1 April 2024 8:59 AM GMT
Summary
- മലയാള സിനിമയില്‍ നിന്ന് നിരവധി പേരാണു കേരള നിയമസഭയിലെത്തിയിട്ടുള്ളത്
- സിനിമാ മേഖലയ്ക്കു പുറമെ കായിക രംഗത്തുള്ളവരും ഇപ്രാവിശ്യം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്
- ഇന്നസെന്റ് മാത്രമാണ് ലോക്‌സഭയില്‍ മത്സരിച്ച് ജയിച്ച ഒരേയൊരു മലയാള സിനിമാ താരം
രാജ്യം പോരാട്ടച്ചൂടിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കുന്നത് ഏപ്രില്‍ 19-നാണ്. കേരളത്തില്‍ രണ്ടാം ഘട്ടം നടക്കുന്ന ഏപ്രില്‍ 26 നാണ് തിരഞ്ഞെടുപ്പ്.
ഇപ്രാവിശ്യം തിരഞ്ഞെടുപ്പിന് താര പരിവേഷം നല്‍കി കൂടുതല്‍ സിനിമാ താരങ്ങളും കായിക താരങ്ങളും രംഗത്തു വന്നിട്ടുണ്ടെന്നതാണ് ഒരു പ്രത്യേകത.
സമീപവര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന സിനിമ താരങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടാകുന്നത്.
അഖിലേന്ത്യാതലത്തില്‍ പറയുകയാണെങ്കില്‍ ബോളിവുഡ് താരം കങ്കണ റണൗട്ട്, ഹേമ മാലിനി, അരുണ്‍ ഗോവില്‍ (രാമായണം സീരിയലിലെ രാമന്‍ കഥാപാത്രം), ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങിയവര്‍ ഇപ്രാവിശ്യം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോരാട്ടത്തിനിറങ്ങുന്നുണ്ട്. കേരളത്തില്‍ നിന്ന് മൂന്ന് സിനിമാ താരങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ്. രണ്ട് താരങ്ങള്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കു വേണ്ടിയും ഒരാള്‍ സിപിഎം നയിക്കുന്ന എല്‍ഡിഎഫിനു വേണ്ടിയുമാണ് പോരാട്ടത്തിനിറങ്ങുന്നത്.
തൃശൂരില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത് സൂപ്പര്‍ താരം സുരേഷ് ഗോപിയാണ്. കൊല്ലത്ത് സിപിഎം കളത്തിലിറക്കിയിരിക്കുന്നത് സിനിമാ താരം മുകേഷിനെയാണ്. ഇപ്പോള്‍ കൊല്ലം സിറ്റിംഗ് എംഎല്‍എ കൂടിയാണ് മുകേഷ്. ഇവിടെ ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത് സിനിമാ താരം ജി. കൃഷ്ണകുമാറിനെയുമാണ്.
മലയാള സിനിമാ രംഗത്തുനിന്നും നിയമസഭയിലേക്ക് നിരവധി താരങ്ങള്‍ മത്സരിക്കുകയും ജയിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചവര്‍ വളരെ കുറവാണ്.
2014-ല്‍ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഇന്നസെന്റ് മാത്രമാണ് ലോക്‌സഭയില്‍ മത്സരിച്ച് ജയിച്ച ഒരേയൊരു മലയാള സിനിമാ താരം. വര്‍ഷങ്ങള്‍ക്കു മുന്‍പ് സിനിമാ നടന്‍ മുരളി 1999-ല്‍ ആലപ്പുഴയില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ടെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥിയായ വി.എം. സുധീരനുമായി പരാജയപ്പെട്ടു. അന്ന് മുരളിയുടെ പേര് പോരാട്ടത്തിന് നിര്‍ദേശിച്ചത് വി.എസ്. അച്യുതാനന്ദനായിരുന്നു.
ലാല്‍ സലാം എന്ന മലയാളത്തിലെ ഹിറ്റ് സിനിമയില്‍ മുന്‍ മന്ത്രിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ ടി.വി. തോമസിനെ അനുസ്മരിപ്പിക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള നടനാണ് മുരളി. ചിത്രത്തില്‍ ടി.കെ. ആന്റണി എന്നായിരുന്നു മുരളിയുടെ കഥാപാത്രത്തിന്റെ പേര്.
മലയാള സിനിമയില്‍ നിന്ന് നിരവധി പേരാണു കേരള നിയമസഭയിലെത്തിയിട്ടുള്ളത്. ഗണേഷ് കുമാര്‍, മുകേഷ്, മാണി സി. കാപ്പന്‍, മഞ്ഞളാംകുഴി അലി, രാമു കാര്യാട്ട് തുടങ്ങിയവരാണ് നിയമസഭയിലേക്ക് എത്തിയ സിനിമാ രംഗത്തുള്ളവര്‍.
സിനിമാ മേഖലയ്ക്കു പുറമെ കായിക രംഗത്തുള്ളവരും ഇപ്രാവിശ്യം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ അംഗം യൂസഫ് പഠാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പശ്ചിമ ബംഗാളിലെ ബഹ് രാം പുര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നു.
മഥുരയില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഹേമമാലിനിക്ക് എതിരേ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് ബോക്‌സര്‍ വിജേന്ദര്‍ സിംഗിനെയാണ്. ടെന്നിസ് താരം സാനിയ മിര്‍സയെ ഹൈദരാബാദില്‍ നിന്നും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നതായും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.