കേരളത്തില്‍ വാണിജ്യ മേഖലയ്ക്കായി പ്രത്യേക വിഭാഗം രൂപീകരിക്കും
- നവകേരള സദസിലെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് നീക്കം
- കൊച്ചി മറൈന്‍ഡ്രൈവിലെ കെഎസ്എച്ച്ബി ഭൂമിയില്‍ വാണിജ്യ സമുച്ചയം
- പാതയോര അമിനിറ്റി സെന്‍റര്‍ സ്ഥാപിക്കാന്‍ ഭൂമി അനുവദിച്ചു
സെക്രട്ടറിയേറ്റിലെ വ്യവസായ വകുപ്പില്‍ വാണിജ്യ മേഖലയുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേക വിഭാഗവും വ്യവസായ വാണിജ്യ ഡയറക്റ്ററേറ്റില്‍ പ്രത്യേക വാണിജ്യ ഡിവിഷനും സ്ഥാപിക്കുന്നതിന് ഇന്നു ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വ്യാപാര വാണിജ്യ മേഖലയ്ക്ക് അര്‍ഹിക്കുന്ന പ്രധാന്യം നല്‍കുന്നതിനാണ് ഇതിനലൂടെ ലക്ഷ്യമിടുന്നത്. പല വ്യവസായ സംഘടനകളില്‍ നിന്നും ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും നവകേരള സദസ്സിലെ വിവിധ വേദികളില്‍ നിന്നു ലഭിച്ച നിര്‍ദേശങ്ങളും പരിഗണിച്ചാണ് പുതിയ മാറ്റങ്ങള്‍ നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിലാണ് മന്ത്രിസഭായോഗം നടന്നത്.
കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിന് കൊച്ചി മറൈന്‍ഡ്രൈവിലുള്ള ഭൂമിയില്‍ എന്‍ബിസിസി ഇന്ത്യ ലിമിറ്റഡുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി. ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിക്കാണ് ധാരണാപത്രം ഒപ്പുവെക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളത്. വാണിജ്യ സമുച്ചയം, റെസിഡന്‍ഷ്യല്‍ കോംപ്ലക്സ്, ഇക്കോ ഫ്രണ്ട്ലി പാർക്കുകള്‍ എന്നിവയാണ് പദ്ധതിയില്‍ഉള്‍പ്പെട്ടിട്ടുള്ളത്.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ച ഉത്തരവ് മന്ത്രിസഭ സാധൂകരിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, രജിസ്ട്രേഷന്‍, മ്യൂസിയം - ആര്‍ക്കിയോളജി - ആര്‍ക്കൈവ്സ് വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരെ ഉള്‍പ്പെടുത്തി ജനുവരി എട്ടിനായിരുന്നു പുനഃസംഘടന.
കാസര്‍ഗോഡ് തലപ്പാടിയില്‍ 2.2 ഹെക്ടര്‍ ഭൂമി ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വസ്റ്റ് മെന്‍റ് ആന്‍ഡ് ഹോള്‍ഡിങ്ങ് ലിമിറ്റഡിന് പാതയോര അമിനിറ്റി സെന്‍റര്‍ സ്ഥാപിക്കാന്‍ പതിച്ചു നല്‍കുന്നതിനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.