പാതകളൊരുങ്ങാത്ത അയല്‍ വ്യാപാരങ്ങള്‍

  • ഭൂട്ടാന്‍-സിലിഗുരി-ബംഗ്ലാദേശ് ഇടനാഴിയുടെ വികസനം പ്രോത്സാഹിപ്പിക്കണം
  • ഇന്ത്യ-ബംഗ്ലാദേശ്-ഭൂട്ടാന്‍ പാതയില്‍ ചരക്കുനീക്കത്തിന് ജലപാതകള്‍ വേണം
  • കൂടുതല്‍ നിക്ഷേപം നടത്തേണ്ടത് വടക്കന്‍ ബംഗാളിലെന്ന് വ്യവസായികള്‍

Update: 2023-06-16 10:10 GMT

അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം വര്‍ധിപ്പിക്കുന്നതിനായി ഭൂട്ടാന്‍-സിലിഗുരി-ബംഗ്ലാദേശ് ഇടനാഴിയുടെ വികസനം പ്രോത്സാഹിപ്പിക്കണമെന്ന് മേഖലയിലെ വ്യവസായികളുടെ ആവശ്യം. ഭൂട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ മൂന്ന് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന വടക്കന്‍ ബംഗാളിലെ റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നത് വ്യാപാരം വര്‍ധിപ്പിക്കുക മാത്രമല്ല കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

അടുത്തിടെ കൊല്‍ക്കത്തയില്‍ സമാപിച്ച ബിംസ്ടെക് ബിസിനസ് കോണ്‍ക്ലേവില്‍ പങ്കെടുത്ത വ്യവസായികള്‍ ആണ് ഈ ആവശ്യമുന്നയിച്ചത്.

നിക്ഷേപം നടത്തേണ്ടത് നോര്‍ത്ത് ബംഗാളിലാണ്. കൊല്‍ക്കത്തയിലേക്കും അതിനപ്പുറത്തേക്കും ചരക്കുകള്‍ അയയ്ക്കാന്‍ സിലിഗുരിയുടെ റെയില്‍ ശൃംഖല എല്ലാ രാജ്യങ്ങള്‍ക്കും ഉപയോഗിക്കാം-പ്രിസ്റ്റീന്‍ ഹിന്ദുസ്ഥാന്‍ ഇന്‍ഫ്രാപ്രോജക്ട്‌സിന്റെ ചീഫ് അവിരാള്‍ ജെയിന്‍ പറഞ്ഞു.

വടക്കന്‍ ബംഗാള്‍, സിക്കിം, നോര്‍ത്ത് ബീഹാര്‍, വടക്കുകിഴക്കന്‍ മേഖല എന്നിവയുടെ അവസരങ്ങളും സാധ്യതകളും ഇതുവരെ പൂര്‍ണമായി ഉപയോഗിക്കാനായിട്ടില്ല. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കുള്ള ചരക്ക് കയറ്റുമതിക്കായുള്ള വടക്കന്‍ ബംഗാള്‍ മേഖലയിലെ ആദ്യത്തെ റെയില്‍-ലിങ്ക്ഡ് ഡ്രൈ തുറമുഖമാണ് ഐസിഡി ദബ്ഗ്രാം എന്ന് അദ്ദേഹം പറഞ്ഞു.

ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്ക് ഐസിഡി ദബ്ഗ്രാം ഒരു പുതിയ കവാടമാണ് നല്‍കുന്നത്. ഇതിന് വടക്കന്‍ ബംഗ്ലാദേശിന് സേവനം നല്‍കാനും കഴിയും.

ബംഗ്ലാദേശ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ഭൂമിശാസ്ത്രപരമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ഈ പ്രദേശവുമായുള്ള വ്യാപാര ബന്ധത്തിന് നദികളിലൂടെയുള്ള ചരക്കുനീക്കം സുഗമമാക്കേണ്ടതുണ്ടെന്നും ബംഗ്ലാദേശിലെ ഷംസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ റബീഉല്‍ ആലം പറഞ്ഞു.

ഇപ്പോള്‍ ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ വലിയ അസന്തുലിതാവസ്ഥ ഉണ്ട്.

ഇപ്പോള്‍ ചരക്ക് കപ്പലുകള്‍ ബംഗ്ലാദേശില്‍ നിന്ന് ചരക്കുകളില്ലാതെയാണ് ഇന്ത്യയിലേക്ക് വരുന്നത്. ഇവിടെനിന്നും ചരക്കുകള്‍ കയറ്റി ബംഗ്ലാദേശിലേക്ക് പോകുകയുമാണ്. അതിനാല്‍ എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന നദീവഴികള്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

വ്യാപാരം കൈകാര്യം ചെയ്യാന്‍ പര്യാപ്തമല്ലാത്ത റോഡ് ഗതാഗതത്തെയാണ് രാജ്യം ആശ്രയിക്കുന്നതെന്ന് ഭൂട്ടാനിലെ സണ്‍റൈസ് എക്സ്പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ഗോപാല്‍ വൈബ ലാമ പറഞ്ഞു. ജലപാതകള്‍ വികസിപ്പിച്ചാല്‍

ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും ചരക്ക് കടത്തുന്നതിന് അത് ഉപകരിക്കും. ഇതിന് യോജിച്ച രണ്ടു നദികളാണ് മേഖലയിലുള്ളത്.

തെക്കന്‍ ഭൂട്ടാനിലെ ലാമോയിംങ്കയിലെ തുറമുഖം വ്യാപാരത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യുമെന്നും ലാമ കൂട്ടിച്ചേര്‍ത്തു.

ഭൂട്ടാന്‍, നേപ്പാള്‍, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ഈസ്റ്റേണ്‍ വാട്ടര്‍വേസ് ഗ്രിഡിന്‌സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

Tags:    

Similar News