp icon

ഏഷ്യന്‍ വിപണിയില്‍ നിസാനും ടൊയോട്ടയുമെല്ലാം അപ്രമാദിത്വം നിലനിര്‍ത്തിയിരുന്ന കാലത്തും, ലക്ഷ്വറി കാര്‍ വിഭാഗം അമേരിക്കന്‍, യൂറോപ്യന്‍ വാഹന നിര്‍മാതാക്കളുടെ കുത്തകയായി തന്നെ തുടര്‍ന്നു. ഇതിനെ എങ്ങനെ മറികടക്കുമെന്നതായിരുന്നു പല ഏഷ്യന്‍ കാര്‍ നിര്‍മാതാക്കളുടേയും ആലോചന. സാധാരണക്കാരെ ലക്ഷ്യമിട്ട് ഇറക്കുന്ന അഫോഡബിള്‍ കാറുകള്‍ എന്നതില്‍ നിന്ന് നിലവിലെ ബ്രാന്‍ഡിന് കീഴില്‍ ലക്ഷ്വറി കാറുകളും ഇറക്കിയാല്‍ വിപണി എങ്ങനെ അതിനോട് പ്രതികരിക്കുമെന്നതായിരുന്നു ആശങ്ക.

ലക്ഷ്വറി വിഭാഗത്തിന് വേണ്ടി പുതിയ ബ്രാന്‍ഡ് ആരംഭിക്കുക എന്നതായിരുന്നു പോംവഴിയായി എല്ലാവരും കണ്ടത്. 60 കളുടെ മധ്യത്തില്‍ തന്നെ ലക്ഷ്വറി കാറുകള്‍ക്കായി ലക്‌സസ് ആരംഭിച്ച ടൊയോട്ടയ്ക്ക് ഇത് പരിധിവരെ പ്രശ്‌നമായിരുന്നില്ല. പ്രീമിയം സെഗ്മെന്റ് ലക്ഷ്വറി കാറുകള്‍ക്കായി നിസാനും പുതിയ ബ്രാന്റ് ആരംഭിക്കാന്‍ തീരുമാനമെടുത്തു. അങ്ങനെ 1985 ല്‍ ഇന്‍ഫിനിറ്റി എന്ന പുതിയ ബ്രാന്റ് ആരംഭിക്കാന്‍ നിസാന്‍ തീരുമാനിച്ചു.

തീരുമാനമെടുത്ത് പിന്നെയും രണ്ട് വര്‍ഷം കഴിഞ്ഞാണ് ഇന്‍ഫിനിറ്റി ലക്ഷ്വറി കാര്‍ വിഭാഗത്തിലേക്ക് കടന്നുവന്നത്. മുന്നോട്ടുള്ള പ്രയാണം എന്ന ആശയത്തിലൂന്നിയായിരുന്നു കമ്പനിയുടെ ലോഗോ തയ്യാറാക്കിയത്. ചക്രവാളത്തിലേക്ക് നീളുന്ന രണ്ട് വരകള്‍ ആയിരുന്നു ഇന്‍ഫിനിറ്റിയുടെ ചിഹ്നം.

1989 ല്‍ അമേരിക്കയില്‍ 51 ഡീലര്‍ഷിപ്പ് തുറന്നാണ് ഇന്‍ഫിനിറ്റിയുടെ തുടക്കം. ക്യു 45, എം 30 കൂപ്പെ തുടങ്ങിയ രണ്ട് മോഡലുകളാണ് ആദ്യമായി ഇന്‍ഫിനിറ്റി വിപണിയില്‍ അവതരിപ്പിച്ചത്. വിസ്താരമുള്ള സെഡാനായിരുന്നു ക്യു 45 എങ്കില്‍ പെര്‍ഫോര്‍മന്‍സിന് പ്രാധാന്യം കൊടുക്കുന്നുതായിരുന്നു എം 30. വളരെ വേഗത്തില്‍ തന്നെ ഇരു വാഹനങ്ങളും കസ്റ്റമേഴ്‌സിന്റേയും വിപണിയുടേയും പ്രീതി പിടിച്ചുപറ്റി.

വി ക്യു എന്‍ജിിന്‍

വിപണിക്കൊപ്പം കസ്റ്റമേഴ്‌സിന്റെ താല്‍പര്യവും കണക്കിലെടുത്തായിരുന്നു ഇന്‍ഫിനിറ്റിയുടെ ഓരോ ചുവടുവെപ്പും. എഞ്ചിന് കൂടുതല്‍ കരുത്ത് വേണമെന്ന് ആളുകള്‍ ആഗ്രഹിച്ചുതുടങ്ങുമ്പോഴേ അതിനനുസരിച്ച് റിസര്‍ച്ചും ഡിസൈനും തയ്യാറാക്കാന്‍ ഇന്‍ഫിനിറ്റി പ്രത്യേകം ശ്രദ്ധിച്ചു. 1995 ല്‍ വി ക്യു എഞ്ചിന്‍ അവതരിപ്പിച്ച് ഇന്‍ഫിനിറ്റി ഇക്കാര്യത്തില്‍ മറ്റ് വാഹനനിര്‍മാതാക്കളെ കവച്ചുവെച്ചു. ടോര്‍ക്ക്, ഇന്ധനക്ഷമത, ശക്തി
എന്നിവയില്‍ പുതിയ ചരിത്രമാണ് വി ക്യു സീരിസിലെ ആദ്യ എഞ്ചിനായ വി ആറ് കുറിച്ചത്. ഇന്‍ഫിനിറ്റിയുടെ ട്വിന്‍ ടര്‍ബോ വി ആറ് എന്‍ജിന്റെ മുന്‍ഗാമിയായിരുന്ന ഈ എന്‍ജിന്‍, അടുത്ത ഒന്നരപതിറ്റാണ്ട് കാലം ലോകത്തിലെ ഏറ്റവും മികച്ച 10 എന്‍ജിിനുകളില്‍ ഒന്നായി നിലകൊണ്ടു.

ഡിസൈനിലും ടെക്‌നോളജിയിലും ശ്രദ്ധിച്ചാണ് ഓരോ വാഹനവും ഇന്‍ഫിനിറ്റി പുറത്തിറക്കിയത്. 2001 ല്‍ തന്നെ കാറുകളില്‍ പുറം ക്യമറകള്‍ ഘടിപ്പിച്ചു. തൊട്ടടുത്ത വര്‍ഷം വോയിസ് റെക്കൊഗനിഷന്‍ സംവിധാനം വാഹനത്തില്‍ സജ്ജമാക്കിയാണ് ഇന്‍ഫിനിറ്റി എതിരാളികളെ ഞെട്ടിച്ചത്. സ്റ്റിയറിംഗില്‍ നിന്ന് കൈ എടുക്കാതെ തന്നെ വേണ്ട ഇന്‍സ്ട്രക്ഷന്‍സ് നല്‍കാമെന്നത് വാഹനം ഓടിക്കുന്നവര്‍ക്കും സൌകര്യപ്രദമായി. 2007 ല്‍ ഇന്‍ഫിനിറ്റി അവതരിപ്പിച്ച വിര്‍ച്ച്വല്‍ 360 പാര്‍ക്കിംഗ് സംവിധാനം ലോകത്തിലെ തന്നെ ആദ്യത്തേതായിരുന്നു.

പാര്‍ക്കിംഗ് സെന്‍സറുകള്‍

വാഹനത്തിന് ചുറ്റും സെന്‍സറുകളും ക്യാമറകളും ഘടിപ്പിച്ച് വാഹനത്തിന്റെ എല്ലാവശങ്ങളും മോണിറ്ററില്‍ കാണാന്‍ സാധിക്കുന്ന സംവിധാനമായിരുന്നു ഇത്. ഇതിലൂടെ വാഹനത്തിന്റെ പാര്‍ക്കിംഗ് സുഗമമായി. ഇതേ വര്‍ഷം തന്നെ ലൈന്‍ ഡിപാര്‍ച്ചര്‍ പ്രിവന്‍ഷെന്‍ സിസ്റ്റവും ഇന്‍ഫിനിറ്റി തങ്ങളുടെ കാറുകളില്‍ കൊണ്ടുവന്നു. യാത്രയ്ക്കിടെ റോഡിലെ നിയന്ത്രണരേഖകള്‍ അറിയാതെ ക്രോസ് ചെയ്താല്‍ വാഹനം മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം തന്നെ വാഹനം തിരികെ യഥാര്‍ത്ഥ ലൈനിലേക്ക് എത്താന്‍ വാഹനത്തെ സഹായിക്കുകയും ചെയ്യുന്നതായിരുന്നു ഈ സംവിധാനം. ലോകത്ത് ആദ്യമായി ബാക്കപ്പ് കൊളീഷന്‍ ഇന്റര്‍വെന്‍ഷന്‍ സംവിധാനം അവതരിപ്പിച്ചതും ഇന്‍ഫിനിറ്റിയാണ്. വാഹനം പിന്നോട്ടെടുക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള അപകടസാധ്യതയുണ്ടെങ്കില്‍ സ്വയം വാഹനത്തെ നിര്‍ത്തുന്ന ഈ സംവിധാനം സുരക്ഷയ്ക്ക് തന്നെ ഏറെ പ്രധാന്യം നല്‍കുന്നതാണ്.

2011 മുതല്‍ ഫോര്‍മുല വണ്‍ ഗ്രാന്റ് പ്രീയിലും ഇന്‍ഫിനിറ്റി നിറസാന്നിധ്യമായി. ഫോര്‍മുല വണ്‍ ചാമ്പ്യന്‍മാരായ റെഡ് ബുള്‍ റേസിംഗുമായി കൈകോര്‍ത്തായിരുന്നു ഫോര്‍മുല വണ്‍ ട്രാക്കിലേക്കുള്ള ഇന്‍ഫിനിറ്റിയുടെ അരങ്ങേറ്റം. നിരവധി മോഡലുകളാണ് ഇന്‍ഫിനിറ്റി ഇറക്കിയത്. ജി35 എന്ന സ്‌പോര്‍ട്‌സ് സെഡാനും സ്‌പോര്‍ട്‌സ് കൂപ്പെയും ലോകത്തിലെ തന്നെ ഏറ്റവും മികച്ച വാഹനത്തിനുള്ള നിരവധി പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കി. QX80, QX55,Q50,Q60,QX50, All New QX60 തുടങ്ങി എസ് യു വികളും സെഡാനുകളുമായി വലിയ നിര വാഹനങ്ങളാണ് ഇന്‍ഫിനിറ്റി ഇപ്പോള്‍ വിപണിയിലെത്തിക്കുന്നത്.

 

Tags:    

Similar News