മറൈൻഡ്രൈവിൽ ഹൗസിങ് ബോർഡിന്റെ വാണിജ്യ-പാര്‍പ്പിട സമുച്ചയത്തിന് അനുമതി
- ഹൗസിങ് ബോര്‍ഡുമായി ഒപ്പിട്ട ധാരണപത്രത്തിന് സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കി
- കെഎസ്എച്ച്ബിയുടെ ഉടമസ്ഥതയിലുള്ള 17.9 ഏക്കറില്‍ ഏകദേശം 3,000 കോടി രൂപയാണ് പദ്ധതി ചെലവ്
- സംസ്ഥാനത്ത് ഹൗസിങ് ബോര്‍ഡ് നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്
കേരള സ്‌റ്റേറ്റ് ഹൗസിങ് ബോര്‍ഡും നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് മറൈൻഡ്രൈവിൽ വാണിജ്യ-പാര്‍പ്പിട സമുച്ചയം നിർമ്മിക്കുന്നു.
ഹൗസിങ് ബോര്‍ഡുമായി ഒപ്പിട്ട ധാരണപത്രത്തിന് സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കി. സംസ്ഥാനത്ത് ഹൗസിങ് ബോര്‍ഡ് നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്.
മറൈൻഡ്രൈവിലെ കെഎസ്എച്ച്ബിയുടെ ഉടമസ്ഥതയിലുള്ള 17.9 ഏക്കറില്‍ ഏകദേശം 3,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജൂണില്‍ ആരംഭിക്കും.
രണ്ടു സോണുകളിലായാണ് സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. 3.16 ഏക്കറില്‍ നടപ്പാക്കുന്ന ആദ്യ സോണില്‍ 1.62 ലക്ഷം ചതുരശ്രയടി വാഹന പാർക്കിങ് , 2.50 ലക്ഷം ചതുരശ്രയടിയില്‍ വാണിജ്യ-ഓഫീസ് ആവശ്യത്തിനുള്ള കെട്ടിടം, 63000 ചതുരശ്രയടി വാഹന പാര്‍ക്കിങ് ഉള്ള 3.65 ലക്ഷം ചതുരശ്രയടിയുടെ പാര്‍പ്പിട സമുച്ചയം എന്നിവ ഉള്‍പ്പെടുന്നു. 28 നിലകളാണ് കെട്ടിടങ്ങള്‍ക്കുണ്ടാകുക.
14.74 ഏക്കറിലാണ് രണ്ടാംസോണ്‍ നിർമ്മാണ പ്രവർത്തനങ്ങൾ. 78,000 ചതുരശ്രയടിയില്‍ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്ററും ആഡംബര ഹോട്ടലും 27 ലക്ഷം ചതുരശ്രയടിയില്‍ പാര്‍പ്പിട സമുച്ചയവുമാണ് നിര്‍മിക്കുക.
രണ്ടുഘട്ടങ്ങളിലായി നടക്കുന്ന നിര്‍മാണം മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ട നിര്‍മാണം 2024 ജൂണിലും രണ്ടാംഘട്ടം 2025 ലും തുടങ്ങും. നിര്‍വഹണ ചുമതല എന്‍ബിസിസിക്കും മേല്‍നോട്ട ചുമതല ഹൗസിങ് ബോര്‍ഡിനുമാണ്.