ഐബിഎം കേരളത്തിലെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

  • കുസാറ്റിലെയും കേരള ടെക്നിക്കല്‍ ഇന്‍സ്‍റ്റിറ്റ്യൂട്ടിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഫലത്തോടെ ഇന്‍റേണ്‍ഷിപ്പ്
  • കൊച്ചിയിലെ പ്രവര്‍ത്തനും വലിയ ഓഫിസ് സമുച്ചയത്തിലേക്ക് മാറ്റും
  • ഇന്ത്യയിലെ പ്രധാന ഡെവലപ്മെന്‍റ് സെന്‍ററായി കൊച്ചി സെന്‍റര്‍ മാറും
;

Update: 2023-10-15 07:00 GMT
ibm expands operations in kerala
  • whatsapp icon

കൊച്ചിയിലെ ഐബിഎം സോഫ്‌റ്റ്‌വെയർ ലാബിനെ ഇന്ത്യയിലെ തങ്ങളുടെ പ്രധാന ഡെവലപ്മെന്‍റ് സെന്‍ററാക്കുമെന്ന് ഐബിഎം സീനിയർ വൈസ് പ്രസിഡന്‍റ് ദിനേശ് നിർമ്മൽ. കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി. രാജീവുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഈ ഉറപ്പ് നല്‍കിയത്. ഐബിഎമ്മിന്‍റെ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷമാകുമ്പോഴാണ് കേരളത്തിലെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ കമ്പനി ഒരുങ്ങുന്നത്. കേരളത്തിനാകെ അഭിമാനകരമായ തീരുമാനമാണ് ഇതെന്ന് മന്ത്രി രാജീവ് പ്രതികരിച്ചു.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആറുമാസം നീണ്ടു നില്‍ക്കുന്നതും പ്രതിഫലം ലഭിക്കുന്നതുമായ ഇന്‍റേണ്‍ഷിപ്പ് നല്‍കാനും ഐബിഎമ്മുമായി ധാരണയായി. ഇതു വഴി ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലയളവില്‍ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവര്‍ത്തന പരിചയം ലഭിക്കാന്‍ അവസരമൊരുങ്ങും.

തുറക്കുന്നു പുതിയ ജാലകങ്ങള്‍

കൊച്ചിയിലെ ലാബിനെ ഐബിഎം രാജ്യത്തെ പ്രധാന കേന്ദ്രമാക്കുന്നതോടെ ഐബിഎമ്മിന്‍റെ സോഫ്‌റ്റ്‌വെയർ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒന്നാം കിട ആഗോള കമ്പനികള്‍ കേരളത്തിലേക്കെത്താനുള്ള സാധ്യതയും വർധിക്കുകയാണ്. ഇന്ന് ലോകത്തെ മികച്ച ചില കമ്പനികൾ ഉപയോഗിക്കുന്ന പല എഐ, ഡാറ്റാ സോഫ്‌റ്റ്‌വെയറുകളും കേരളത്തില്‍ വികസിപ്പിച്ചെടുത്തതാണെന്ന ദിനേശ് നിർമ്മലിന്റെ വാക്കുകൾ അഭിമാനകരമാണെന്ന് പി. രാജീവ് പറഞ്ഞു.

പ്രതിവർഷം കേരളത്തില്‍ നിന്ന് 200 മുതല്‍ 300 പേരെ ഐബിഎം റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇതിനു പുറമെ 300 വിദ്യാര്‍ത്ഥികളെ ഇന്‍റേണ്‍ഷിപ്പിനുമുള്ള സൗകര്യം കൂടി ഇപ്പോള്‍ ഏര്‍പ്പെടുത്തുകയാണ്.

വിജ്ഞാന സമ്പദ് വ്യവസ്ഥ

സംസ്ഥാനത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ചാണ് ഐബിഎം ഇന്ത്യയിലെ അഞ്ചാമത്തെ സോഫ്റ്റ്വെയര്‍ ലാബ് കേരളത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ തുടങ്ങിയ ലാബ് ഒരു വര്‍ഷം കൊണ്ടു തന്നെ രാജ്യത്തെ ഏറ്റവും പ്രധാന സോഫ്‌റ്റ്‌വെയർ വികസന കേന്ദ്രമായി മാറി. നിലവില്‍ 1500ല്‍പരം ജീവനക്കാരാണ് കൊച്ചി ലാബില്‍ ജോലി ചെയ്യുന്നത്. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടുതല്‍ വലിയ ഓഫീസ് സമുച്ചയത്തിലേക്ക് ഐബിഎം മാറാനൊരുങ്ങുകയാണ്.

Tags:    

Similar News