കേരളത്തിലെ രണ്ടാമത്തെ വലിയ കോടതി സമുച്ചയം ഇരിങ്ങാലക്കുടയില്‍

  • ഏഴു നിലകളിലായി 10 കോടതികള്‍
  • 29.25 കോടി രൂപയുടെ ആദ്യഘട്ടനിര്‍മ്മാണം പൂര്‍ത്തീകരിച്ചു
  • 64 കോടിയുടെ രണ്ടാം ഘട്ടനിര്‍മ്മാണത്തിന് ഫെബ്രുവരി 10ന് തുടക്കം

Update: 2024-01-23 09:30 GMT

ഹൈക്കോടതി കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ നീതിന്യായ സമുച്ചയം ഇനി ഇരിങ്ങാലക്കുടയില്‍. ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം 2024 ഫെബ്രുവരി 10ന് രാവിലെ പത്തുമണിയ്ക്ക് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വ്വഹിക്കും.

64 കോടി രൂപയുടെ നിര്‍മ്മാണപ്രവൃത്തികള്‍ക്കാണ് രണ്ടാംഘട്ടത്തില്‍ തുടക്കമാവുന്നത്. 29.25 കോടി രൂപയുടെ ആദ്യഘട്ടനിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നു.  ആറു നിലകളുടെ സ്ട്രക്ച്ചര്‍ ജോലികളാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഏഴാം നിലയുടെ നിര്‍മ്മാണവും എല്ലാ നിലകളിലെയും ഇലക്ട്രിക്കല്‍ ജോലികളടക്കമുള്ള ഫിനിഷിംഗ് പ്രവൃത്തികളും രണ്ടാംഘട്ടത്തോടെ പൂര്‍ത്തിയാവും.

1,68,555 ചതുരശ്ര അടിയില്‍ ഏഴു നിലകളിലായി പത്ത് കോടതികളും അനുബന്ധസൗകര്യങ്ങളും നൂറു കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമടങ്ങുന്ന വിധത്തിലാണ് കോടതിസമുച്ചയം പൂര്‍ത്തിയാകുന്നത്. അടിയിലെ നിലയില്‍ ജഡ്ജിമാര്‍ക്കുള്ള പ്രത്യേക പാര്‍ക്കിംഗ് സൗകര്യവും 2450 ചതുരശ്ര അടി വിസ്താരത്തില്‍ റെക്കോര്‍ഡ് റൂം, തൊണ്ടി റൂമുകള്‍, ഇലക്ട്രിക് സബ് സ്‌റ്റേഷന്‍, ജനറേറ്റര്‍ എന്നിവയ്ക്കുള്ള ഇടവുമായിരിക്കും.

മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യുണല്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഓഫീസ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ താഴത്തെ നിലയിലായിരിക്കും.

ഒന്നാം നിലയില്‍ അഡീഷണല്‍ സബ്‌കോടതി, പ്രിന്‍സിപ്പല്‍ സബ്‌കോടതി, ജഡ്ജസ് ചേംബര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍, ഗവണ്മെന്റ് പ്ലീഡര്‍ ഓഫീസ് അനുബന്ധസൗകര്യങ്ങള്‍, രണ്ടാംനിലയില്‍ കുടുംബ കോടതി, കൗണ്‍സലിംഗ് വിഭാഗം, ലേഡീസ് വെയ്റ്റിംഗ് ഏരിയ, കോര്‍ട്ട് യാര്‍ഡ്, മൂന്നാം നിലയില്‍ കോടതി മുറികള്‍, താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ഓഫീസ്, സെന്‍ട്രല്‍ ലൈബ്രറി, മീഡിയ റൂം, നാലാം നിലയില്‍ അഡിഷണല്‍ മുന്‍സിഫ് കോടതി, പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി, ജഡ്ജസ് ചേംബര്‍, ഓഫീസ് റെക്കോര്‍ഡ്‌സ്, അനുബന്ധസൗകര്യങ്ങള്‍ എന്നിങ്ങനെയാണ് സമുച്ചയം.

Tags:    

Similar News