വിളവെടുക്കാന്‍ എളുപ്പമുള്ള അവക്കാഡോ വരുന്നു
- ലൂണ യുസിആര്‍ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്
- ലൂണ ചെടി നട്ട് 3-5 വര്‍ഷത്തിനുള്ളില്‍ കായ്ച്ചു തുടങ്ങും
- കൂടുതല്‍ കാലം കേടുകൂടാതെ സംഭരിച്ചുവയ്ക്കാം
കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ വിളവെടുക്കാന്‍ സാധിക്കുന്ന പുതിയ ഇനം അവക്കാഡോ എത്തുന്നു. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, റിവര്‍സൈഡ് ( യുസിആര്‍) ആണ് ചെറിയ മരത്തില്‍ വളരുന്ന അവക്കാഡോ ഇനം വികസിപ്പിച്ചെടുത്തിട്ടുള്ളത്. ലൂണ യുസിആര്‍ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്.
ചെറിയ മരത്തില്‍ വളരുന്നതിനാല്‍ കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ വിളവെടുക്കാമെന്നാണ് യൂണിവേഴ്‌സിറ്റി അഭിപ്രായപ്പെടുന്നത്. മാത്രവുമല്ല മികച്ച രൂചിയും മണവും പ്രദാനം ചെയ്യുന്നു. വിളവെടുപ്പിനുശേഷം കൂടുതല്‍ കാലം കേടുകൂടാതെ സംഭരിച്ചുവയ്ക്കാനും സാധിക്കുന്നുവെന്ന് ഈ കണ്ടുപിടുത്തത്തില്‍ പങ്കാളിയായ മേരി ലൂ അര്‍പായ് പറയുന്നു.
ചെറിയ മരമായതിനാല്‍ കൂടുതല്‍ ചെടികള്‍ നടുവാന്‍ സാധിക്കുമെന്നതും ലൂണയുടെ പ്രത്യേകതയായി യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ അതിശയകരമായ രുചി നല്‍കുന്നതും ആഗോളതലത്തില്‍ വാണിജ്യ പ്രധാനമുള്ളതുമായ ഹാസ് ഇനത്തേക്കാള്‍ മികച്ച രുചി നല്‍കുന്നതാണ് ലൂണയെന്ന് യൂണിവേഴ്‌സിറ്റി അവകാശപ്പെടുന്നു. അരനൂറ്റാണ്ടു കാലത്തെ ഗവേഷണത്തിനൊടുവിലാണ് യൂണിവേഴ്‌സിറ്റി ലൂണ പുറത്തിറക്കിയിട്ടുള്ളത്.
ലൂണ ചെടി നട്ട് 3-5 വര്‍ഷത്തിനുള്ളില്‍ കായ്ച്ചു തുടങ്ങുമെന്നാണ് കണക്കാക്കുന്നു. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിക്കായി ലൂണ എത്താല്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. 2003-ല്‍ ജെം എന്നയിനം പുറത്തിറക്കിയതിനുശേഷം ഇപ്പോഴാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ പുതിയ ഇനം വികസിപ്പിച്ചു പുറത്തിറക്കുന്നത്. കാലാവസ്ഥ, കീടങ്ങള്‍ എന്നിവയോടു നല്ല രീതിയില്‍ കൂടുതല്‍ ശക്തമായി പ്രതികരിക്കാന്‍ ലൂണയ്ക്കു കഴിയുമെന്നാണ് യൂണിവേഴ്‌സിറ്റി പ്രതീക്ഷിക്കുന്നത്.