ക്ഷേമ പദ്ധതികള്‍ക്കാവശ്യമായ ധാന്യ ശേഖരമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

  • അവശ്യസാധനങ്ങളുടെ വില സര്‍ക്കാര്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

Update: 2022-12-18 06:58 GMT

ഡെല്‍ഹി: ഭക്ഷ്യ സുരക്ഷ നിയമത്തിനും, മറ്റ് ക്ഷേമ പദ്ധതികള്‍ക്കും കീഴിലുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഭക്ഷ്യധാന്യ ശേഖരം ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. അവശ്യസാധനങ്ങളുടെ വില സര്‍ക്കാര്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ജനുവരി ഒന്നിന് 138 ലക്ഷം ടണ്‍ ഗോതമ്പും 76 ലക്ഷം ടണ്‍ അരിയും ശേഖരത്തില്‍ വേണമെന്ന മാനദണ്ഡങ്ങള്‍ക്കുപരിയായി ജനുവരി ഒന്നിന് ഏകദേശം 159 ലക്ഷം ടണ്‍ ഗോതമ്പും, 104 ലക്ഷം ടണ്‍ അരിയും ലഭ്യമാകും. ഡിസംബര്‍ 15 വരെയുള്ള കണക്കനുസരിച്ച് 180 ലക്ഷം ടണ്‍ ഗോതമ്പും 111 ലക്ഷം ടണ്‍ അരിയും കേന്ദ്ര ശേഖരത്തിലുണ്ട്.

ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1, ജനുവരി 1 എന്നിങ്ങനെ വര്‍ഷത്തിലെ പ്രത്യേക തീയതികളില്‍ ഭക്ഷ്യധാന്യ ശേഖരം സംബന്ധിച്ച ബഫര്‍ മാനദണ്ഡങ്ങള്‍ വിഭാവനം ചെയ്തിട്ടുണ്ടെന്നും, കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഗോതമ്പിന്റെയും അരിയുടെയും ശേഖരം എല്ലായ്‌പ്പോഴും ബഫര്‍ മാനദണ്ഡങ്ങള്‍ക്ക് മുകളിലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഒക്ടോബര്‍ ഒന്നിന് 205 ലക്ഷം ടണ്‍ ഗോതമ്പും 103 ലക്ഷം ടണ്‍ അരിയും ബഫര്‍ മാനദണ്ഡമനുസരിച്ച് വേണ്ടിയിരുന്നു. എന്നാല്‍, 2022 ഒക്ടോബര്‍ ഒന്നിന് ഏകദേശം 227 ലക്ഷം ടണ്‍ ഗോതമ്പും 205 ലക്ഷം ടണ്‍ അരിയും ലഭ്യമായിരുന്നു. കഴിഞ്ഞ സീസണില്‍ ഗോതമ്പ് ഉത്പാദനം കുറവായിരുന്നു. ആഗോളതലത്തില്‍ നിലവിലുള്ള സാഹചര്യത്തെത്തുടര്‍ന്ന് ഓപ്പണ്‍ മാര്‍ക്കറ്റില്‍ മിനിമം താങ്ങുവിലയേക്കാള്‍ (എംഎസ്പി) ഉയര്‍ന്ന വിലയ്ക്ക് കര്‍ഷകര്‍ വിറ്റ ഗോതമ്പിന്റെ അളവും കുറവായിരുന്നെങ്കിലും, അടുത്ത വിളവെടുപ്പ് വരെ കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ ആവശ്യത്തിന് ഗോതമ്പ് ശേഖരം ഇപ്പോഴുമുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കൂടാതെ, ആവശ്യത്തിന് ഗോതമ്പ് ശേഖരം ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എന്‍എഫ്എസ്എ), പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെവൈ) എന്നിവയ്ക്ക് കീഴിലുള്ള വിഹിതവും അരിക്ക് പ്രാധാന്യം നല്‍കുന്ന വിധത്തില്‍ പരിഷ്‌കരിച്ചു. പിഎംജികെവൈ പ്രകാരം, എന്‍എഫ്എസ്എയുടെ കീഴില്‍ വരുന്ന 80 കോടി ജനങ്ങള്‍ക്ക് കേന്ദ്രം പ്രതിമാസം അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നുണ്ട്.

ഗോതമ്പിന്റെ 2022-23 ലെ മിനിമം താങ്ങുവില ക്വിന്റലിന് 2,015 രൂപയായിരുന്നത് കേന്ദ്ര സര്‍ക്കാര്‍ മിനിമം താങ്ങുവില ക്വിന്റലിന് 2,125 രൂപയായി ഉയര്‍ത്തി. ക്വിന്റലിന് 110 രൂപയുടെ താങ്ങു വില വര്‍ധനയും സാമാന്യം നല്ല കാലാവസ്ഥയും കൂടി വരുന്നതോടെ, അടുത്ത സീസണില്‍ ഗോതമ്പിന്റെ ഉത്പാദനവും സംഭരണവും സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ഏപ്രില്‍ മുതല്‍ ഗോതമ്പ് സംഭരണം ആരംഭിക്കും, പ്രാഥമിക വിലയിരുത്തല്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗോതമ്പ് കൃഷിയില്‍ ന്യായമായ വര്‍ധന ഉണ്ടായിട്ടുണ്ട്.


Tags:    

Similar News