കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതി; 30.21 ബില്യണ്‍ ഡോളറിലെത്തിയെന്ന് കേന്ദ്രം
- ഗോതമ്പ്, ബസുമതി അരി, അസംസ്‌കൃത പരുത്തി, ആവണക്കെണ്ണ, കാപ്പി, പഴങ്ങള്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന പ്രധാന ചരക്കുകള്‍.
ഡെല്‍ഹി: രാജ്യത്തെ കാര്‍ഷിക - കാര്‍ഷിക അനുബന്ധ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ 11.97 ശതമാനം വര്‍ധനയുണ്ടായെന്ന് കേന്ദ്ര കൃഷി മന്ത്രാലയം. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇത്തരത്തിലുള്ള ചരക്കുകളുടെ കയറ്റുമതിയുടെ ആകെ മൂല്യം 30.21 ബില്യണ്‍ യുഎസ് ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 26.98 ബില്യണ്‍ യുഎസ് ഡോളറിന്റെ കാര്‍ഷിക- കാര്‍ഷിക ഇതര ഉത്പന്നങ്ങളുടെ കയറ്റുമതിയാണ് നടന്നത്.
ഗോതമ്പ്, ബസുമതി അരി, അസംസ്‌കൃത പരുത്തി, ആവണക്കെണ്ണ, കാപ്പി, പഴങ്ങള്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന പ്രധാന ചരക്കുകള്‍. 2020 ജൂലൈയില്‍ 'കിസാന്‍ റെയില്‍' സര്‍വീസ് ആരംഭിച്ചതോടെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ ചരക്ക് നീക്കത്തില്‍ പുരോഗതിയുണ്ടായതായി മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ഡിസംബര്‍ വരെ രാജ്യത്ത് 167 റൂട്ടുകളില്‍ കിസാന്‍ റെയിലുകള്‍ സര്‍വീസ് നടത്തിയിരുന്നു.
22 സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 1,260 മൊത്തവ്യാപാര സ്ഥാപനങ്ങള്‍ ഇലക്ട്രോണിക്-നാഷണല്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റുമായി (ഇ-നാം) സംയോജിപ്പിച്ചിട്ടുണ്ട്. 1.72 കോടി കര്‍ഷകരും 2.13 ലക്ഷം വ്യാപാരികളും ഈ മാസം വരെ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം ഇറക്കിയ അറിയിപ്പിലുണ്ട്.