സെറ്റ ഫാംസ് ആസാമില്‍ പ്രവര്‍ത്തനം വിപുലമാക്കും

  • സെറ്റയുടെ തേയില ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 3.5 ദശലക്ഷം കിലോ ആക്കി ഉയര്‍ത്തും
  • തോട്ടങ്ങളിലെ കൃഷിയില്ലാത്ത ഭാഗത്ത് സീസണല്‍ വിളകള്‍ കൃഷി ചെയ്യും
  • സെറ്റ ഉടന്‍ സ്വന്തം ബ്രാന്‍ഡ് പുറത്തിറക്കും

Update: 2023-11-01 10:08 GMT

ടെക്-ഡ്രൈവണ്‍ അഗ്രികള്‍ച്ചര്‍ കമ്പനിയായ സെറ്റ ഫാംസ് ആസാമില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു. ആസാം ടീ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (എടിസിഎല്‍) കീഴിലുള്ള 7000 ഏക്കര്‍ വരുന്ന ബക്കഹോള ടീ എസ്റ്റേറ്റും രണ്ട് തേയില ഫാക്ടറികളും സെറ്റ ഫാംസ് പാട്ടത്തിനെടുത്തു. ഈ നീക്കം സെറ്റയുടെ തേയില ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 3.5 ദശലക്ഷം കിലോ ആയി ഉയര്‍ത്തും.

പങ്കാളിത്തത്തിന്റെ ഭാഗമായി, പത്ത് വര്‍ഷത്തേക്ക് ബക്കഹോളയുടെ തേയിലത്തോട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സെറ്റ കൈകാര്യം ചെയ്യും. സെറ്റ പ്രവര്‍ത്തനച്ചെലവ് വഹിക്കും, തേയിലയില്‍ നിന്നുള്ള വരുമാനം പങ്കിടുകയും ചെയ്യും.

എസ്റ്റേറ്റുകളിലെ കൃഷി ചെയ്യാത്ത ഭാഗങ്ങളില്‍ കടുക്, രാജ്മ, ലിന്‍സീഡ് തുടങ്ങിയ സീസണല്‍ വിളകള്‍ വളര്‍ത്തുന്നതിനൊപ്പം പണമൊഴുക്ക് പരമാവധിയാക്കുന്നതിന് ഡ്രോണുകളും സാറ്റലൈറ്റ് ഇമേജറിയും പോലുള്ള സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. തേയിലത്തോട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആര്‍പിജി ടീയുടെ വൈദഗ്ധ്യം സെറ്റ പ്രയോജനപ്പെടുത്തും.

തേയില ഉല്‍പ്പാദനം വര്‍ധിപ്പിക്കുക മാത്രമല്ല, വിദ്യാഭ്യാസത്തിലൂടെയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലൂടെയും പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യും.

അസമിലെ തേയില കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ അംഗീകരിച്ചുകൊണ്ട് മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സെറ്റ ഗണ്യമായി നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് സെറ്റയുടെ സഹസ്ഥാപകന്‍ റിതുരാജ് ശര്‍മ്മ പറയുന്നു.

സെറ്റ ഫാംസ് റ്റെടുത്തിട്ടുള്ള സംരംഭങ്ങള്‍ ഉല്‍പ്പാദന മെച്ചപ്പെടുത്തലുകള്‍ക്കപ്പുറം കര്‍ഷക സമൂഹത്തിലെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ആധുനിക സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

സെറ്റ നിലവില്‍ ആര്‍പിജി ടീ, ജയ്പൂര്‍ ചക്കി, വാഗ്ബക്രി, ഐടിസി തുടങ്ങിയ ഉപഭോക്താക്കള്‍ക്ക്  മൊത്തമായി തേയില വില്‍ക്കുന്നു. കൂടാതെ ഉടന്‍ തന്നെ സ്വന്തം ടീ ബ്രാന്‍ഡ് പുറത്തിറക്കാനും  ഉദ്ദേശിക്കുന്നു.

12 സംസ്ഥാനങ്ങളിലായി ഏകദേശം 16,000 ഏക്കറില്‍, കമ്പനി നെല്ല്, കരിമ്പ്, കാപ്പി, തേയില തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 57 കോടി രൂപയും നടപ്പ് സാമ്പത്തിക വര്‍ഷം 68 കോടി രൂപയും വരുമാനം നേടി.

 2014-ല്‍ ആരംഭിച്ച്,  2020-ല്‍ രജിസ്റ്റര്‍  ചെയ്ത്, ജയ്പൂര്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന  സെറ്റ് ഫാംസിന്റെ സ്ഥാപകര്‍ റിതുരാജ് ശര്‍മയും കൃഷ്ണ ജോഷിയുമാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ നിലനിര്‍ത്തിക്കൊണ്ടുപോകാവുന്ന കാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കുകയാണ് ചെയ്യുന്നത്. കമ്പനി ഇപ്പോള്‍ കാപ്പി, തേയില, തെങ്ങ്, പഴങ്ങളും പച്ചക്കറികളും തുടങ്ങി ഒട്ടേറെ വിഭാഗങ്ങളില്‍ കൃഷി ചെയ്യുന്നുണ്ട്. കര്‍ഷകരുടെ സഹായത്തോടെ 13 സംസ്ഥാനങ്ങളിലായി എഴുപതോളം വിളകള്‍ കമ്പനി കൃഷി ചെയ്യുന്നുണ്ട്. കര്‍ഷകര്‍ക്കു ന്യായമായ വരുമാനം ഉറപ്പാക്കുന്നതു ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി പ്ലാറ്റ്‌ഫോമാണ് സെറ്റ ഫാംസ്.

Tags:    

Similar News