രാജ്യത്ത് അരി വിലയില്‍ 15% വര്‍ധന, പാമോയില്‍ വിലയും ഉയരുന്നു

  • 2022-23 ലെ ഖാരിഫ് സീസണിലെ അരിയുത്പാദനം 104.99 ദശലക്ഷം ടണ്ണായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Update: 2023-01-03 06:32 GMT

ഡെല്‍ഹി: രാജ്യത്ത് അരി, പാമോയില്‍ എന്നിവയുടെ വില ഉയരുന്നു. കഴിഞ്ഞ ഒരു മാസമായി അരി വില 15 ശതമാനത്തോളമാണ് ഉയര്‍ന്നിരിക്കുന്നത്. പാമോയില്‍ വില വരുന്ന ആഴ്ച്ചകളില്‍ ലിറ്ററിന് അഞ്ച് രൂപ മുതല്‍ ഏഴ് രൂപ വരെ ഉയര്‍ന്നേക്കും. ബസ്മതി അരി കിലോയ്ക്ക് 110 രൂപയാണ് ഇപ്പോഴത്തെ വില. ഒരു മാസം മുന്‍പ് ഇത് 95 രൂപയായിരുന്നു.

പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അരി നശിച്ചതിനാല്‍ ആഗോള വിപണിയില്‍ അരിക്ക് മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയില്‍ മില്ലുടമകള്‍ അരി ശേഖരിച്ചു വെച്ചതാണ് വില വര്‍ധനയ്ക്ക് കാരണമെന്നാണ് കച്ചവടക്കാര്‍ ആരോപിക്കുന്നു.

ബസ്മതി ഇതര അരി ഇനങ്ങളുടെ വിലയും ഉയരുകയാണ്. ഖാരിഫ് വിളയില്‍ കുറവുണ്ടായേക്കാമെന്ന സൂചന, സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷ പദ്ധതി പിന്‍വലിക്കല്‍, നേപ്പാളിലേക്കുള്ള നികുതിയില്ലാതെയുള്ള നെല്ല് കയറ്റുമതി എന്നിവയാണ് ഇതിനു കാരണം. 2022-23 ലെ ഖാരിഫ് സീസണിലെ അരിയുത്പാദനം 104.99 ദശലക്ഷം ടണ്ണായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇത് 2021-22 ലെ 111.76 ദശലക്ഷം ടണ്‍ അരി ഉത്പാദനത്തെക്കാള്‍ 6.77 ദശലക്ഷം ടണ്‍ കുറവാണ്. കൂടാതെ, കോവിഡ് കാലത്ത് ആരംഭിച്ച സൗജന്യ ഭക്ഷ്യ വിതരണ പദ്ധതിയായ പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന 2022 ഡിസംബര്‍ 31 ന് അവസാനിപ്പിച്ചതും വില വര്‍ധനയ്ക്ക് ഒരു കാരണമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Tags:    

Similar News