31 Aug 2022 4:16 AM GMT
ആഭ്യന്തര വിമാനയാത്രാ നിരക്കിന്റെ പരിധി ഒഴിവാക്കുന്നു; യാത്രക്കാരെ എങ്ങനെ ബാധിക്കും?
MyFin Desk
Summary
ഡെല്‍ഹി: ആഭ്യന്തര വിമാനനിരക്കിന് ഏര്‍പ്പെടുത്തിയിരുന്ന പരിധി സര്‍ക്കാര്‍ എടുത്തുകളഞ്ഞ തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 27 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിമാന നിരക്കുകളുടെ വില പരിധി നീക്കം ചെയ്തത്. കോവിഡ് മഹാമാരി ശക്തമായ സമയത്ത് 2020 മെയ് 25 നാണ് ആഭ്യന്തര വിമാന യാത്രാ നിരക്കുകളില്‍ വ്യോമയാന മന്ത്രാലയം ഉയര്‍ന്നതും താഴ്ന്നതുമായ പരിധികള്‍ ഏര്‍പ്പെടുത്തിയത്. ടിക്കറ്റ് പരിധി ഒഴിവാക്കിയതിനാല്‍ ആഭ്യന്തര യാത്രാ നിരക്കുകള്‍ ഇനി വിമാനക്കമ്പനികള്‍ക്ക് തീരുമാനിക്കാം. ഇതോടെ ഓരോ റൂട്ടിലും കുറഞ്ഞതും കൂടിയതുമായ […]
ഡെല്‍ഹി: ആഭ്യന്തര വിമാനനിരക്കിന് ഏര്‍പ്പെടുത്തിയിരുന്ന പരിധി സര്‍ക്കാര്‍ എടുത്തുകളഞ്ഞ തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 27 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിമാന നിരക്കുകളുടെ വില പരിധി നീക്കം ചെയ്തത്. കോവിഡ് മഹാമാരി ശക്തമായ സമയത്ത് 2020 മെയ് 25 നാണ് ആഭ്യന്തര വിമാന യാത്രാ നിരക്കുകളില്‍ വ്യോമയാന മന്ത്രാലയം ഉയര്‍ന്നതും താഴ്ന്നതുമായ പരിധികള്‍ ഏര്‍പ്പെടുത്തിയത്.
ടിക്കറ്റ് പരിധി ഒഴിവാക്കിയതിനാല്‍ ആഭ്യന്തര യാത്രാ നിരക്കുകള്‍ ഇനി വിമാനക്കമ്പനികള്‍ക്ക് തീരുമാനിക്കാം. ഇതോടെ ഓരോ റൂട്ടിലും കുറഞ്ഞതും കൂടിയതുമായ നിരക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്ന രീതിയ്ക്ക് മാറ്റം വരും. വിമാനക്കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം. കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട കമ്പനികള്‍ക്ക് നിരക്ക് പരിധി വെല്ലുവിളിയാണെന്നും അതിനാല്‍ ഇത് പിന്‍വലിക്കണമെന്നും വിമാനക്കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
റഷ്യ- യുക്രൈന്‍ യുദ്ധം മൂലം എയര്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വിലയിലുണ്ടാകുന്ന മാറ്റം വിലയിരുത്തിയാണ് ടിക്കറ്റ് നിരക്കിലെ നിയന്ത്രണം എടുത്തുകളയാന്‍ തീരുമാനിച്ചത്. നിലവില്‍ 40 മിനിറ്റില്‍ താഴെയുള്ള യാത്രയ്ക്ക് 2,900 രൂപ മുതല്‍ 8,800 രൂപ വരെ മാത്രമേ ഈടാക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിമാനക്കമ്പനികളെ സംരക്ഷിക്കാന്‍ അടിസ്ഥാന ടിക്കറ്റ് നിരക്കും, കമ്പനികള്‍ ക്രമാതീതമായി നിരക്ക് വര്‍ധിപ്പിക്കുന്നത് തടയാൻ ഉയര്‍ന്ന നിരക്കും നിശ്ചയിച്ചു.
വിമാന നിരക്ക് പരിധി എടുത്തുകളഞ്ഞതോടെ യാത്രക്കാരുടെ എണ്ണം അനുസരിച്ച് നിരക്ക് ഇളവുകള്‍ നല്‍കാന്‍ കമ്പനിയ്ക്ക് സാധിക്കും. കോവിഡ് കാലഘട്ടങ്ങളില്‍ പല വിമാനക്കമ്പനികളും വലിയ നഷ്ടം നേരിട്ടിട്ടുണ്ട്. നിലവിലുള്ള നയം അനുസരിച്ച്, ബുക്കിംഗ് തീയതി മുതല്‍ 15 ദിവസത്തേക്ക് ആഭ്യന്തര വിമാനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്കുകള്‍ സര്‍ക്കാരാണ് നിശ്ചയിക്കുന്നത്. 15 ദിവസത്തിന് ശേഷമുള്ള ബുക്കിംഗുകള്‍ക്ക് വിമാനക്കമ്പനികള്‍ക്ക് നിരക്ക് നിശ്ചയിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു.
ഇന്ധനവില, നിലവിലെ ആവശ്യകത, ബുക്കിംഗ് കപ്പാസിറ്റി എന്നിവയെ അടിസ്ഥാനമാക്കിയാവും ഇനി വിമാനക്കമ്പനികള്‍ വിലനിര്‍ണ്ണയം നടത്തുക. റൂട്ടിനെ ആശ്രയിച്ചും ടിക്കറ്റ് നിരക്കില്‍ മാറ്റങ്ങള്‍ ഉണ്ടാവും. കുറഞ്ഞ ഡിമാന്‍ഡുള്ള റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് ക്രമേണ കുറഞ്ഞേക്കാം. എന്നാല്‍ തിരഞ്ഞെടുത്ത ഫ്ളൈറ്റ് റൂട്ടുകളില്‍, ഉദ്ദാഹരണമായി മെട്രോ നഗരങ്ങളില്‍, വിലയില്‍ കുതിച്ചുചാട്ടം ഉണ്ടായേക്കാം. ഒക്ടോബര്‍ മുതല്‍ ഉത്സവ സീസണ്‍ ആരംഭിക്കുന്നതിനാല്‍ വിമാനക്കമ്പനികള്‍ വില വര്‍ധിപ്പിച്ചാലും, അടിയന്തിരമായി പണം ആവശ്യമുള്ള വിമാനക്കമ്പനികള്‍ അപ്പോഴും വില കുറയ്ക്കാന്‍ സാധ്യതയുണ്ട്.