കാര്‍ഷിക കടം എഴുതിത്തള്ളണമെന്ന് പഞ്ചാബ് കര്‍ഷകരും

  • കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളോട് കര്‍ഷക ഫോറം കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയാണ് പഞ്ചാബില്‍ കടം എഴുതിത്തള്ളലിന് ആവശ്യപ്പെട്ടത്
  • തെലങ്കാനയിലെ കടം എഴുതിത്തള്ളല്‍ 31,000 കോടിയുടെ നഷ്ടം ഉണ്ടാക്കും

Update: 2024-06-24 10:30 GMT

കാര്‍ഷിക കടം എഴുതിത്തള്ളാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചത് കേന്ദ്രത്തിന് തിരിച്ചടിയായി. ഇപ്പോള്‍ പഞ്ചാബിലെ കര്‍ഷകര്‍ തങ്ങളുടെ കാര്‍ഷിക കടം കേന്ദ്ര സര്‍ക്കാര്‍എഴുതിത്തള്ളണമെന്ന് ആവശ്യപ്പെടുന്നു.

തെലങ്കാനയില്‍ രണ്ട്‌ലക്ഷം രൂപവരെയുള്ള കര്‍ഷകരുടെ വിള വായ്പകള്‍ എഴുതിത്തള്ളാന്‍ നേരത്തെ സംസ്ഥാനം തീരുമാനിച്ചിരുന്നു. ഇത് സംസ്ഥാനത്തിന് 31,000 കോടിയുടെ നഷ്ടം ഉണ്ടാക്കുമെന്ന് കരുതുന്നു. 40 ലക്ഷത്തോളം കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതിയെന്നാണ് തെലങ്കാന സര്‍ക്കാരിന്റെ വാദം. എന്നിരുന്നാലും, വായ്പകള്‍ ഒഴിവാക്കുന്നത് കര്‍ഷകര്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുമെന്നും കാര്‍ഷിക ദുരിതത്തിന് ദീര്‍ഘകാല പരിഹാരമല്ലെന്നും പ്രസ്താവിച്ചു.

തെലങ്കാന സര്‍ക്കാര്‍ കാര്‍ഷിക കടം എഴുതിത്തള്ളിയതോടെ പഞ്ചാബിലെ കര്‍ഷകരും സമാനമായ ആവശ്യം ഉന്നയിക്കുകയായിരുന്നു. ''തെലങ്കാന സര്‍ക്കാരിന്റെ എഴുതിത്തള്ളലിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, പഞ്ചാബ് കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ കേന്ദ്ര, പഞ്ചാബ് സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു'', കര്‍ഷക ഫോറം കിസാന്‍ മസ്ദൂര്‍ മോര്‍ച്ച പറഞ്ഞു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ 2018 ല്‍ വായ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ 5.63 ലക്ഷം കര്‍ഷകര്‍ക്ക് മാത്രമേ 4,610 കോടി രൂപയുടെ വായ്പ എഴുതിത്തള്ളാന്‍ കഴിഞ്ഞുള്ളൂ.

അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഇന്ത്യാ ബ്ലോക്ക് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെ വീണ്ടും പിന്തുണച്ചു. ഇന്ത്യ സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചാലുടന്‍, പഞ്ചാബിലെയും ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകരുടെയും കടങ്ങള്‍ ഞങ്ങള്‍ എഴുതിത്തള്ളും. ഒന്നിലധികം തവണ എഴുതിത്തള്ളല്‍ നടപ്പാക്കുന്നതിനായി ഒരു കമ്മീഷനെ രൂപീകരിക്കുമെന്നും തിരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്ത മഹാലക്ഷ്മി പദ്ധതിക്ക് പുറമെ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനവും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രധാനമായി ഉള്‍പ്പെടുത്തിയിരുന്നു.

Tags:    

Similar News