ഓണം ബോക്സ് ഓഫിസില്‍ ഡിക്യു രാജാവാകുമോ? തിരിച്ചുവരവിന് നിവിന്‍ പോളി

  • കിംഗ് ഓഫ് കൊത്ത എത്തുന്നത് 50 കോടി രൂപ മുതല്‍ മുടക്കില്‍
  • നിവിന്‍ പോളിയുടെ ബോസ് എത്തുന്നതും ബിഗ് ബജറ്റില്‍
  • മിന്നല്‍മുരളി നിര്‍മാതാക്കളില്‍ നിന്ന് ആര്‍ഡിഎക്സ്

Update: 2023-08-22 13:15 GMT

ഏറെക്കാലത്തിനു ശേഷം ഓണക്കാലത്ത് ആഘോഷ മൂഡിലാണ് സിനിമാ വ്യവസായം. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും മറ്റു താരങ്ങളുടെയും ഒന്നിലധികം ചിത്രങ്ങള്‍ വരെ ഒന്നിച്ചെത്തിയിരുന്ന കാലമായിരുന്നു മലയാള സിനിമയെ സംബന്ധിച്ച് ഓണം സീസണ്‍. കാലം തെറ്റിയ മഴയും ഷെഡ്യൂളുകളിലെ അനിശ്ചിതാവസ്ഥയും പുതിയ റിലീസ് രീതികളും എല്ലാമെത്തിയതോടെ ഓണക്കാലത്തിന്‍റെ പ്രാധാന്യം കുറഞ്ഞു. ഓണം സീസണ്‍ ലക്ഷ്യമിട്ട് ചിത്രങ്ങളൊരുക്കുന്ന പ്രവണതയും ഇപ്പോഴില്ല. എന്നാല്‍ ഇത്തവണ ഓണം സീസണ്‍ മലയാളക്കരയില്‍ കളറാകുമെന്നാണ് സിനിമാ വ്യവസായത്തിന്‍റെ പ്രതീക്ഷ.

യുവതാരങ്ങളിലെ വമ്പന്‍മാര്‍ വലിയ മുതല്‍മുടക്കുള്ള ചിത്രങ്ങളുമായി കൊമ്പുകോര്‍ക്കുന്നു എന്നതാണ് ഇത്തവണ ഓണം റിലീസുകളെ ശ്രദ്ധേയമാക്കുന്നത്.


പാന്‍ ഇന്ത്യന്‍ താരമാകാന്‍ ദുല്‍ഖര്‍

പുതുതലമുറ മലയാള താരങ്ങളില്‍ കേരളത്തിനു പുറത്ത് ഏറ്റവുമധികം സ്വീകാര്യത സൃഷ്ടിച്ചെടുത്ത ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. കേരളത്തിലും കേരളത്തിനു പുറത്തും തന്‍റെ താരമൂല്യം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു ഗാംഗ്‍സ്‍റ്റര്‍ ഡ്രാമയുമായാണ് ഡിക്യു എത്തുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത്ത' സീ സ്റ്റുഡിയോസും ദുല്‍ഖറിന്‍റെ വേ ഫാറെര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മിച്ചിട്ടുള്ളത്. ഓഗസ്റ്റ് 24ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിനായി ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. പ്രിന്‍റിംഗിന്‍റെയും പബ്ലിസിറ്റിയുടെയും ചെലവുകളടക്കം 50 കോടി രൂപയുടെ മുതല്‍ മുടക്കിലാണ് 'കെഒകെ' ഒരുക്കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ 400ല്‍ അധികം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മറ്റ് വിപണികളില്‍ ഒരു മോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് ചിത്രത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രമുഖ നഗരങ്ങളില്‍ മികച്ച ബുക്കിംഗ് ഇതിനകം ചിത്രം നേടിക്കഴിഞ്ഞു.

ബോസായി നിവിന്‍പോളിയുടെ തിരിച്ചുവരവ്

ഓണത്തിനു തിയറ്ററുകളില്‍ എത്തുന്ന മറ്റൊരു പ്രമുഖ ചിത്രം നിവിന്‍ പോളിയുടെ 'രാമചന്ദ്ര ബോസ് & കോ' ആണ്. ഏറെക്കാലമായി ശക്തമായ ഒരു ബോക്സ്ഓഫിസ് വിജയത്തിന് കാത്തിരിക്കുന്ന നിവിനും ആരാധകരും ഏറെ പ്രതീക്ഷയാണ് ഈ ചിത്രത്തില്‍ വെച്ചിട്ടുള്ളത്. ലിസ്റ്റിന്‍ സ്റ്റീഫനും നിവിന്‍ പോളിയും ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രവും ബിഗ് ബജറ്റിലാണ് ഒരുക്കിയത്. ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ ഒരു കൊള്ളയുടെ കഥയാണ്  പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

മലയാളത്തില്‍ അതിവേഗം താരപദവിയിലേക്ക് എത്തുകയും തുടര്‍ച്ചയായി ഹിറ്റുകള്‍ നേടുകയും ചെയ്ത നടനായിരുന്നു 2019 വരെ നിവിന്‍ പോളി. എന്നാല്‍ പിന്നീട് താരം പലവിധ തിരിച്ചടികള്‍ നേരിട്ടു. കൊറോണ മഹാമാരി മൂലവും ചില പ്രൊജക്റ്റുകളില്‍ സംഭവിച്ച പാകപ്പിഴകള്‍ കാരണവും കഴിഞ്ഞ നാലു വര്‍ഷത്തോളമായി ബോക്സ്ഓഫിസില്‍ മികച്ചൊരു വിജയം താരത്തിന് സ്വന്തമായില്ല. ഗ്രേറ്റ്ഫാദര്‍ എന്ന ആദ്യ ചിത്രം ബ്ലോക്ക്ബസ്റ്ററാക്കി മാറ്റിയ ഹനീഫ് അദേനി ഒരിടവേളയ്ക്ക് ശേഷം ഒരുക്കുന്ന ചിത്രം ഈ പരാതിക്ക് അറുതി വരുത്തുമെന്നാണ് കരുതപ്പെടുന്നത്.

ഗള്‍ഫ് രാഷ്ട്രങ്ങളാണ് 'രാമചന്ദ്ര ബോസ് & കോ'യുടെ പ്രധാന ലൊക്കേഷന്‍. ഓഗസ്റ്റ് 25 ന് ചിത്രം തിയറ്ററുകളിലെത്തും. 


കറുത്തകുതിരയാകുമോ ആര്‍ഡിഎക്സ്

യുവാക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള മൂന്ന് താരങ്ങളെ ഒന്നിച്ച് അണിനിരത്തുന്ന ചിത്രമാണ് 'ആര്‍ഡിഎക്സ്'. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്‍റണി വര്‍ഗീസ് പെപ്പെ തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു. മലയാളത്തിലെ താരതമ്യേന ഉയര്‍ന്ന ബജറ്റില്‍ തന്നെയാണ് ഈ ചിത്രവും ഒരുങ്ങിയിട്ടുള്ളത്. ആഗോള ശ്രദ്ധ നേടിയ മിന്നല്‍മുരളിയുടെ നിര്‍മാതാക്കളാണ് ഈ ചിത്രത്തിന്‍റെ പിന്നില്‍.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേര്‍സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ഒരുക്കിയ ചിത്രം, നിര്‍മാണ ഘട്ടത്തില്‍ താരങ്ങള്‍ക്കിടയിലും താരങ്ങളും അണിയറ പ്രവര്‍ത്തകരും തമ്മിലും ഉണ്ടായ തര്‍ക്കങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. ഓണം ബോക്സ് ഓഫിസില്‍ കറുത്ത കുതിരയായി മുന്നേറി യുവാക്കളെ കൈയിലെടുക്കാന്‍ ചിത്രത്തിനായേക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ഓഗസ്റ്റ് 25ന് ചിത്രം തിയറ്ററുകളിലെത്തും. 

അച്ഛനൊരു വാഴവെച്ചു

ഓണത്തിന് തിയറ്ററുകളിലെത്തുന്നതിന് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള മറ്റൊരു ചിത്രമാണ് 'അച്ഛനൊരു വാഴവെച്ചു' . നിരഞ്ജന്‍ മണിയന്‍ പിള്ള രാജു മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം എ.വി. അനൂപ് നിര്‍മിക്കുന്ന 25-ാം ചിത്രം കൂടിയാണ്. സന്ദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എ.വി. അനൂപ് ഒരു പ്രധാന വേഷത്തില്‍ എത്തുകയും ചെയ്യുന്നു. ശാന്തികൃഷ്ണയാണ് മറ്റൊരു പ്രധാന വേഷത്തില്‍ ഫീല്‍ഗുഡ് ശൈലിയില്‍ ഒരുക്കിയ ചിത്രത്തിന് അതിന്‍റേതായ പ്രേക്ഷകരെ ഓണക്കാലത്ത് സ്വന്തമാക്കാന്‍ സാധിച്ചേക്കാം. 

Tags:    

Similar News