image

5 Nov 2023 5:59 AM GMT

Stock Market Updates

വീണ്ടെടുപ്പ് നിലനില്‍ക്കുമോ? പുതിയ വാരത്തില്‍ വിപണികളെ കാത്തിരിക്കുന്നത്

MyFin Desk

awaiting the markets in the new week
X

Summary

  • ക്രൂഡ് വില വീണ്ടും ഇടിയുന്നതിന് സാധ്യതയെന്ന് വിലയിരുത്തല്‍
  • എഫ്‍ഐഐകള്‍ വാങ്ങലിലേക്ക് തിരികെയെത്താന്‍ സാധ്യത
  • വരുമാന പ്രഖ്യാപന സീസണ്‍ അവസാനത്തിലേക്ക്


കഴിഞ്ഞ വാരത്തിന്‍റെ തുടക്കത്തില്‍ ജാഗ്രതയോടെയുള്ള സമീപനമാണ ് നിക്ഷേപകരില്‍ കണ്ടത്, എങ്കിലും അവസാന ദിനങ്ങളില്‍ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വീണ്ടെടുപ്പ് പ്രകടമാക്കി. അടിസ്ഥാന പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ഫെഡ് റിസര്‍വ് തീരുമാനിച്ചതിന്‍റെയും നിലവിലെ നിരക്ക് വര്‍ധനയുടെ ചക്രം അവസാനത്തില്‍ എത്തിയെന്ന പ്രതീക്ഷകള്‍ ശക്തമായതിന്‍റെയും പശ്ചാത്തലത്തില്‍ ആണിത്.

പശ്ചിമേഷ്യയിലെ യുദ്ധം സംബന്ധിച്ച ആശങ്കകള്‍ വിപണികളില്‍ കുറഞ്ഞിട്ടുണ്ട്. മികച്ച വരുമാന പ്രഖ്യാപനങ്ങളും നിക്ഷേപകരുടെ മൂഡ് മെച്ചപ്പെടുത്തി. തുടര്‍ച്ചയായ രണ്ട് ആഴ്ചകളിലെ ഇടിവിന് ശേഷം ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകള്‍ 1 ശതമാനത്തോളം വര്‍ധനയാണ് കഴിഞ്ഞ വാരത്തില്‍ പ്രകടമാക്കിയത്. സെൻസെക്‌സ് 0.91 ശതമാനം ഉയർന്ന് 64,363.78ലും നിഫ്റ്റി 0.96 ശതമാനം ഉയർന്ന് നവംബർ 3ന് 19,230.60ലും എത്തി.

ഒക്‌ടോബർ 19-ന് 5 ശതമാനത്തിലെത്തിയ ശേഷം, 10 വർഷ യുഎസ് ബോണ്ടുകളിലെ ആദായം കുറയാൻ തുടങ്ങി, നവംബർ 3-ന് ആദായം 4.66 ശതമാനമായി കുത്തനെ കുറഞ്ഞു. ഇത് ആഗോള തലത്തില്‍ വിപണികളില്‍ പോസിറ്റിവായി പ്രതിഫലിക്കുന്നുണ്ട്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ കഴിഞ്ഞ വാരത്തില്‍ 2 ശതമാനം വർധിച്ചപ്പോൾ ലാർജ്ക്യാപ് സൂചിക 1.2 ശതമാനം ഉയർന്നു. മേഖലകളില്‍, റിയൽറ്റി 10.3 ശതമാവും മീഡിയ 4 ശതമാനം ഉയർന്ന് മികച്ച നേട്ടമുണ്ടാക്കി. ഓട്ടോ 0.7 ശതമാനം ഇടിവാണ് പ്രകടമാക്കിയത്.

വരുമാന സീസണ്‍ അവസാന ഘട്ടത്തിലേക്ക്

ഈ വീണ്ടെടുപ്പ് വരുന്ന വിപണി വാരത്തിലും തുടരുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. വരുമാന സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ദീപാവലിയുമായി ബന്ധപ്പെട്ട ശുഭ പ്രതീക്ഷകളും നിക്ഷേപകരെ ഈ വാരത്തില്‍ സ്വാധീനിച്ചേക്കാം.

2,400-ലധികം ലിസ്‌റ്റഡ് കമ്പനികൾ നവംബർ 6-12 കാലയളവിൽ തങ്ങളുടെ രണ്ടാം പാദ വരുമാനം പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. ഡിവിസ് ലബോറട്ടറീസ്, പവർ ഗ്രിഡ് കോർപ്പറേഷൻ, അദാനി പോർട്ട്‌സ്, കോൾ ഇന്ത്യ, ഐഷർ മോട്ടോഴ്‌സ്, ഹിൻഡാൽകോ ഇൻഡസ്‌ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഒഎൻജിസി തുടങ്ങിയവ നിഫ്റ്റി 50 പ്രമുഖരും ഇതില്‍ ഉള്‍പ്പെടുന്നു.

ടാറ്റ പവർ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, നൈകാ, ലുപിൻ, അരബിന്ദോ ഫാർമ, ബോഷ്, ശ്രീ സിമന്റ്, സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ്, ബയോകോൺ, ഭാരത് ഫോർജ്, ഇമാമി, ഗ്രാൻഡ് ഫാർമ, ശോഭ, വരുൺ ബിവറേജസ്, ആൽകെം ലബോറട്ടറീസ്, അലംബിക് ഫാർമ, അപ്പോളോ ടൈറസ് കമ്മിൻസ് ഇന്ത്യ, ഐഡിയഫോർജ് ടെക്‌നോളജി,ഐആര്‍സിടിസി, സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ സർവീസസ്, സൈഡസ് ലൈഫ് സയൻസസ്, ബാറ്റ ഇന്ത്യ, നസാര ടെക്നോളജീസ്, ഓയിൽ ഇന്ത്യ, പവർ ഫിനാൻസ് കോർപ്പറേഷൻ, സംഹി ഹോട്ടൽസ്, യുണൈറ്റഡ് സ്‍പിരിറ്റ്സ്, എബിബി ഇന്ത്യ, അശോക് ലെയ്‌ലാൻഡ്, ഗ്ലെൻമാർക്ക് ഫാർമ, ഹിന്ദുസ്ഥാൻ എയറോൺ എന്നിവയുടെ പാദഫലങ്ങളും ഈയാഴ്ച പുറത്തുവരും

മികച്ച കണക്കുകളുമായി ബാങ്കിംഗും ഓട്ടോയും

ഇതുവരെയുള്ള വരുമാന പ്രഖ്യാപനങ്ങള്‍ ഏറക്കുറേ പ്രതീക്ഷകൾക്ക് അനുസൃതമായിരുന്നുവെന്ന് വിശകലന വിദഗ്ധർ വിശ്വസിക്കുന്നു.

"നിഫ്റ്റി50 സൂചികയിൽ പ്രധാന സംഭാവനയുള്ള ബാങ്കുകൾ ശക്തമായ ആസ്തി നിലവാരവും നല്ല മാർജിനുകളും രേഖപ്പെടുത്തി. ഐടി മേഖല ദുർബലമായ ഫലങ്ങൾ രേഖപ്പെടുത്തി. ഡിമാൻഡ് മാന്ദ്യം കാരണം ഉപഭോക്തൃ വിഭാഗത്തിന്‍റെ പ്രകടനവും മെച്ചപ്പെട്ടതല്ല. മെച്ചപ്പെട്ട മാർജിനുകൾ കാരണം ഓട്ടോ മേഖലയിലെ കമ്പനികളുടെ കണക്ക് പ്രതീക്ഷിച്ചതിനും മുകളിലാണ്," . മാസ്റ്റർ ക്യാപിറ്റൽ സർവീസസ് സീനിയർ വൈസ് പ്രസിഡന്റ് അരവിന്ദർ സിംഗ് നന്ദ പറഞ്ഞു.

ആഭ്യന്തര ഡാറ്റകളുടെ വരവ്

സെപ്റ്റംബർ മാസത്തെ വ്യാവസായിക ഉൽപ്പാദന കണക്കുകള്‍ നവംബർ 10-ന് പ്രഖ്യാപിക്കും, നവംബർ 3-ന് അവസാനിച്ച ആഴ്‌ചയിലെ വിദേശനാണ്യ കരുതൽ ശേഖരവും അന്ന് വൈകുന്നേരം പുറത്തുവിടും.

ഓഗസ്റ്റിൽ, വ്യാവസായിക ഉൽപ്പാദനം 10.3 ശതമാനം വർദ്ധിച്ചു, 14 മാസത്തെ ഏറ്റവും ഉയർന്ന വളർച്ചയായിരുന്നു അത്. ജൂലൈയില്‍ 6.0 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. ഒക്ടോബർ 27 ന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ കരുതൽ ശേഖരം മുന്‍ ആഴ്ചയെ അപേക്ഷിച്ച് 2.58 ബില്യൺ ഡോളർ വർധിച്ച് 586.11 ബില്യൺ ഡോളറായി.

ആഗോള സൂചനകള്‍

യുഎസ് ഫെഡ് റിസര്‍വ് അംഗങ്ങള്‍ വരുന്ന ആഴ്‌ചയിലുടനീളം വിവിധ സെഷനുകളിൽ സംസാരിക്കുന്നുണ്ട്. ജാക്വസ് പോളക് വാർഷിക സമ്മേളനത്തിൽ ഫെഡ് ചെയർ ജെറോം പവല്‍ നവംബര്‍ 9ന് നടത്തുന്ന പ്രസംഗം നിക്ഷേപകർ ശ്രദ്ധയോടെ നിരീക്ഷിക്കും.

പശ്ചിമേഷ്യയിലെ യുദ്ധം എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്കകൾക്ക് അയവ് വന്നതിനാൽ, പോയവാരത്തിലെ അവസാന വ്യാപാര ദിനത്തിൽ എണ്ണ വില 2 ശതമാനത്തിലധികം താഴ്ന്നു. ബ്രെന്റ്, ഡബ്ല്യുടിഐ ക്രൂഡ് ബെഞ്ച്മാർക്കുകൾ ആഴ്ചയിൽ മൊത്തമായി 6 ശതമാനത്തിലധികം ഇടിഞ്ഞു. വരുന്ന സെഷനുകളിലും ക്രൂഡ് ഓയിൽ വില കുറയുമെന്നും ഡബ്ല്യുടിഐ ഡിസംബറിൽ ബാരലിന് 80-85 എന്ന പരിധിയിൽ വ്യാപാരം നടത്താൻ സാധ്യതയുണ്ടെന്നുമാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വിൽപ്പന പ്രവണത നവംബർ ആദ്യത്തിലും തുടർന്നു. നവംബറിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ, എഫ്‌ഐഐകൾ ക്യാഷ് മാർക്കറ്റ് വഴി 3,063 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് ഇക്വിറ്റികളില്‍ നടത്തിയത്.

യുഎസ് ബോണ്ട് ആദായം താഴോട്ടിറങ്ങിയതിനാല്‍ എഫ്‍ഐഐകളുടെ വില്‍പ്പന തുടരാന്‍ സാധ്യത കുറവാണെന്ന് വിദഗ്ധര്‍ പറയുന്നു.