അനിമേഷന്‍ ഹബ്ബാകാനൊരുങ്ങി കേരളം; കരടുനയം ഉടന്‍
- 2029നുള്ളില്‍ 50,000 തൊഴിലവസരം ലക്ഷ്യം
- 150 എവിജിസി-എക്സ്ആര്‍ സ്റ്റാർട്ടപ്പുകൾ ഇൻകുബേറ്റ് ചെയ്യും
- നയം അന്തിമമാക്കുന്നതിന് മുമ്പ് വിപുലമായ അഭിപ്രായ സമാഹരണം
സംസ്ഥാനത്തിന് വളരെയധികം സാധ്യതകളുള്ള അത്യാധുനിക സാങ്കേതിക മേഖലയായ എവിജിസി-എക്സ്ആര്‍ (ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ് ആൻഡ് കോമിക്‌സ് ആൻഡ് എക്‌സ്റ്റെൻഡഡ് റിയാലിറ്റി) സംബന്ധിച്ച് സമഗ്രമായ ഒരു നയം അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ് കേരള സർക്കാർ. കേരള സ്‍റ്റാർട്ടപ്പ് മിഷനാണ് നയം തയാറാക്കുന്നതിന്‍റെ ചുമതലയുള്ളത്.
കരട് എവിജിസി-എക്‌സ്ആർ നയം അന്തിമമാക്കുന്നതിന് മുമ്പ് വിദഗ്ധർ, പ്രൊഫഷണലുകൾ, നിക്ഷേപകർ എന്നിവരുൾപ്പടെയുള്ള പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുമെന്നും കേരള സ്റ്റാർട്ടപ്പ് മിഷൻ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സ്‍റ്റാര്‍ട്ടപ്പ് പവര്‍ഹൗസ്
ടെക്‌നോളജി മേഖലയില്‍ സംസ്ഥാനത്തിനുള്ള വൈദഗ്ധ്യവും സർക്കാരിന്റെ ദീർഘവീക്ഷണവും പരിവർത്തനാത്മകവുമായ സംരംഭങ്ങളും കണക്കിലെടുത്ത് ഒരു ആഗോള എവിജിസി-എക്‌സ്‌ആർ ഹബ്ബായി ഉയർന്നുവരാൻ കേരളത്തിന് വലിയ സാധ്യതയുണ്ടെന്ന് സ്‍റ്റാർട്ടപ്പ് മിഷന്‍ വിലയിരുത്തുന്നു. കേരളത്തെ ഒരു വിജ്ഞാന അധിഷ്ഠിത സമ്പദ് വ്യവസ്ഥയാക്കുന്നതിനും ഈ നയം സംഭാവന ചെയ്യും.
ശക്തമായ സാമൂഹിക വികസന അടിത്തറയുടെ ബലത്തില്‍ സമീപ വർഷങ്ങളിൽ കേരളം രാജ്യത്തിന്റെ സ്റ്റാർട്ടപ്പ് പവർഹൗസായി ഉയർന്നുവന്നുവെന്ന് സ്‍റ്റാര്‍ട്ടപ്പ് മിഷന്‍ വിലയിരുത്തുന്നു. കേരള സ്റ്റാർട്ടപ്പ് മിഷൻ , കെഎസ്ഐഡിസി, കെഎസ്എഫ്‍ഡിസി, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി, സി-ഡിറ്റി, കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ-ഫോണ്‍), കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ -ഡിസ്‍ക്), കേരള നോളജ് ഇക്കണോമി മിഷൻ തുടങ്ങിയ ഏജൻസികളുടെ സംയോജിത വൈദഗ്ധ്യം ഈ ഉദ്യമം ഉപയോഗപ്പെടുത്തുന്നു.
ലക്ഷ്യമിടുന്നത് 50,000 തൊഴിലവസരങ്ങൾ
മൾട്ടിനാഷണൽ കമ്പനികൾ ഉൾപ്പെടെ കുറഞ്ഞത് 250 സ്ഥാപനങ്ങൾക്കെങ്കിലും സൗകര്യമൊരുക്കി 2029-ഓടെ സംസ്ഥാനത്ത് എവിജിസി-എക്‌സ്ആറിൽ 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് നയം ലക്ഷ്യമിടുന്നത്. രാജ്യത്ത് നിന്ന് എവിജിസി-എക്‌സ്ആർ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതിയില്‍ 10 ശതമാനമെങ്കിലും സ്വന്തമാക്കാന്‍ സംസ്ഥാനത്തെ സജ്ജമാക്കുന്നതിനാണ് നയത്തിലൂടെ ലക്ഷ്യമിടുന്നത്.
ഓരോ വർഷവും കുറഞ്ഞത് 10,000 പ്രൊഫഷണലുകളെ കണ്ടെത്തി അതിവേഗം വളരുന്ന ഈ മേഖലയിലേക്ക് കൊണ്ടുവരും. ഇ-ഗെയിമും എക്‌സ്‌ആറും ഉൾപ്പെടുത്തി സ്‍റ്റാര്‍ട്ടപ്പ് മിഷന്‍റ എമർജിംഗ് ടെക്‌നോളജി ഹബ് വിപുലീകരിക്കും. 150 എവിജിസി-എക്സ്ആര്‍ സ്റ്റാർട്ടപ്പുകൾ ഇൻകുബേറ്റ് ചെയ്യും. കെ-ഡിസ്‍കിന്‍റെ വർക്ക്-നിയർ-ഹോം പ്രോജക്റ്റിൽ എവിജിസി-എക്സ്ആര്‍ ലാബുകളും ഉൾപ്പെടുത്തും.
എവിജിസി-എക്‌സ്ആർ പ്രവർത്തനങ്ങളുടെ അടിസ്ഥാനമായി തിരുവനന്തപുരത്ത് 20 ഏക്കർ സ്ഥലത്ത് ഒരു സെന്റർ ഓഫ് എക്‌സലൻസ് വികസിപ്പിക്കും. കൂടാതെ, എവിജിസി-എക്സ്ആര്‍ പാർക്കുകളും ലാബുകളും സജ്ജീകരിക്കുകയും ടെക്നോളജി പാർക്കുകളിൽ ഈ ഡൊമെയ്‌നിനായി ഇടങ്ങൾ നീക്കിവെക്കുകയും ചെയ്യും.
പരിശീലന പദ്ധതികള്‍
എവിജിസി-എക്‌സ്ആർ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ പോലുള്ള സ്ഥാപനങ്ങളുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും. അക്കാദമിക് പ്രോഗ്രാമുകളിലേക്ക് എവിജിസി-എക്‌സ്ആർ സാങ്കേതികവിദ്യകൾ കൊണ്ടുവരാനും നയം ലക്ഷ്യമിടുന്നു.
ഇതിന്റെ ഭാഗമായി, ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഇ-സ്‌പോർട്‌സ്, ഗെയിംസ് ഡെവലപ്‌മെന്റ്, എഡിറ്റിംഗ്, ക്വാളിറ്റി ഇവാലുവേഷൻ, സൗണ്ട് ഡിസൈൻ ആൻഡ് എഞ്ചിനീയറിംഗ്, വിആർ, എആർ മാർക്കറ്റിംഗ്, കൺസ്യൂമർ എക്‌സ്പീരിയൻസ് അനാലിസിസ് തുടങ്ങി വിവിധ വിഷയങ്ങളിൽ പരിശീലന പദ്ധതികള്‍ ആരംഭിക്കും.
ഈ പ്രോഗ്രാമുകൾ നടത്തുന്നതിന് 'പ്രൊഫസർ ഓഫ് പ്രാക്ടീസ്' എന്ന പദവിയോടെ യോഗ്യരായ പ്രൊഫഷണലുകളെ പരിശീലകരായി നിയമിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.