22 March 2022 2:25 AM GMT
കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിനെതിരെ സുപ്രീം കോടതി നിയോഗിച്ച സമിതി
PTI
Summary
ഡെല്‍ഹി: കാര്‍ഷിക നിയമങ്ങളെ കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതി, പാര്‍ലമെന്റ് റദ്ദാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങളും റദ്ദാക്കേണ്ടെന്ന് ശുപാര്‍ശ നല്‍കി. കര്‍ഷകരുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് പാര്‍ലമെന്റ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയത്. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാവുമെന്ന് ചൂണ്ടിക്കാണിച്ച് 2021 മാര്‍ച്ച് 19 ന് സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, തിങ്കളാഴ്ച പുറത്തായി. സമിതിയിലെ അംഗങ്ങളിലൊരാളായ അനില്‍ ഘന്‍വത് ആണ് രാജ്യതലസ്ഥാനത്തു വെച്ചു നടന്ന വാര്‍ത്താസമ്മേളനത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മൂന്നംഗ […]
ഡെല്‍ഹി: കാര്‍ഷിക നിയമങ്ങളെ കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതി, പാര്‍ലമെന്റ് റദ്ദാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങളും റദ്ദാക്കേണ്ടെന്ന് ശുപാര്‍ശ നല്‍കി. കര്‍ഷകരുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് പാര്‍ലമെന്റ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയത്.
കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാവുമെന്ന് ചൂണ്ടിക്കാണിച്ച് 2021 മാര്‍ച്ച് 19 ന് സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, തിങ്കളാഴ്ച പുറത്തായി. സമിതിയിലെ അംഗങ്ങളിലൊരാളായ അനില്‍ ഘന്‍വത് ആണ് രാജ്യതലസ്ഥാനത്തു വെച്ചു നടന്ന വാര്‍ത്താസമ്മേളനത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മൂന്നംഗ സമിതി നിയമങ്ങളിൽ പല മാറ്റങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. മിനിമം താങ്ങുവില നിശ്ചയിക്കാന്‍ (minimum support price) സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കൊണ്ടുവരാനാണ്
സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
2021 മാര്‍ച്ച് 19 ന് സമിതി ഈ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. "റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് സമിതി മൂന്ന് തവണ സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഒരു പ്രതികരണവും ലഭിക്കാത്തതിനാല്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിടുകയാണ്," അനില്‍ ഘന്‍വത് പറഞ്ഞു.
ഈ റിപ്പോര്‍ട്ട് ഭാവിയില്‍ കാര്‍ഷിക മേഖലയില്‍ നയങ്ങള്‍ രൂപീകരിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് 73 കര്‍ഷക സംഘടനകള്‍ നിവേദനം നല്‍കിയിരുന്നു. അതില്‍ 3.3 കോടി കര്‍ഷകരെ പ്രതിനിധീകരിച്ച് 61 സംഘടനകള്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കാര്‍ഷിക-സാമ്പത്തിക വിദഗ്ധനും, കാര്‍ഷിക കമ്മീഷന്‍ മുന്‍ ചെയര്‍മാനുമായ അശോക് ഗുലാത്തി, കാര്‍ഷിക ഇക്കണോമിസ്റ്റായ പ്രമോദ് കുമാര്‍ ജോഷി എന്നിവരാണ് സമിതിയിലെ മറ്റ് രണ്ട് അംഗങ്ങള്‍.