വേള്‍ഡ് കോഫി കോണ്‍ഫറന്‍സിന് തുടക്കം; ശ്രദ്ധ നേടി കേരള പവലിയന്‍
- .കോഫി സ്റ്റാര്‍ട്ടപ്പുകള്‍, കോഫി റോസ്റ്ററുകള്‍, സ്‌പെഷ്യാലിറ്റി കോഫി ഗ്രോവേഴ്‌സ്, ചെറുകിട കര്‍ഷകര്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
- കഥകളി പ്രതിമയാണ് പവലിയനിലേക്ക് സന്ദര്‍ശകരെ സ്വീകരിക്കുന്നത്
- ഭൗമസൂചിക പട്ടികയില്‍ ഇടം പിടിച്ച വയനാടന്‍ റോബസ്റ്റ കോഫിയാണ് സമ്മേളനത്തില്‍ കേരളത്തിന്റെ ആകര്‍ഷണം.
തിരുവനന്തപുരം: അഞ്ചാമത് വേള്‍ഡ് കോഫി കോണ്‍ഫറന്‍സ് കര്‍ണ്ണാടകയില്‍ ആരംഭിച്ചു. ആദ്യമായാണ് ആഗോള കോഫി കോണ്‍ഫറന്‍സിന് ഒരു ഏഷ്യന്‍ രാജ്യം ആതിഥ്യം വഹിക്കുന്നത്. എണ്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള 2400 ഓളം നേതാക്കളും പ്രതിനിധികളുമാണ് ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴില്‍ പ്ലാന്റേഷന്‍ വകുപ്പ് രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ അന്താരാഷ്ട്ര സമ്മേളനമാണിത്.
'മുഴുനീള സമ്പദ് വ്യവസ്ഥയിലൂടെയും പുനരുല്‍പ്പാദന കൃഷിയിലൂടെയും സുസ്ഥിരത' എന്നതാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ പ്രമേയം. കാപ്പി കൃഷി മുതല്‍ വാണിജ്യാവസരങ്ങള്‍ ഒരുക്കുന്നതടക്കം സുസ്ഥിരമായ കാപ്പി വ്യവസായം കെട്ടിപ്പടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഉച്ചകോടി വേദിയാകും.കോഫി സ്റ്റാര്‍ട്ടപ്പുകള്‍, കോഫി റോസ്റ്ററുകള്‍, സ്‌പെഷ്യാലിറ്റി കോഫി ഗ്രോവേഴ്‌സ്, ചെറുകിട കര്‍ഷകര്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
വേള്‍ഡ് കോഫീ കോണ്‍ഫറന്‍സിലെ കേരള പവലിയന്‍ കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്യുന്നു.
കോണ്‍ഫറന്‍സിലെ കേരള പവലിയന്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പരമ്പരാഗത വാസ്തുശില്‍പ്പകല പ്രദര്‍ശിപ്പിക്കുന്ന പവലിയന്‍ കാണികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ്. കഥകളി പ്രതിമയാണ് പവലിയനിലേക്ക് സന്ദര്‍ശകരെ സ്വീകരിക്കുന്നത്. കാപ്പി മേഖലയുമായി ബന്ധപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ 14 സംരംഭക- വ്യക്തിഗത യൂണിറ്റുകളും വേള്‍ഡ് കോഫി കോണ്‍ഫറന്‍സില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നുണ്ട്.
കാപ്പി ഉത്പാദനത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളത്. കേരളത്തിന്റെ കാപ്പി ഉത്പാദനം 72,000 ടണ്‍ ആണ്. രാജ്യത്തെ മൊത്തം ഉത്പാദനത്തിന്റെ 20 ശതമാനം വരുമിത്. വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് സംസ്ഥാനത്ത് പ്രധാനമായും കാപ്പി ഉത്പാദനം നടക്കുന്നത്. രാജ്യാന്തര വിപണിയിലും ആഭ്യന്തര വിപണിയിലും ആവശ്യക്കാരേറെയുള്ള, ഭൗമസൂചിക പട്ടികയില്‍ ഇടം പിടിച്ച വയനാടന്‍ റോബസ്റ്റ കോഫിയാണ് സമ്മേളനത്തില്‍ കേരളത്തിന്റെ ആകര്‍ഷണം.