വായനയൊന്നും അങ്ങനെ പൊയ്‌പ്പോകൂല, ട്രെന്റ് എത്ര മാറിയാലും

  • ഇംഗ്ലീഷ് പുസ്തകത്തിന് വിപണിയില്‍ മൊത്തത്തിലൊരു പ്രിയമുണ്ട്.

Update: 2023-06-19 12:30 GMT

ഇന്ന് പിഎന്‍ പണിക്കരുടെ ചരമദിനമാണ്. കേരളത്തിന്റെ വായനാ ദിനമാണിത്. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വാങ്ങുകയും വായിക്കുകയും ചെയ്യുന്നത് കേരളത്തിലാണെന്നാണ് പറയപ്പെടുന്നത്.

പുസ്തകത്തിനും വായനയ്ക്ക് എല്ലാ കാലത്തും ആവശ്യക്കാരുണ്ട്. പുതിയ ആളുകള്‍ കടന്നു വരുന്നുമുണ്ട്. എന്നാല്‍ കുതിച്ചുയരുന്ന നമ്മുടെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വായന ഒരല്‍പ്പം കുറവാണ്. എന്നാലും പുതിയൊരു പുസ്തകം കയ്യില്‍ കിട്ടിയാല്‍ ഒന്നു മണത്ത് നോക്കി ഓര്‍മ്മകളിലേക്ക് ചേക്കേറാന്‍ നമുക്ക് സാധിക്കും. പക്ഷേ അവിടെ വ്യത്യസ്തരാണ് പുതിയ തലമുറ. പ്രിന്റ് മീഡിയയേക്കാള്‍ ഡിജിറ്റല്‍ മീഡിയയാണ് ഇത്തരക്കാര്‍ക്ക് പ്രിയം. എല്ലാവരേയുമല്ല പക്ഷേ കുറച്ചധികം പേര്‍. ചുരുക്കിപ്പറഞ്ഞാല്‍ ഡിജിറ്റല്‍ മീഡിയ ഇപ്പോഴും ട്രെന്‍ഡിലാണ്.

മലയാള പുസ്തക വായനയേയും വിപണിയേയും നിയന്ത്രിക്കുന്ന നട്ടെല്ല് ഇപ്പോഴും ലൈബ്രറികള്‍ തന്നെയാണ്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുതല്‍ സ്‌ക്കൂള്‍-കോളെജ് ലൈബ്രറികള്‍ തുടങ്ങി സ്വകാര്യ ലൈബ്രറികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേത് അടക്കം വിവിധ ലൈബ്രറികളും ഇതില്‍ പെടുന്നു.

ഫിക്ഷന്‍ തന്നെ രാജാവ്

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നതും വായിക്കപ്പെടുന്നതും ഫിക്ഷന്‍ തന്നെയാണ്. എഴുത്തുകാരുടെ പേര് വലിയ തോതില്‍ വായനക്കാരെ സ്വാധീനിക്കപ്പെടുന്നുണ്ട്. അറിയപ്പെടുന്ന എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് തന്നെയാണ് ഇപ്പോഴും കൂടുതല്‍ വായനക്കാര്‍. അല്ലാത്തവ പതുക്കെ തന്നെയാണ് വായിക്കപ്പെടുന്നത്. ക്ലാസിക്കല്‍ പുസ്തകങ്ങളുടെ വായനക്കാര്‍ക്ക് ഭാഷ പ്രശ്‌നമല്ലെന്നതിനാല്‍ എക്കാലത്തേയും ക്ലാസിക്കുകള്‍ 'ക്ലാസ് ആയിത്തന്നെ' നിലനില്‍ക്കുന്നു.

എടുത്തു പറയേണ്ട മറ്റൊന്നു സഞ്ചാര സാഹിത്യങ്ങളാണ്. മനുഷ്യന്റെ യാത്രാപ്രേമം കൂടുതല്‍ ഗൗരവമായതോടെ യാത്രാവിവരണ പുസ്തകങ്ങള്‍ക്ക് വലിയ വായനക്കാരെത്തുന്നുണ്ട്. വിപണിയും ബിസിനസും സജ്ജീവമായത് മുതല്‍ ബിസിനസ് പു്‌സകങ്ങള്‍ക്കും, മോട്ടിവേഷണല്‍ പുസ്തകങ്ങള്‍ക്കും വായനാ ശ്രദ്ധ ലഭിക്കുന്നുണ്ട്.

വായനക്കാര്‍ വിസ്മരിക്കാത്ത മറ്റൊന്നാണ് ചരിത്ര പുസ്തകങ്ങള്‍. മനു എസ് പിള്ളയുടേത് പോലുള്ള ചരിത്രത്തില്‍ തന്നെ പുതിയ അന്വേഷണങ്ങള്‍ കടന്നുവരുന്ന ചരിത്ര പുസ്തകങ്ങള്‍ക്ക് വായനക്കാരുടെ ഡിമാന്റുണ്ട്.

കുഞ്ഞു വായനക്കാര്‍

കുട്ടികള്‍ക്ക് ഏറ്റവും പ്രിയം ഇംഗ്ലീഷ് വായനയോടാണ്. ഇംഗ്ലീഷ് ഭാഷയുടെ സ്വാധീനം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ധിച്ചുവരുന്നതാണ് ഇതിനാധാരം. ഹാരീപോട്ടര്‍ പോലുള്ള ബുക്ക് സീരീസും ജെറോണിമോ സ്റ്റില്‍ടണ്‍സ്, റസ്‌കിന്‍ബോണ്ട് പോലുള്ള ഇന്റര്‍നാഷണല്‍ എഴുത്തുകരുടെ പുസ്തക പരമ്പരകള്‍ക്കും ജപ്പാന്റെ മാങ്കാ സീരീസിനും കുട്ടികള്‍ക്കിടയില്‍ മികച്ച സ്വാധീനമുണ്ട്. കുട്ടികളെ ആകര്‍ഷിക്കാന്‍ മലയാള ബാലസാഹിത്യത്തില്‍ ഇത്തരത്തില്‍ എടുത്തുപറയത്തക്ക സീരീസുകളൊന്നും ഇല്ലെന്നതും വസ്തുതയായി ചൂണ്ടിക്കാട്ടുകയാണ് ഡിസി ബുക്ക്‌സിന്റെ സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവും അക്ബര്‍ കക്കട്ടില്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ പ്രസിഡന്റുമായ വിപിന്‍ വട്ടോളി.

ഇംഗ്ലീഷ് പുസ്തകത്തിന് വിപണിയില്‍ മൊത്തത്തിലൊരു പ്രിയം പ്രകടമാണ്. ഇതിന് കാരണം വില കുറവ് തന്നെയാണ്. പകുതിയിലദികം വിലക്കുറവില്‍ കണ്ടെയ്‌നര്‍ പുസ്തകങ്ങള്‍ പോലുള്ളവ ലഭിക്കുമെന്നതാണ് ഇതിന് കാരണം. ഏത് പുസ്തകങ്ങള്‍ക്ക് വിലയിലുള്ള ഇടിവ് ചെറുതല്ലാത്ത ആവശ്യക്കാരെ ഇംഗ്ലീഷ് പുസ്തകള്‍ക്ക് നല്‍കുന്നുണ്ട്.

അതുപോലെ അവഗണിക്കപ്പെടാത്തവരാണ് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാര്‍. ചേതന്‍ ഭഗത്, സുധാ മൂര്‍ത്തി, അനിതാ നായര്‍ തുടങ്ങിയവര്‍ക്ക് കാര്യമായ സ്വീകരണം മലയാളി വായനക്കാര്‍ക്കിടയില്‍ ലഭിക്കുന്നുണ്ട്. കൂടാതെ മലയാള പുസ്തകങ്ങള്‍ക്ക് ഇന്ത്യയിലെ മറ്റ് ഭാഷകളില്‍ നിന്നും വായനക്കാര്‍ തേടി വരുന്നുണ്ട്. ഇത് മലയാള പുസ്തങ്ങളുടെ വലിയ തോതിലുള്ള വിവര്‍ത്തനങ്ങള്‍ കാരണമാകുന്നുവെന്ന് വിപിന്‍ ചൂണ്ടിക്കാട്ടുന്നു.

സിനിമാ ട്രെന്‍ഡുകളില്‍ ഇപ്പോള്‍ പുസ്തകങ്ങളാണ് അധാരം. കുറ്റാന്വേഷണങ്ങളായാലും സാഹിത്യങ്ങളായാലും സിനിമായില്‍ വേഷമിടുന്ന പ്രവണതയുണ്ട്. ഇതും വായനക്കാര്‍ പുസ്തകങ്ങളെ തേടിയെത്തുന്നതിന് വഴിയൊരുക്കുന്നു.

വായന അങ്ങനെ വേഷം മാറി, രൂപം മാറി, ഭാവം മാറി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെകളില്‍ നിന്നും നാളെകളിലേയ്ക്ക്.

Tags:    

Similar News