15 Dec 2023 2:03 PM GMT
Summary
- ഇലക്ട്രോണിക് ഫ്യൂസുകള്‍ക്കായി പത്ത് വര്‍ഷത്തെ കരാര്‍
- കരാര്‍ ഒന്നരലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും
- ഇലക്ട്രോണിക് ഫ്യൂസ് ആര്‍ട്ടിലറി തോക്കുകളുടെ അവിഭാജ്യ ഘടകം
പത്ത് വര്‍ഷ കാലയളവിലേക്ക്് ഇന്ത്യന്‍ സൈന്യത്തിന് ഇലക്ട്രോണിക് ഫ്യൂസുകള്‍ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം പൂനെയിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡുമായി (ബിഇഎല്‍) കരാറിലെത്തി. മൊത്തം 5,336.25 കോടി രൂപയുടേതാണ് കരാര്‍. ഇതോടെ
ബിഇഎല്‍ ഓഹരികള്‍ 3.26 ശതമാനം കുതിച്ചു. ഓര്‍ഡര്‍ നേടിയതിനുശേഷം 169.35 രൂപയാണ് ബെല്ലിന്റെ ഓഹരിവില.
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായാണ് കരാര്‍. ഒരു ഇലക്ട്രോണിക് ഫ്യൂസ് ഇടത്തരം മുതല്‍ ഹെവി കാലിബര്‍ ആര്‍ട്ടിലറി തോക്കുകളുടെ അവിഭാജ്യ ഘടകമാണ്. വടക്കന്‍ അതിര്‍ത്തികളിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള ഭൂപ്രദേശങ്ങളില്‍ മാരകമായ ഇടപെടല്‍ നടത്താന്‍ ശേഷിയുള്ള പീരങ്കി തോക്കുകളില്‍ ഉപയോഗിക്കാനാണ് ഫ്യൂസുകള്‍ വാങ്ങുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
ഈ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനും നിര്‍ണായക സാങ്കേതികവിദ്യകള്‍ നേടുന്നതിനുമാണ് കരാര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇലക്ട്രോണിക് ഫ്യൂസുകള്‍ ബെല്‍ അതിന്റെ പൂനെയിലും വരാനിരിക്കുന്ന നാഗ്പൂര്‍ പ്ലാന്റിലും നിര്‍മ്മിക്കും. പദ്ധതി ഒന്നര ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. കൂടാതെ ഈ മേഖലയുമായി ബന്ധപ്പെട്ട എംഎസ്എംഇ ഉള്‍പ്പെടെയുള്ള വ്യവസായങ്ങളുടെ പങ്കാളിത്തം പദ്ധതി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.