ആന്ധ്രയിലും കര്‍ണാടകയിലും നെല്‍ക്കൃഷിയില്‍ ഇടിവ്; അരി വരവില്‍ ആകാംക്ഷയുമായി കേരളം

  • രാജ്യത്തെ മൊത്തം കണക്കില്‍ നെല്ലു വിതച്ച ഭൂമിയുടെ അളവ് 3.38% വർധിച്ചു
  • ഓഗസ്റ്റ് 2 വരെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4% അധികം മണ്‍സൂണ്‍ മഴ
  • കര്‍ണാടകയിലും ആന്ധ്രയിലും നെല്ലു വിതച്ച ഭൂമിയില്‍ 1 ലക്ഷം ഹെക്ടറിലധികം കുറവ്

Update: 2023-08-05 12:00 GMT

രാജ്യത്ത് ഖാരിഫ് സീസണിൽ  ഇതുവരെയുള്ള കണക്കുപ്രകാരം നാലു സംസ്ഥാനങ്ങളിലെ നെല്‍ക്കൃഷി കുറഞ്ഞു.  കാർഷിക മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് ഒഡീഷ, കർണാടക, അസം, ആന്ധ്രാപ്രദേശ് എന്നീ നാല് സംഥാനങ്ങളിലാണ് നെല്ല് വിതച്ച ഭൂമി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുള്ളത്. അരിക്കായി കേരളം ഏറെ ആശ്രയിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നെല്‍ക്കൃഷിയിലും ഉല്‍പ്പാദനത്തിലും ഉണ്ടാകുന്ന കുറവ് സംസ്ഥാനത്തിന്‍റെ അരിലഭ്യതയിലും അരിവിലയിലും സ്വാധീനം ചെലുത്തിയേക്കാം.

രാജ്യത്ത് ഈ ഖാരിഫ് സീസണില്‍ ഇതുവരെ നെല്ലു വിതച്ച ഭൂമിയുടെ അളവ് 3.38 ശതമാനം വർധിച്ച് 283 ലക്ഷം ഹെക്ടറിലെത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 273.73 ലക്ഷം ഹെക്ടറിലായിരുന്നു നെല്‍ക്കൃഷി നടന്നിരുന്നത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ജൂൺ 1 മുതൽ ഓഗസ്റ്റ് 2 വരെയുള്ള കാലയളവില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്  4 ശതമാനം അധികം മണ്‍സൂണ്‍ മഴ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യയിൽ 24 ശതമാനത്തിന്റെ കുറവാണ് മണ്‍സൂണ്‍ മഴയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 

ഓഗസ്റ്റ് 4 വരെയുള്ള കണക്കനുസരിച്ച് ഒഡീഷയിലെ നെല്‍ക്കൃഷി ഇതുവരെ 12.35 ലക്ഷം ഹെക്ടറിലാണ്, മുൻ വർഷം ഇതേ കാലയളവിൽ 16.41 ലക്ഷം ഹെക്ടറായിരുന്നു. ആസാമിലും നെല്‍ക്കൃഷി 14 ലക്ഷം ഹെക്ടറിൽ നിന്ന് 12.45 ലക്ഷം ഹെക്ടറായി കുറഞ്ഞു, ആന്ധ്രാപ്രദേശിൽ 6.66 ലക്ഷം ഹെക്ടറിൽ നിന്ന് 5.48 ലക്ഷം ഹെക്ടറായി കുറഞ്ഞു. കർണാടകയിൽ, മുൻ വർഷം ഇതേ കാലയളവിലെ 3.24 ലക്ഷം ഹെക്ടറിൽ നിന്ന് നെല്‍ക്കൃഷി 2.23 ലക്ഷം ഹെക്ടറായി കുറഞ്ഞു.

മൊത്തം വിളകള്‍ക്ക് അഭിവൃദ്ധി

പയറുവർഗങ്ങളുടെ കാര്യത്തിൽ, ഇക്കാലയളവില്‍ രാജ്യത്തെ മൊത്തം കൃഷി മുൻവർഷത്തെ 117.86 ലക്ഷം ഹെക്ടറിൽ നിന്ന് 106.88 ലക്ഷം ഹെക്ടറായി കുറഞ്ഞു. പയറുവർഗങ്ങളുടെ പ്രധാന ഉൽപാദന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ വിളവ് കുറവായിരുന്നു.നാടൻ ധാന്യങ്ങളുടെ കൃഷി 162.43 ലക്ഷം ഹെക്ടറിൽ നിന്ന് 164.20 ലക്ഷം ഹെക്ടറായി മെച്ചപ്പെട്ടു.എണ്ണക്കുരുക്കൃഷി 175.10 ലക്ഷം ഹെക്ടറിൽ നിന്ന് 179.56 ലക്ഷം ഹെക്ടറിൽ നേരിയ തോതിൽ മെച്ചപ്പെട്ടു.

നാണ്യവിളകളിൽ, കരിമ്പ്  56.06 ലക്ഷം ഹെക്ടറിലേക്ക് ഉയർന്നു, മുൻ വര്ഷം 54.67 ലക്ഷം ഹെക്ടറായിരുന്നു. എന്നാൽ പരുത്തി 120.94 ലക്ഷം ഹെക്ടറിൽ നിന്ന് 119.21 ലക്ഷം ഹെക്ടറിലേക്ക് കുറഞ്ഞം. ഈ ഖാരിഫ് സീസണിൽ ഓഗസ്റ്റ് 4 വരെ നെൽകൃഷി 2.23 ലക്ഷം ഹെക്ടറായി കുറഞ്ഞു. ചണം വിതച്ച ഭൂമിയുടെ അളവ് ഈ സീസണിൽ  6.55 ലക്ഷം ഹെക്ടറായി കുറഞ്ഞു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 6.94 ലക്ഷം ഹെക്ടറായിരുന്നു.

പ്രസ്തുത കാലയളവിൽ ഖാരിഫ് വിളകൾ മൊത്തത്തില്‍  911.68 ലക്ഷം ഹെക്ടറിൽ നിന്ന് 915.46 ലക്ഷം ഹെക്ടറായി മെച്ചപ്പെട്ടു.


Tags:    

Similar News