കേരളത്തിലെ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലുടെയാണ് കടന്ന് പോകുന്നത്. ഇന്ധന ചെലവ്, അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം,ഇൻഷൂറൻസ് ഉള്‍പ്പെടെയുള്ള മറ്റ് ചെലവുകളും കഴിഞ്ഞാൽ ബസ് ഉടമകളുടെ കൈയിൽ വരുന്നത് തുച്ചമായ വരുമാനം മാത്രം. കോവിഡ് മഹാമാരിക്ക് ശേഷം യാത്രക്കാർ സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതും കെഎസ്ആർടിസി കൂടുതൽ റൂട്ടുകളിൽ സർവീസ് നടത്തുന്നതും വരുമാനം കുറച്ചു. ഈ പ്രതിസന്ധി തരണം ചെയ്യാൻ ചെലവ് കുറച്ച് വരുമാനം കൂട്ടിയാൽ മാത്രമേ പിടിച്ച് നിൽക്കാൻ കഴിയുകയുള്ളൂ. അതോടൊപ്പം ബിസിനസ് ലക്ഷ്യങ്ങളില്‍ വിജയിക്കാനും പുത്തന്‍ സ്ട്രാറ്റെജികള്‍ രൂപീകരിക്കേണ്ടതുണ്ട്. ഇതിനായി പുതിയ ബസ് വാങ്ങുന്ന രീതി നിർത്തുകയന്നതാണ് ബസ് ഉടമകൾ. പകരം രാജസ്ഥാനിൽ നിന്ന് പഴയ ബസുകൾ വാങ്ങി അറ്റകുറ്റപ്പണി നടത്തി സർവീസ് നടത്തുകയെന്നതാണ് ഏറ്റവും പുതിയ തന്ത്രം.
കേരളത്തില്‍ ഒരു പുതിയ ബസ് റോഡിൽ എത്തുമ്പോൾ 50 ലക്ഷം രൂപ വരെയാണ് ചെലവാകുന്നത്. പുതിയ ഷാസിക്ക് മാത്രം 25 മുതല്‍ 30 ലക്ഷം രൂപ വരെയാണ് വില. ഇതില്‍ ബോഡി നിർമിക്കുന്നതിന് 12 മുതല്‍ 14 ലക്ഷം രൂപ വരെ ചെലവ് വരും. ഇൻഷൂറൻസ് ഉള്‍പ്പെടെയുള്ള മറ്റ് ചെലവുകളും ഉൾപ്പെടെ രണ്ട് ലക്ഷം രൂപയോളം വരും. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്ന് പഴയ ബസ് വാങ്ങുന്നത് ലഭമാണ്. 11 ലക്ഷം രൂപ വരെയാണ് ബസുകള്‍ക്ക് വില വരുന്നത്. ഇത് നാട്ടിലെത്തിച്ച് പുതിയ ബോഡി നിർമ്മിക്കുന്നതിന് ഏഴ് ലക്ഷം രൂപ വരെയാണ് ചെലവ്. പരമാവധി 18 ലക്ഷം രൂപയ്ക്ക് ചെറിയ പഴക്കം മാത്രമുള്ള ബസുകള്‍ ലഭിക്കും. രാജസ്ഥാനിൽ പുതിയ ബസിന് എട്ട് വർഷം മാത്രമേ സർവീസ് നടത്താൻ അനുമതിയുള്ളൂ. അതിനാൽ പാതി വിലയ്ക്ക് ബസുകൾ ലഭിക്കും. ഏഴു വർഷം സർവീസ് നടത്തി മുടക്കുമുതലും ലാഭവും നേടാൻ ബസുടമകൾക്ക് ഇതുവഴി സാധിക്കും.