2 Dec 2023 10:18 AM GMT
Summary
- മുൻ മാസത്തെ അപേക്ഷിച്ച് ഐപിഒകളിൽ 31.26 ശതമാനം വർധന
- പ്രധാന ബോർഡിൽ ലിസ്റ്റ് ചെയ്തത് 10 ഓഹരികൾ; എസ്എംഇയിൽ 16 എണ്ണം
- ഫെഡ്ഫിന 1.41% കുറവിൽ ലിസ്റ്റ് ചെയ്തപ്പോൾ 140% പ്രീമിയം നേടി ടാറ്റ ടെക്
നടപ്പ് സാമ്പത്തിക വർഷം നവംബർ അവസാനം വരെ പണം സമാഹരിക്കാൻ പ്രാഥമിക വിപണിയിലെത്തിയത് 166 കമ്പനികളാണ്. ഇവ മൊത്തം സ്വരൂപിച്ചത് 47610.45 കോടി രൂപയും. മുൻ വര്ഷങ്ങളുടെ താരതമ്യം ചെയ്യുമ്പോൾ പ്രാഥമിക വിപണിയിൽ വലിയ കുതിച്ചു ചാട്ടമാണ് കാണാൻ സാധിക്കുക.
നവംബറിലെ മാത്രം കണക്ക് നോക്കുകയാണെങ്കിൽ 21 കമ്പനികളാണ് ഇഷ്യൂവുമായി വിപണിയിലെത്തിയത്. ഇവ സമാഹരിച്ചത് 9557.08 കോടി രൂപയാണ്. ഇതിൽ പ്രധാന ബോർഡിൽ നിന്നും 8 ഐപിഒകളും എസ്എംഇ വിഭാഗത്തിൽ നിന്നും 13 എണ്ണവുമാണ് വിപണിയിലെത്തിയത്.
മുൻ മാസത്തെ അപേക്ഷിച്ച് നവംബറിൽ പ്രാഥമിക വിപണിയിലെത്തിയ ഐപിഒകളിൽ 31.26 ശതമാനം വളർച്ചയുണ്ടായി, സ്വരൂപിച്ച പണത്തിൽ 81 ശതമാനത്തിന്റെ വർദ്ധനവുമുണ്ടായി. മുൻ മാസം 16 കമ്പനികൾ സ്വരൂപിച്ചത് 5281 കോടി രൂപയാണ്. ഇതിൽ ആറ് വൻകിട കമ്പനികൾ സ്വരൂപിച്ചത് 4987 കോടി രൂപയും 12 എസ്എംഇ കമ്പനികൾ സമാഹരിച്ചത് 295 കോടി രുപയുമാണ്.
നവംബറിൽ ലിസ്റ്റ് ചെയ്ത ഓഹരികൾ
26 കമ്പനികളുടെ ഓഹരികളാണ് നവംബറിൽ ലിസ്റ്റ് ചെയ്തത്. ഇതിൽ 10 പ്രധാന ബോർഡ് ഐപിഒകളും 16 എസ്എംഇ ഐപിഒകളുമാണ്. ലിസ്റ്റ് ചെയ്ത 26 കമ്പനികളിൽ അഞ്ചു കമ്പനികൾ നിക്ഷേപകരെ നിരാശപ്പെടുത്തി ലിസ്റ്റ് ചെയ്തു. ഇതിൽ മൂന്നു ഓഹരികൾ കിഴിവിലും രണ്ട് ഓഹരികൾ മാറ്റമൊന്നുമില്ലാതെ ഇഷ്യൂ പ്രൈസിൽ തന്നെ ലിസ്റ്റിംഗ് നടത്തി. പ്രധാന ബോർഡിൽ നിന്നും 1.41 ശതമാനം കിഴിവിലാണ് ഫെഡ്ഫിന ലിസ്റ്റ് ചെയ്തത്. എസ്എംഇ സെഗ്മെന്റിൽ നിന്നും ബാബ ഫുഡ്സും സൺറസ്റ്റ് ലൈഫ്സ്കാനും മാറ്റങ്ങളില്ലാതെ ലിസ്റ്റിംഗ് നടത്തി. വൃന്ദാവൻ, മൈക്രോ പ്രൊ ഓഹരികൾ ഇടിവിലാണ് ലിസ്റ്റ് ചെയ്തത്.
നിക്ഷേപകർക്ക് നവംബറിൽ ഏറെ നേട്ടം നൽകിയത് ടാറ്റ ടെക് ഓഹരികളാണ്. ഇഷ്യൂ വിലയായ 500 രൂപയിൽ നിന്നും 140 ശതമാനം പ്രീമിയത്തിൽ 1200 രൂപയിലായിരുന്നു ഓഹരികളുടെ ലിസ്റ്റിംഗ്. ലിസ്റ്റിംഗ് ദിവസം വ്യാപാരവസാനം ഓഹരികൾ ഇഷ്യൂ വിലയേക്കാളും 162.85 ഉയർന്നാണ് ക്ലോസ് ചെയ്തത്. ഐആർഇഡിഎ ഓഹരികളും ഗന്ധർ ഓയിൽ ഓഹരികൾ മികച്ച അരങ്ങേറ്റമാണ് നടത്തിയത്. എസ്എംഇ ഓഹരികളായ റോക്കിങ് ഡീൽസും എസ്എ ആർ ടെക്, കല്യാണി കഷ്ട്, റോക്സ് ടെക്, മൈത്രേയ എന്നിവയും നിക്ഷേപകർക്ക് മികച്ച നേട്ടമാണ് നൽകിയത്.
പ്രധാന ബോർഡിൽ 10 ഓഹരികൾ
പത്ത് ഓഹരികളാണ് പ്രധാന ബോർഡിൽ ലിസ്റ്റ് ചെയ്തത്. ഇതിൽ ഒൻപത് ഓഹരികൾ പ്രീമിയത്തിൽ ലിസ്റ്റിംഗ് നടത്തിയപ്പോൾ ഫെഡ്‌ഫിന 1.41 ശതമാനം കിഴിവിൽ ലിസ്റ്റ് ചെയ്തു.
നിക്ഷേപകർക്ക് 700 രൂപയുടെ നേട്ടം നൽകികൊണ്ട് ലിസ്റ്റ് ചെയ്ത ടാറ്റ ടെക് ഓഹരികൾ ഇവയിൽ മികച്ചത്. ഇഷ്യൂ വിലയായ 500 രൂപയിൽ നിന്നും 140 ശതമാനം പ്രീമിയത്തിൽ 1200 രൂപയിലായിരുന്നു ലിസ്റ്റിംഗ്. ലിസ്റ്റിംഗ് ദിവസം വ്യാപാരവസാനം ഓഹരികൾ ഇഷ്യൂ വിലയേക്കാളും 162.85 ഉയർന്ന് 1314 .25 രൂപയിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച്ച ഓഹരികൾ 7.97 ശതമാനം താഴ്ന്ന 1216 രൂപയിൽ ക്ലോസ് ചെയ്തു.
ഐആർഇഡിഎ ഓഹരികളാണ് മികച്ച നേട്ടം നൽകിയ മറ്റൊരു ലിസ്റ്റിംഗ്. ഓഹരികൾ ഇഷ്യൂ വിലയായി 32 രൂപയിൽ നിന്നും 56 ശതമാനം പ്രീമിയത്തോടെ 50 രൂപക്കായിരുന്നു ലിസ്റ്റ് ചെയ്തത്. വാരത്തിലെ അവസാന ദിവസം ഓഹരികൾ ലിസ്റ്റിംഗ് വിലയിൽ നിന്നും 96 ശതമാനം ഉയർന്ന് 62.75 രൂപയിലാണ് കൈമാറ്റം നടത്തിലായത്.
ഗന്ധർ ഓയിൽ ഓഹരികൾ ലിസ്റ്റ് ചെയ്തത് ഇഷ്യൂ വിലയിൽ നിന്നും 76 ശതമാനം പ്രീമിയതോടെയാണ്. ഓഹരികൾ ഇഷ്യൂ വിലയായ 169 രൂപയിൽ നിന്നും 137 രൂപ ഉയർന്ന് 298 രൂപയിലാണ് ലിസ്റ്റിംഗ് നടത്തിയത്.
പ്രധാന ബോർഡിൽ ലിസ്റ്റ് ചെയ്ത മറ്റു കമ്പനികളുടെ പ്രകടനം താഴെ കൊടുത്തിരിക്കുന്നു :
എസ്എംഇ ബോർഡിൽ ലിസ്റ്റ് ചെയ്ത ഓഹരികൾ
പതിനാറ് ഓഹരികളാണ് എൻഎസ്ഇ എമെർജ്, ബിഎസ്ഇ എസ്എംഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തത്. ഇതിൽ ബാബ ഫുഡ്സും, സൺറസ്റ്റ് ലൈഫ്സ്കാനും മാറ്റങ്ങളില്ലാതെ യഥാക്രമം 76 രൂപയിലും 84 രൂപയിലും ലിസ്റ്റിംഗ് നടത്തി. വൃന്ദാവൻ, മൈക്രോ പ്രൊ ഓഹരികൾ ഇടിവിലാണ് ലിസ്റ്റ് ചെയ്തത്.
ഇതിൽ നിക്ഷേപകർക്ക് ഉയന്ന നേട്ടം നൽകിയത് 114 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്ത റോക്കിങ് ഡീൽസ് ഓഹരികളാണ്. ഇഷ്യൂ വില 140 രൂപ. ലിസ്റ്റിംഗ് വില 300 രൂപ. മികച്ച നേട്ടം നൽകിയ മറ്റൊരു ഓഹരി പാരഗൺ കെമിക്കൽസ് ഓഹരികളാണ്. ഓഹരികൾ ഇഷ്യൂ വിലയായ 100 രൂപയിൽ നിന്നും 125 ശതമാനം പ്രീമിയത്തോടെ 225 രൂപയിലാണ് ലിസ്റ്റ് ചെയ്തത്.
മറ്റു ഓഹരികളായ എസ്എ ആർ ടെക്, കല്യാണി കഷ്ട്, റോക്സ് ടെക്, മൈത്രേയ എന്നിവയും നിക്ഷേപകർക്ക് മികച്ച നേട്ടമാണ് നൽകിയത്.
എസ്എംഇ ബോർഡിൽ ലിസ്റ്റ് ചെയ്ത മറ്റു കമ്പനികളുടെ പ്രകടനം ചുവടെ :