ഡാര്‍ജിലിംഗിലെ തേയിലത്തോട്ടങ്ങള്‍ പ്രതിസന്ധിയില്‍
- യൂറോപ്പ്,ജപ്പാന്‍ വിപണികളിലെ മാന്ദ്യം തേയില വില കുറച്ചു
- കാലാവസ്ഥാ മാറ്റം മികച്ച ഉല്‍പ്പാദനത്തിനും തടസമായി
- സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് ഐടിഎ
രാജ്യത്തെ പ്രീമിയം ടീ ബെല്‍റ്റായ ഡാര്‍ജിലിംഗിലെ തോട്ടങ്ങള്‍ പ്രതിസന്ധിയിലേക്ക്. ഉല്‍പ്പാദനം കുറയുന്നതിന്റെയും വിപണിയിലെ വില ഇടിവിന്റെയും ആശങ്കയിലാണ് മേഖല. പടിഞ്ഞാറന്‍ യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ പരമ്പരാഗത വിപണികളിലെ മാന്ദ്യം വിപണിയില്‍ വിലകുറയുന്നതിന് കാരണമായതായി പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
കാലാവസ്ഥാ വ്യതിയാനം,കീടങ്ങളുടെ ആക്രമണം തുടങ്ങിയവ കാരണം ഉല്‍പ്പാദനം ഇടിയുകയും ചെയ്തു. പ്രതിവര്‍ഷം എട്ട് ദശലക്ഷം കിലോഗ്രാമില്‍ കൂടുതലായിരുന്നു മേഖലയിലെ തേയില ഉല്‍പ്പാദനം. ഇന്ന് അത് 6.5ദശലക്ഷം കിലോഗ്രാമായി കുറഞ്ഞതായി തോട്ടമുടമകള്‍ പറഞ്ഞു.
'ഡാര്‍ജിലിംഗ് തേയില വ്യവസായം ഐസിയുവിലാണ്' എന്ന് ഇന്ത്യന്‍ ടീ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ അന്‍ഷുമാന്‍ കനോറിയ മുന്നറിയിപ്പു നല്‍കുന്നു. ഉല്‍പ്പാദനച്ചെലവില്‍ വന്‍ വര്‍ധന ഉണ്ടായി. വിളകുറഞ്ഞു. പ്രീമിയം തേയിലയുടെ പ്രധാന ആശ്രയമായിരുന്ന കയറ്റുമതിയും സാമ്പത്തിക മാന്ദ്യം കാരണം കുറയുകയാണ്.
ഡാര്‍ജിലിംഗിലെ പല തേയിലത്തോട്ടങ്ങളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. ഈ പ്രതിസന്ധിയില്‍ ടീ ബോര്‍ഡിനെ ബോധവല്‍ക്കരിക്കാന്‍ അസോസിയേഷന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയിലെ തേയില വ്യവസായത്തെ അതിന്റെ നിയന്ത്രണത്തിലില്ലാത്ത ഘടകങ്ങളാണ് ബാധിച്ചിരിക്കുന്നത്.
ഇവിടെ തോട്ടങ്ങള്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ സഹായം ആവശ്യമായ സമയമാണിത്.
തോട്ടക്കാര്‍ക്ക് ഒറ്റത്തവണ സബ്സിഡി നല്‍കുന്നതിലൂടെയും പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായത്തിലൂടെയും മേഖലയെ പുനരുജ്ജീവിക്കേണ്ടതാണ്.
സൗഹൃദ ഉടമ്പടി പ്രകാരം നേപ്പാളില്‍ നിന്നുള്ള തേയില ഇറക്കുമതിയും ഡാര്‍ജിലിംഗിനെ ബാധിക്കുന്നു. പലരും തോട്ടങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ച മാനസികാവസ്ഥയിലാണെന്നും കനോറിയ വിശദീകരിക്കുന്നു.
നേപ്പാളില്‍ നിന്ന് എത്തുന്ന തേയിലക്ക് കുറഞ്ഞ ഇറക്കുമതി ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ ടീ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡാര്‍ജിലിംഗില്‍ ഉല്‍പ്പാദനവും തേയിലയുടെ വിലയും കുറഞ്ഞതായി ഇന്ത്യന്‍ ടീ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ അരിജിത് റാഹയും വ്യക്തമാക്കുന്നു.
2016ലെ ഉല്‍പ്പാദനം 8.13 ദശലക്ഷം കിലോഗ്രാമായിരുന്നെങ്കില്‍ അത് 2022ല്‍ 6.60 ദശലക്ഷം കിലോഗ്രാമായാണ് കുറഞ്ഞത്. 2021ല്‍ കിലോഗ്രാമിന് 365.45 രൂപയായിരുന്ന ശരാശരി ലേലവില 2022ല്‍ 349.42ആയും മാറി. മാര്‍ച്ചില്‍ വിളവ് 43 ശതമാനമാണ് കുറഞ്ഞത്.
ഐടിഎയുടെ അഭിപ്രായത്തില്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നേപ്പാളില്‍ നിന്നുള്ള തേയില ഇറക്കുമതിയിലെ കുതിച്ചുചാട്ടം ഡാര്‍ജിലിംഗ് തേയില വ്യവസായത്തിന്റെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിച്ചു വരികയായിരുന്നു. നേപ്പാളില്‍ നിന്ന് ഇറക്കുമതി ചെയ്ത തേയിലയുടെ അളവ് ഡാര്‍ജിലിംഗിന്റെ ഉല്‍പ്പാദനത്തെ മറികടന്നു. ഇതും വിലയിലെ ഇടവിന് കാരണമായി.
2017ല്‍ നേപ്പാള്‍ തേയിലയുടെ ഇറക്കുമതി 11.42 ദശലക്ഷം കിലോഗ്രാം ആയിരുന്നെങ്കില്‍ 2022ല്‍ ഇത് 17.36 ദശലക്ഷം കിലോഗ്രാമായാണ് ഉയര്‍ന്നത്.
ഈ സാഹചര്യത്തില്‍ നേപ്പാളില്‍ നിന്നുള്ള തേയിലയ്ക്ക് ഒരു ഇറക്കുമതി ചാര്‍ജ്ഏര്‍പ്പെടുത്തണം. അതിനൊപ്പം പ്രവര്‍ത്തന മൂലധന വായ്പ വര്‍ധിപ്പിക്കുന്നതിനൊപ്പം അഞ്ച് ശതമാനം പലിശ ഇളവും നല്‍കി ഡാര്‍ജിലിംഗ് തേയില വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനായി ഐടിഎ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടിരുന്നതായും റാഹ കൂട്ടിച്ചേര്‍ത്തു.