കാര്‍ഷിക കയറ്റുമതി 100 ബില്യണ്‍ ഡോളറായി ഉയരും
- നിലവില്‍ കാര്‍ഷിക കയറ്റുമതി 50 ബില്യണ്‍ ഡോളറാണ്
- നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ഇക്കൊല്ലവും കാര്‍ഷിക കയറ്റുമതി വര്‍ധിക്കുമെന്ന് ഗോയല്‍
- ഇന്‍ഡസ് ഫുഡ് ഷോയില്‍ 90 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍
നിലവില്‍ 50 ബില്യണ്‍ ഡോളറില്‍ കൂടുതലുള്ള ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതി 2030 ഓടെ 100 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ പറഞ്ഞു.
2030 ഓടെ 2 ട്രില്യണ്‍ യുഎസ് ഡോളറിന്റെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഇന്ത്യയുടെ ഈ 50 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതി 2030 ഓടെ നമ്മുടെ കയറ്റുമതി ഇരട്ടിയായി വര്‍ധിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,'' അദ്ദേഹം 2024 ഇന്‍ഡസ് ഫുഡ് ഷോയില്‍ പറഞ്ഞു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഭക്ഷണ-പാനീയ പ്രദര്‍ശനമാണിത്.
റെഡി ടു ഈറ്റ് ഫുഡ് സെഗ്മെന്റ് പോലുള്ള മേഖലകള്‍ക്ക് വളരാന്‍ വലിയ സാധ്യതയാണുള്ളത്. ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ സാങ്കേതിക നിലവാരത്തിലുള്ള ആവശ്യകതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം വ്യവസായങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുള്‍പ്പെടെ ചില പ്രധാന ചരക്കുകളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ കാര്‍ഷിക കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ 53 ബില്യണ്‍ യുഎസ് ഡോളറിനേക്കാള്‍ കൂടുതലായിരിക്കുമെന്ന് ഷോ ഉദ്ഘാടനം ചെയ്തുകൊണ്ട് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
കയറ്റുമതി നിരോധനവും ഈ ചരക്കുകളുടെ മേലുള്ള നിയന്ത്രണങ്ങളും ഈ സാമ്പത്തിക വര്‍ഷം ഏകദേശം 4-5 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതിയെ ബാധിച്ചേക്കുമെന്ന് നേരത്തെ വിലയിരുത്തലുണ്ടായിരുന്നു.
ഗോതമ്പ്, ബസ്മതി ഇതര വെള്ള അരി എന്നിവയുടെ കയറ്റുമതി സര്‍ക്കാര്‍ നിരോധിക്കുകയും പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.
90 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ലോകമെമ്പാടുമുള്ള 1,200 പ്രദര്‍ശകരും 7,500 ലധികം വാങ്ങലുകാരും മൂന്ന് ദിവസത്തെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ട്രേഡ് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മോഹിത് സിംഗ്ല പറഞ്ഞു.
ചോയിത്രാംസ്, കാരിഫോര്‍, ഖിംജി രാംദാസ്, ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്, നെസ്റ്റോ, മുസ്തഫ, എക്‌സ് 5, ലുലു, അല്‍മായ ഗ്രൂപ്പ്, സ്പാര്‍ തുടങ്ങിയ 80-ലധികം റീട്ടെയില്‍ ശൃംഖലകളും ഷോയില്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.