ഡാര്‍ജിലിംഗിലെ ഓറഞ്ച് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

  • സിലിഗുരിയിലെ ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവ്
  • ഉല്‍പ്പാദനം 20ശതമാനമായി കുറഞ്ഞു
  • നാഗ്പൂരില്‍നിന്നും ഓറഞ്ച് വടക്കന്‍ ബംഗാളിലെത്തുന്നതും വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു

Update: 2023-12-29 09:30 GMT

ഡാര്‍ജിലിംഗിലെ ഓറഞ്ച് കൃഷി ഇന്ന് കടുത്ത പ്രതിസന്ധിയെ നേരിടുന്നു. പഴക്കച്ചവടത്തിന്റെ ഹൃദയഭാഗമായ സിലിഗുരിയിലെ വ്യാപാരികള്‍ ഉല്‍പാദനത്തിലുണ്ടായ വന്‍ ഇടിവ് മൂലം വന്‍ നഷ്ടത്തിലാണ്.

ആകര്‍ഷകമായ രുചിക്കും മണത്തിനും പേരുകേട്ട വടക്കന്‍ ബംഗാളിലെ ഈ ഉല്‍പ്പന്നം ഇപ്പോള്‍ അതിജീവനത്തിനായി പാടുപെടുന്നു. ഉല്‍പ്പാദനം വെറും 20% ആയി കുറഞ്ഞതോടെ, ഈ മേഖലയിലെ ഓറഞ്ചിന്റെ ഭാവി ചോദ്യചിഹ്നമായി മാറുകയാണ്.

വടക്കന്‍ ബംഗാള്‍ എല്ലാ വര്‍ഷവും നവംബര്‍ മുതല്‍ ജനുവരി വരെ ഓറഞ്ച് കച്ചവടം കൊണ്ട് കോടിക്കണക്കിന് രൂപയാണ് നേടുന്നത്. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയ്ക്ക് കീഴിലുള്ള സിലിഗുരിയില്‍ സ്ഥിതി ചെയ്യുന്ന വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ മൊത്തവ്യാപാര വിപണിയായ റെഗുലേറ്റഡ് മാര്‍ക്കറ്റില്‍ രാജ്യത്തുടനീളമുള്ള നിരവധി വ്യാപാരികള്‍ തങ്ങളാല്‍ കഴിയുന്നത്ര സീസണല്‍ പഴങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിനായി ഒത്തുകൂടാറുണ്ടായിരുന്നു.

അതേസമയം, കഴിഞ്ഞ രണ്ട് വര്‍ഷമായി സ്ഥിതി മാറി. ഡാര്‍ജിലിംഗ്, കുര്‍സിയോങ്, കലിംപോങ് എന്നിവിടങ്ങളില്‍ ഓറഞ്ചിന്റെ ഉല്‍പാദനം കുറഞ്ഞു. ഓറഞ്ചിന്റെ ഉത്പാദനം 20 ശതമാനമായി കുറഞ്ഞതായി സിലിഗുരിയിലെ വ്യാപാരികള്‍ പറയുന്നു. സര്‍ക്കാരിന്റെ നിസ്സഹകരണവും പ്രധാന കാരണങ്ങളിലൊന്നാണ്.

'നാഗ്പൂരില്‍ നിന്നുള്ള കിനു ഇനം ഓറഞ്ച് വിപണിയെ നശിപ്പിക്കുന്നു. ഉയര്‍ന്ന വിലയെ തുടര്‍ന്ന് ഡാര്‍ജിലിംഗ് ഓറഞ്ചുകള്‍ക്ക് പകരം വിപണിയില്‍ ഇത് സ്ഥാനം പിടിച്ചു. അതിനാല്‍, സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണം', ഓറഞ്ച് വ്യാപാരിയായ ബിനോദ് റസ്‌തോഗി പറയുന്നു.

'ഡാര്‍ജിലിംഗ് ഓറഞ്ച് ലോകപ്രശസ്തമാണ്. വ്യാപാരികള്‍ ബംഗ്ലാദേശുമായി വന്‍തോതില്‍ പഴങ്ങളുമായി വ്യാപാരം നടത്തിയിരുന്നു. എന്നിരുന്നാലും, പരമാവധി കയറ്റുമതി നികുതി കാരണം വ്യാപാരികള്‍ താല്‍ക്കാലികമായി നിര്‍ത്തി. മാത്രമല്ല, വ്യത്യസ്ത ഇനം ഓറഞ്ചുകളും ഡാര്‍ജിലിംഗ് ഓറഞ്ചിനെ നശിപ്പിക്കുന്നു', മറ്റൊരു വ്യാപാരിയായ രഞ്ജിത് കുമാര്‍ പ്രസാദ് പറയുന്നു.

ജൈവ വളങ്ങളുടെ ലഭ്യതയിലും കര്‍ഷകര്‍ പ്രതിസന്ധി നേരിടുന്നുണ്ട്.

Tags:    

Similar News