12 Oct 2023 11:23 AM GMT
Summary
2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 259,333 വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, വിദേശ വിപണിയിലേക്കുള്ള അതിന്റെ യാത്രയുടെ വേഗം കൂട്ടുന്നു. ,നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വാഹന കയറ്റുമതി റെക്കോഡ് ഉയരത്തിലെത്തിക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. കൂടാതെ, ഈ ദശകത്തിന്റെ അവസാനത്തോടെ കമ്പനിയുടെ കയറ്റുമതി വില്‍പ്പന മൂന്നിരട്ടിയാക്കുക എന്ന ഉദ്ദേശവും കമ്പനിക്കു ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയെ ആഗോള ഓട്ടോമൊബൈല്‍ ഹബ്ബാക്കി മാറ്റുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നത് കൂടിയാണ് കമ്പനിയുടെ ഈ തീരുമാനം.
കയറ്റുമതി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിനൊപ്പം ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ക്കു പുറമേ ഇതര ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹന പോര്‍ട്ട്‌ഫോളിയോ വിശാലമാക്കുക എന്ന ലക്ഷ്യം കൂടി കമ്പനിക്കുണ്ട്. അതിനായി കമ്പനി അതിന്റെ കയറ്റുമതി വിഭാഗത്തില്‍ ഹൈബ്രിഡ് അല്ലെങ്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന പാസഞ്ചര്‍ വാഹനങ്ങളില്‍ 40 ശതമാനവും മാരുതി സുസുക്കിയില്‍ നിന്നാണ്. കമ്പനി നൂറിലധികം രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. എങ്കിലും കമ്പനിയുടെ പ്രധാന വിപണികള്‍ ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, പശ്ചിമേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവയാണ്.
നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തിനുള്ളില് 1,32,542 വാഹനങ്ങളാണ് മാരുതി കയറ്റുമതി ചെയ്തത്. ദക്ഷിണ കൊറിയന്‍ കമ്പനികളായ ഹ്യുണ്ടായിയും കിയയുമാണ് പ്രധാന എതിരാളികള്‍. ഇരു കമ്പനികളും ഇതേ കാലയളവില്‍ 130,652 യൂണിറ്റുകള്‍ കയറ്റി അയച്ചിട്ടുണ്ട്. ആഫ്രിക്ക, സൗദി അറേബ്യ, ചിലി, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നിവയാണ് മാരുതി സുസുക്കിയുടെ ആദ്യ അഞ്ച് കയറ്റുമതി ലക്ഷ്യസ്ഥാനങ്ങള്‍.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 259,333 യൂണിറ്റ് വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. ഇത് കമ്പനിയുടെ് എക്കാലത്തെയും മികച്ച കയറ്റുമതി നേട്ടവുമായിരുന്നു. 2030 ഓടെ കയറ്റുമതി 750,000-800,000 യൂണിറ്റായി ഉയര്‍ത്താനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.
ആഭ്യന്തര കാര്‍ വിപണിയിലെയും മുന്‍നിരക്കാരാണ് മാരുതി സുസുക്കി. ആഗോളതലത്തില്‍ വാഹനങ്ങളുടെയും, വാഹന ഭാഗങ്ങളുടെയും കയറ്റുമതി വര്‍ധിപ്പിക്കുന്നതിലൂടെ ആഗോള സാന്നിധ്യവും ശക്തിപ്പെടും. ഇത് ഇന്ത്യയുടെ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കയറ്റുമതിയില്‍ വലിയ കുതിച്ചുചാട്ടമാണുണ്ടായത്. ഈ വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കമ്പനിയെന്നാണ് മാരുതി സുസുക്കി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ രാഹുല്‍ ഭാരതിയുടെ അഭിപ്രായം. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും കയറ്റുമതി അവസരങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും ഭാരതി പറയുന്നു.