ഏലം വിലയിടിവ്: ഉല്‍പ്പാദന ചെലവ് പോലും ലഭിക്കാതെ കര്‍ഷകര്‍
- 2019 ല്‍ റെക്കോര്‍ഡ് വിലയായ 7000 രൂപ വരെയുണ്ടായിരുന്നു
- ഇപ്പോഴത്തെ വില 700-1200 രൂപ വരെ മാത്രം
- വന്‍കിട വ്യാപാരികളും ഉത്തരേന്ത്യന്‍ ലോബിയും വിലയിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കര്‍ഷകര്‍
- അനുകൂലമായ നടപടികളില്ലാതെ സ്പൈസസ് ബോര്‍ഡ്
തൊടുപുഴ: ഹൈറേഞ്ച് സമ്പദ്ഘടനയെ തകര്‍ച്ചയിലേക്കാഴ്ത്തി ഏലം വിലയിടിവ്. ഉല്‍പ്പാദനച്ചെലവിലും താഴെ ഏലക്ക വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്ന ഈ സാഹചര്യത്തില്‍ പ്രധാന പട്ടണങ്ങളിലെ മിക്ക വ്യാപാരികളും ഏലയ്ക്ക വാങ്ങല്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഏലത്തിന്റെ തുടര്‍ച്ചയായ വിലയിടിവ് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിക്കാണ് വഴിയൊരുക്കുന്നത്.
2019 ഓഗസ്റ്റില്‍ റെക്കോര്‍ഡ് വിലയായ 7000 രൂപ ഉണ്ടായിരുന്ന ഏലയ്ക്കയുടെ മുന്തിയ ഇനത്തിന് പോലും 700-750 രൂപ വരെ മാത്രമാണ് വിപണിയിലെ ഇപ്പോഴത്തെ വില. ഉല്‍പ്പാദനച്ചെലവ് കണക്കിലെടുക്കുമ്പോള്‍ ഗ്രാമിന് കുറഞ്ഞത് 2000 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ കൃഷി മുന്നോട്ടു കൊണ്ടുപോകാനും കര്‍ഷകര്‍ക്ക് ഈ അവസ്ഥയില്‍ നിന്നും കരകയറാനും സാധിക്കുകയുള്ളൂ
പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷിയിറക്കുന്ന കര്‍ഷകരെയാണ് ഈ വിലയിടിവ് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചത്. ഒരു വര്‍ഷത്തേക്ക് ഒരേക്കര്‍ ഭൂമിക്ക് ഒന്നരലക്ഷം രൂപ വരെ ഉടമയ്ക്ക് പാട്ടം നല്‍കണമെന്ന വ്യവസ്ഥയില്‍ കൃഷിയാരംഭിച്ച കര്‍ഷകര്‍ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുന്ന അവസ്ഥയാണ്. ഇത്തരത്തില്‍ 20 ഏക്കര്‍ വരെ ഭൂമി പാട്ടത്തിനെടുത്താണ് പലരും ഏലം കൃഷി തുടങ്ങിയത്. ബാങ്കുകളില്‍ നിന്നും വലിയ പലിശയ്ക്ക് വായ്പയെടുത്തും സ്വര്‍ണം പണയം വച്ചുമൊക്കെയാണ് പലരും പാട്ടത്തുക കണ്ടെത്തുന്നത്. വ്യാപാരികള്‍ ഏലയ്ക്ക വാങ്ങാതെ കൂടെയായപ്പോള്‍ പല കര്‍ഷകരും ഇന്ന് ആത്മഹത്യയുടെ വക്കിലാണ്.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഏലം വിലയില്‍ സാധാരണ വര്‍ധനവുണ്ടാവാറുണ്ട്. എന്നാല്‍ ഈ വര്‍ഷം അതും ഉണ്ടായില്ല. 2021 ഫെബ്രുവരിയിലാണ് അവസാനമായി ഏലം വിലയില്‍ വര്‍ധനവ് ഉണ്ടായത്. കാലാവസ്ഥ വ്യതിയാനം മൂലം പോയ വര്‍ഷങ്ങളേക്കാള്‍ ഇത്തവണ ഉല്‍പ്പാദനവും കുറവാണ്. എങ്കിലും വിലയിടിവില്‍ യാതൊരു വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാകുന്നില്ല.
വന്‍കിട വ്യാപാരികളും ഉത്തരേന്ത്യന്‍ ലോബിയും ചേര്‍ന്ന് ഏലത്തിന്റെ വിലയിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കര്‍ഷകര്‍ പരാതി ഉന്നയിക്കുന്നുണ്ട്. എന്നാല്‍ കര്‍ഷകര്‍ക്ക് അനുകൂലമായി യാതൊരു വിധത്തിലുള്ള പ്രവര്‍ത്തങ്ങളും സ്പൈസസ് ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്നതും വിലത്തകര്‍ച്ചയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു.