18 July 2022 2:04 AM GMT
Summary
ഡെല്‍ഹി: 25 കിലോയില്‍ താഴെയുള്ള ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, മൈദ തുടങ്ങിയ ബ്രാന്‍ഡഡ് അല്ലാത്ത പാക്കറ്റുകൾക്ക് 5 ശതമാനം ജിഎസ്ടി ഉണ്ടാവും. കേന്ദ്ര ധനമന്ത്രാലത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് വിഭാഗമാണ് ഇത് സംബന്ധിച്ച് ഇന്നലെ വൈകിട്ട് വിശദീകരണമിറക്കിയത്. അരി ഉള്‍പ്പെടെയുള്ള ധാന്യവര്‍ഗങ്ങളുടെ വില്‍പനയ്ക്ക് ജിഎസ്ടി ചുമത്താനുള്ള തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന അറിയിപ്പിന് പിന്നാലെ ഇതില്‍ വ്യക്തത ആവശ്യപ്പെട്ട് രാജ്യമാകെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ധനമന്ത്രാലയം വിശദീകരണം […]
ഡെല്‍ഹി: 25 കിലോയില്‍ താഴെയുള്ള ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, മൈദ തുടങ്ങിയ ബ്രാന്‍ഡഡ് അല്ലാത്ത പാക്കറ്റുകൾക്ക് 5 ശതമാനം ജിഎസ്ടി ഉണ്ടാവും.
കേന്ദ്ര ധനമന്ത്രാലത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് വിഭാഗമാണ് ഇത് സംബന്ധിച്ച് ഇന്നലെ വൈകിട്ട് വിശദീകരണമിറക്കിയത്.
അരി ഉള്‍പ്പെടെയുള്ള ധാന്യവര്‍ഗങ്ങളുടെ വില്‍പനയ്ക്ക് ജിഎസ്ടി ചുമത്താനുള്ള തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന അറിയിപ്പിന് പിന്നാലെ ഇതില്‍ വ്യക്തത ആവശ്യപ്പെട്ട് രാജ്യമാകെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെയാണ് കേന്ദ്ര ധനമന്ത്രാലയം വിശദീകരണം നല്‍കിയിരിക്കുന്നത്. 25 കിലോഗ്രാമോ അതില്‍ താഴെയോ അളവില്‍ പായ്ക്ക് ചെയ്ത് ലേബല്‍ പതിച്ചു വില്‍ക്കുന്ന ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കുമാകും ഇന്നു മുതല്‍ നികുതി ബാധകമാകുക.
ഇന്നലെ വരെ ബ്രാന്‍ഡ് ചെയ്തു വില്‍ക്കുന്ന ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും മാത്രമായിരുന്നു നികുതി ചുമത്തിയിരുന്നത്. കഴിഞ്ഞ 28നും 29നും ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനം അനുസരിച്ച് ലേബല്‍ പതിച്ചതും പായ്ക്ക് ചെയ്തതുമായ 25 കിലോഗ്രാമില്‍ താഴെ തൂക്കമുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കുമാണ് നികുതി ഏര്‍പ്പെടുത്തേണ്ടിയിരുന്നത്. പിന്നീട് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോള്‍ 25 കിലോഗ്രാമെന്ന പരിധി സര്‍ക്കാര്‍ എടുത്തു കളഞ്ഞു.
ഇതോടെ മില്ലുകളില്‍ നിന്നു 50 കിലോ ചാക്കുകളില്‍ പായ്ക്ക് ചെയ്ത് ലേബല്‍ പതിച്ച് മൊത്തക്കച്ചവടക്കാര്‍ക്ക് എത്തിക്കുന്ന അരിക്കും നികുതി ചുമത്തേണ്ട അവസ്ഥ വന്നു. ഈ അരി കടകളില്‍ ചില്ലറയായി വില്‍ക്കുമ്പോഴും വിലയേറും. ഇതിനെതിരെ മില്ലുടമകളും മൊത്ത കച്ചവടക്കാരും രംഗത്തെത്തി. സംസ്ഥാനങ്ങളും ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനോടു വ്യക്തത തേടിയിരുന്നു.
5 ശതമാനം ജിഎസ്ടി നിലവില്‍ വരുന്നാല്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടേണ്ടി വരുമെന്ന് മില്‍മ അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മോര്, തൈര്, ലെസ്സി എന്നിവയുടെ വില കൂട്ടേണ്ടി വരുമെന്നാണ് അറിയിപ്പ്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.