പത്ത് ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക കയറ്റുമതി വാഗ്ദാനവുമായി വാള്‍മാര്‍ട്ട്

  • ലോജിസ്റ്റിക്സ്, നൈപുണ്യ വികസനം, വിതരണ ശൃംഖല എന്നിവ ശക്തിപ്പെടുത്തും
  • കയറ്റുമതിക്കായി ഒരു ഇക്കോസിസ്റ്റം വാള്‍മാര്‍ട്ട് നിര്‍മ്മിക്കുന്നു
  • ഇന്ത്യ നിക്ഷേപത്തിനുള്ള ആകര്‍ഷകമായ രാജ്യമെന്ന് മോദി

Update: 2023-05-15 11:29 GMT

വാള്‍മാര്‍ട്ട് സിഇഒ ഡഗ് മക്മില്ലനുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും വിവിധ വിഷയങ്ങളില്‍ ഉള്‍ക്കാഴ്ചയുള്ള ചര്‍ച്ചകള്‍ നടത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിക്ഷേപത്തിനുള്ള ആകര്‍ഷകമായ സ്ഥലമായി ഇന്ത്യ ഉയര്‍ന്നുവരുന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കൂടിക്കാഴ്ചയില്‍ സന്തോഷം പ്രകടിപ്പിച്ച വാള്‍മാര്‍ട്ട് 2027ഓടെ ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നടത്താനാണ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കി. കളിപ്പാട്ടങ്ങള്‍, സീഫുഡ്, മറ്റ് ചരക്കുകള്‍ എന്നിവയുടെ ആഗോള കയറ്റുമതിയില്‍ ഇന്ത്യയെ മുന്നിലെത്തിക്കുന്നതിനായി ലോജിസ്റ്റിക്സ്, നൈപുണ്യ വികസനം, വിതരണ ശൃംഖല എന്നിവ ശക്തിപ്പെടുത്താന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും വാള്‍മാര്‍ട്ട് അറിയിച്ചു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇന്ത്യക്കൊപ്പം കൂടുതല്‍ ആഴത്തില്‍ പ്രവര്‍ത്തിക്കാനുള്ള കമ്പനിയുടെ തീരുമാനത്തെ ശക്തിപ്പെടുത്തുന്നതായും മക്മില്ലണ്‍ ട്വീറ്റില്‍ വ്യക്തമാക്കി.

ഇന്ത്യക്ക് സാമ്പത്തികരംഗത്ത് വളരെ ശോഭനമായ ഭാവിയാണ് ഉള്ളത്. ലോകത്തെ ഏറ്റവും വലിയ റീട്ടെയിലറായ തന്റെ കമ്പനി പതിറ്റാണ്ടുകളായി ഈ സമ്പദ്വ്യവസ്ഥയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുണ്ട്.

ഇന്ത്യയിലെ സാമ്പത്തിക രംഗത്ത് വളരെയധികം വളര്‍ച്ച ഉണ്ടാകും. അത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം ആയിരിക്കുമെന്ന്് കരുതുന്നതായി ബെംഗളൂരുവില്‍ വാള്‍മാര്‍ട്ടിലെയും അതിന്റെ യൂണിറ്റുകളായ ഫ്‌ളിപ്കാര്‍ട്ട്, ഫോണ്‍പേ, വാള്‍മാര്‍ട്ട് ഗ്ലോബല്‍ ടെക്, വാള്‍മാര്‍ട്ട് സോഴ്സിംഗ് എന്നിവയിലുടനീളമുള്ള ഇന്ത്യന്‍ വിതരണക്കാരെയും പങ്കാളികളെയും അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.

2027-ഓടെ 10 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുക എന്ന കമ്പനിയുടെ ലക്ഷ്യം നിറവേറ്റുന്നതിനായി ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള വിതരണക്കാരുടെയും പങ്കാളികളുടെയും ഒരു ഇക്കോസിസ്റ്റം വാള്‍മാര്‍ട്ട് നിര്‍മ്മിക്കുകയാണ്. ഇന്ന്് ഇന്ത്യക്ക് എല്ലാതലങ്ങളിലും നിരവധി അവസരങ്ങള്‍ ഉണ്ടെന്ന്് തിരിച്ചറിയുന്നതുതന്നെ അവേശകരമാണെന്ന് മക്മില്ലണ്‍ പറഞ്ഞു.

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ സാമ്പത്തിക വ്യാപാര രംഗത്ത് സംഭവിക്കുന്നത് ശ്രദ്ധേയമായ മാറ്റങ്ങളായിരിക്കും. ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കും അംഗങ്ങള്‍ക്കുമായി ഗുണനിലവാരമുള്ളതും താങ്ങാനാവുന്നതും സുസ്ഥിരവുമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ വിതരണക്കാരെയും പങ്കാളികളെയും കുറിച്ച് കമ്പനിക്ക് ബോധ്യമുണ്ട്.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും കമ്മ്യൂണിറ്റികളെ ശക്തിപ്പെടുത്തുന്നതിലൂടെയും ഇന്ത്യയുടെ പുരോഗതി ത്വരിതപ്പെടുത്താനാകും. കമ്പനിയുടെ ബിസിനസ് ഇന്ത്യയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുമെന്നും മക്മില്ലണ്‍ അഭിപ്രായപ്പെട്ടു.

''2030-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്ന് പ്രവചിക്കപ്പെടുന്ന ഒരു രാജ്യമാണിത്, അത് അസാധാരണമാണ്. എന്നാല്‍ ഞങ്ങള്‍ കാണുന്നത് അതിനേക്കാള്‍ വളരെ കൂടുതലാണ്, ''വാള്‍മാര്‍ട്ട് ഇന്റര്‍നാഷണല്‍ ചീഫ് എക്‌സിക്യൂട്ടീവ് ജൂഡിത്ത് മക്കന്നയും അഭിപ്രായപ്പെട്ടു.

Tags:    

Similar News