ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതിയില്‍ ഇടിവ്

  • കാര്‍ഷിക കയറ്റുമതി 5.88 ബില്യണ്‍ ഡോളറായി കുറഞ്ഞു
  • അടുത്ത ആറ് മാസത്തിനുള്ളില്‍ കഴിഞ്ഞ ഇടിവ് മറികടക്കാനാകുമെന്ന് സര്‍ക്കാര്‍
  • ബസ്മതി അരി, പുതിയ പച്ചക്കറികള്‍, പഴങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ വര്‍ധന

Update: 2024-07-20 06:40 GMT

ആഗോളതലത്തിലെ പ്രധാന പ്രതിസന്ധികളും ആഭ്യന്തര വിതരണത്തിലെ വീഴ്ചകളും കാരണം സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതി 5.88 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഏകദേശം മൂന്നുശതമാനം ഇടിവാണ് മേഖലയിലുണ്ടായത്.

ചെങ്കടല്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഷിപ്പിംഗ് ചെലവ് വര്‍ധിച്ചതും വിമാന ചരക്കുനീക്കവും, ചോളത്തിന്റെ ആഗോള വിലയിടിവും ഉള്‍പ്പെടുന്നതാണ് കാര്‍ഷിക മേഖലയിലെ നിലവിലെ വെല്ലുവിളികളെന്ന് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു.

ഇന്ത്യ ഏര്‍പ്പെടുത്തിയ ബസ്മതി ഇതര അരി ഉള്‍പ്പെടെയുള്ള ചില ധാന്യങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങളും അരി കയറ്റുമതി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഈ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍, ഇന്ത്യ കയറ്റുമതി ചെയ്ത അരി 2.8 ബില്യണ്‍ ഡോളറിന്റേതായിരുന്നു. ഈ ഇനങ്ങളുടെ കയറ്റുമതിയില്‍ 0.46 ശതമാനം കുറവാണ് ഉണ്ടായത്.

എന്നിരുന്നാലും, അടുത്ത ആറ് മാസത്തിനുള്ളില്‍ കഴിഞ്ഞ വര്‍ഷത്തെ അരി കയറ്റുമതിയില്‍ എത്താന്‍ ഇന്ത്യക്ക് കഴിയുമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു.

ലോജിസ്റ്റിക്സില്‍ ധാരാളം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് ചെങ്കടല്‍ പ്രതിസന്ധി കാരണം. അത് നിലനില്‍ക്കുകയും വിമാന ചരക്ക് ചെലവില്‍ വര്‍ധനവ് ഉണ്ടാകുകയും ചെയ്തു. യുഎസും ചൈനയും തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണം, കണ്ടെയ്നറുകളിലും ക്ഷാമം ഉണ്ടായിട്ടുണ്ട്.

ഇന്ത്യയില്‍ ചോളത്തിന്റെ നല്ല ഉല്‍പാദനമുണ്ടെങ്കിലും പ്രാദേശിക വില രാജ്യാന്തര വിലയേക്കാള്‍ കൂടുതലാണ്. അതുമൂലം ഈ വര്‍ഷം ചോളത്തിന്റെ കയറ്റുമതി കുറഞ്ഞു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ഗോതമ്പ്, ബസ്മതി ഇതര അരി, മില്ലറ്റ് ഉല്‍പന്നങ്ങള്‍ തുടങ്ങിയ നിയന്ത്രിത കാര്‍ഷിക ഇനങ്ങളുടെ കയറ്റുമതി നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ കുറഞ്ഞു.

മറുവശത്ത്, ബസ്മതി അരി, എരുമ മാംസം, പുതിയ പച്ചക്കറികള്‍, പഴങ്ങള്‍, ജ്യൂസുകള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ 3 ശതമാനം വളര്‍ച്ചയുണ്ടായി.

കയറ്റുമതി കൂടുതല്‍ ഉത്തേജിപ്പിക്കാന്‍ കഴിയുന്ന '25 ഫോക്കസ് ഉല്‍പ്പന്നങ്ങള്‍' തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഇനങ്ങളില്‍ ഉള്ളി, ബസ്മതി അരി, നിലക്കടല, കശുവണ്ടി, വാഴപ്പഴം, ഉരുളക്കിഴങ്ങ്, നെയ്യ്, മാതളനാരകം, പൈനാപ്പിള്‍ എന്നിവ ഉള്‍പ്പെടുന്നു.

അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ വ്യാപാരേതര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു.

Tags:    

Similar News